Quantcast

പാരമ്പര്യവും കരുത്തുമായി എഫ്‍സി കേരള ഇന്നിങ്ങും

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 11:31 AM GMT

ഇന്ന് കെഎസ്‍ഇബിയുമായാണ് ടീമിന്റെ ആദ്യ മത്സരം.

കേരളത്തിലെ ആദ്യ ജനകീയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബായ എഫ്‍സി കേരള വലിയ പ്രതീക്ഷയോടെയാണ് കേരള പ്രീമിയര്‍ ലീഗില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ മുന്നേറ്റം ഇത്തവണ കിരീട നേട്ടത്തിലേക്കെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം. ഇന്ന് കെഎസ്‍ഇബിയുമായാണ് ടീമിന്റെ ആദ്യ മത്സരം.

പരിശീലകരും മുന്‍ താരങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ക്ലബ്. ആ ടീമിനെ വളര്‍ത്താന്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. കേരളത്തിലെ ഫുട്ബോളിന്റെ ജനകീയ മുഖമാണ് എഫ്‍സി കേരള. 2014 ലാണ് തൃശൂര്‍ ആസ്ഥാനമാക്കി ഈ പ്രൊഫഷണല്‍ ക്ലബ് ഉണ്ടാക്കുന്നത്. കേരളത്തില്‍ മുമ്പുണ്ടായിരുന്ന ക്ലബുകളെല്ലാം അകാലചരമം അടഞ്ഞതിന്റെ കാരണം പണത്തിന്റെ പ്രശ്നമാണെന്ന് മനസ്സിലാക്കിയ എഫ്‍സി കേരള വിദേശ ക്ലബുകളുടെ ശൈലിയില്‍ എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും അംഗങ്ങളാകുന്ന സമ്പദ് ഘടന വിഭാവനം ചെയ്തു. പരിശീലകരും മുന്‍ താരങ്ങളും മുന്നില്‍ നിന്നതോടെ രണ്ട് വര്‍ഷം കൊണ്ട് ടീം ശക്തമായി. എ ലൈസന്‍സുള്ള മൂന്ന് പരിശീലകര്‍ ടീമിന്റെ ഡയറക്ടര്‍മാരായുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 17 ടീം മുന്‍ പരിശീലകന്‍ വിഎ നാരായണ മേനോനാണ് പ്രധാന പരിശീലകന്‍. യൂണിവേഴ്സിറ്റി കളിക്കാരടക്കമുള്ള യുവനിരയെ ആണ് ടീം രംഗത്തിറക്കുന്നത്. മൂന്ന് നൈജീരിയന്‍ താരങ്ങളും ടീമിന്റെ ഭാഗമാണ്. ആറ് വര്‍ഷം ചര്‍ച്ചില്‍ ബ്രദേഴ്സിനായി ഐ ലീഗില്‍ ബൂട്ട് കെട്ടിയ ബിനീഷ് ബാലനാണ് ടീമിന്റെ നായകനും മുഖ്യതാരവും. 2016 ല്‍ സെമിയിലും 2015 ല്‍ ക്വാര്‍ട്ടറിലും എത്തിയ ടീം ഇത്തവണ കിരീടം നേടുമെന്നാണ് ആരാധകരുടെ വിശ്വാസം.

TAGS :

Next Story