ഉറുഗ്വെയുടെ സ്വന്തം ഗ്രൂപ്പ് എ
ഉറുഗ്വെയുടെ സ്വന്തം ഗ്രൂപ്പ് എ
റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം.
വലിയ അട്ടിമറികള്‍ക്ക് സാധ്യതയില്ലാത്തതാണ് ഈ ലോകകപ്പിലെ എ ഗ്രൂപ്പ്. ആതിഥേയരായ റഷ്യക്ക് പുറമെ സൌദി അറേബ്യയും ഉറുഗ്വെയും ഈജിപ്തുമടങ്ങുന്നതാണ് ഗ്രൂപ്പ്. റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഉറുഗ്വെക്ക് അനായാസം കയറിപ്പോകാവുന്ന ഗ്രൂപ്പ്. മുഹമ്മദ് സാലായുടെ ഈജിപ്തുള്ള ഗ്രൂപ്പ്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും താഴ്ന്ന റാങ്കിങുള്ള രണ്ട് ടീമുകളുടെ ഗ്രൂപ്പ്. ആതിഥേയരുടെ ഗ്രൂപ്പ്. ഒറ്റ നോട്ടത്തില്‍ എ ഗ്രൂപ്പിനെ ഇങ്ങനെ ചുരുക്കാം.
2008ന് ശേഷം ഒരു ടൂര്‍ണമെന്റിലും ഗ്രൂപ്പ് ഘട്ടം വിട്ട് പോകാത്തവരാണ് റഷ്യ. നിലവില്‍ ഫിഫ റാങ്കിങില്‍ അറുപത്തിയഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ലോകകപ്പാണ്. ആതിഥേയരാണ്. എല്ലാറ്റിനുമുപരി ഫുട്ബോളാണ്. ആ പ്രതീക്ഷയിലാണ് റഷ്യന്‍ ആരാധകര്‍. അകിന്‍ഫീവ് എന്ന നായകനിലാണ് പ്രതീക്ഷകളൊക്കെയും. 2004 മുതല്‍ റഷ്യയുടെ ഗോള്‍ പോസ്റ്റിന്റെ കാവലാളായി അകീന്‍ഫീവുണ്ട്. 106 മത്സരങ്ങളുടെ മത്സരപരിചയം അകിന്‍ഫീവിനെതിരെ ബോളുമായെത്തുന്നവര്‍ക്ക് വിലങ്ങ്തടിയാകും. മുന്‍ താരം കൂടിയായ ചെര്‍ച്ചസോവാണ് പരിശീലകന്‍.
ഗ്രൂപ്പിലെ കരുത്തര്‍ എന്ന് ഉറുഗ്വെയെ നിസംശയം പറയാം. യോഗ്യതാ റൌണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും നന്നായി കളിച്ചവര്‍ ഉറുഗ്വെ ആണ്. എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും. ഒരു ടീമില്‍ രണ്ട് ഗോളടി വീരന്‍മാരുള്ള ഒരേ ഒരു ടീം. പ്രായം കാലുകളെയും ശരീരത്തെയും ബാധിക്കാത്ത ഡീഗോ ഗോഡിന്‍ പിന്‍നിരയിലും മുസ്‌ലേര ഗോള്‍ പോസ്റ്റിലും നില്‍ക്കുമ്പോള്‍ ഗോള്‍ വഴങ്ങുന്നതിലും പിശുക്കുള്ള സംഘം. ഈജിപ്തെന്നാല്‍ മുഹമ്മദ് സാലയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഈജിപ്തിനെ ലോക വേദിയിലേക്ക് എത്തിച്ച താരം. പരിക്കിന്റെ പേടിയുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തിന് താന്‍ സജ്ജനായെന്ന് സാലാ പ്രഖ്യാപിച്ച് കഴിഞ്ഞു. ആഴ്സണല്‍ താരം എല്‍നെയ്നി കൂടി ചേരുന്നതോടെ ആക്രമണം ശക്തമാണ്. എന്നാല്‍ അധികമാരും പറയാത്ത, പുകഴ്ത്താത്ത ഒന്നാണ് ഈപ്തിന്റെ ശക്തി. പ്രതിരോധം. ശക്തമായ പ്രതിരോധമാണ് ഈജിപ്തിന്റെ ശക്തി.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സൌദി അറേബ്യ ലോകകപ്പിനിറങ്ങുന്നത്. ലോകകപ്പ് അടുത്ത് നില്‍ക്കെ കോച്ച് ബൌസയെ പുറത്താക്കിയിരിരുന്നു. പുതിയ കോച്ച് സ്ഥാനമേറ്റ ശേഷം സൌഹൃദ മത്സരങ്ങള്‍ മാത്രമാണ് സൌദി കളിച്ചത്. പക്ഷേ അവസാന സന്നാഹ മത്സരത്തില്‍ ജര്‍മനിയോട് പൊരുതി നിന്നത് സൌദിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സ്ട്രൈക്കര്‍ അല്‍ സഹ് ലാവിയുടെ കാലിന്റെ കരുത്തിലും സൌന്ദര്യത്തിലുമാണ് എല്ലാ പ്രതീക്ഷകളും.
Adjust Story Font
16