Quantcast

ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം

MediaOne Logo

rishad

  • Published:

    17 Jun 2018 5:20 AM GMT

ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
X

ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം

ഫുട്ബോള്‍ വസന്തത്തിന്‍റെ മുപ്പത് ദിനരാത്രങ്ങള്‍ക്ക് ഇതോടെ അരങ്ങുണരും

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും. ഫുട്ബോള്‍ വസന്തത്തിന്‍റെ മുപ്പത് ദിനരാത്രങ്ങള്‍ക്ക് ഇതോടെ അരങ്ങുണരും. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളും കിക്കോഫിന് മുന്നോടിയായി റഷ്യ അണിയിച്ചൊരുക്കുന്നുണ്ട്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ വിശ്വാസികളുടെ വലിയ പെരുന്നാളിന് ഇന്ന് തുടക്കമാണ്. നാല് കൊല്ലക്കാലത്തെ നോമ്പിന് ശേഷമുള്ള ഒരു മാസക്കാലത്തെ സന്തോഷപ്പെരുന്നാളാണ്. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30 ന് ആ പെരുന്നാളിന്റെ കിക്കോഫാണ്.

പച്ചപ്പുല്ല് വിരിച്ച അരങ്ങില്‍ വെള്ളനിറത്തിലുള്ള ടെല്‍സ്റ്റാര്‍ നൃത്തം പെരുന്നാളിലെ പ്രധാനകാഴ്ച്ചയാണ്. വിവിധ ദേശക്കാരായ മുപ്പത്തിരണ്ട് നൃത്ത സംഘങ്ങള്‍ മോസ്കോയിലെത്തി കാത്തിരിപ്പാണ്. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൌദി അറേബ്യയും തമ്മില്‍ ആദ്യ അങ്കമാണ്. മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനിയന്‍ റഫറി നെസ്റ്റര്‍ പിറ്റാനയാണ്
ഇറ്റലിക്കാരന്‍ മാസിമിലിയാനോ ഇരാറ്റി വീഡിയോ അസിസ്റ്റന്റ് റഫറിയാണ്.

വിടരാനിരിക്കുന്നത് ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും കിനിഞ്ഞിറങ്ങുന്ന മുപ്പത് ദിനരാത്രങ്ങളാണ്. ഉദ്ഘാടനച്ചടങ്ങുകള്‍ കേമമാക്കാന്‍ റഷ്യ വിസ്മയച്ചെപ്പൊരുക്കി കാത്തിരിപ്പാണ്. മുടങ്ങാതെ പെരുന്നാളിനെത്തുന്ന ബ്രസീലിലും അര്‍ജന്റീനയിലും ഇടക്കിടെ വന്നുപോകുന്ന സെനഗലിലും സെര്‍ബിയയിലും പിന്നെ ലോകകപ്പ് കാണാക്കിനാവായ ഇന്ത്യയിലെ നൈനാംവളപ്പില്‍ വരെയും ആ പെരുന്നാളിന് ഒരേ നിറമാണ്, ഒരേ ഭാവമാണ്.

TAGS :

Next Story