Quantcast

ഈജിപ്തിന്‍റെ നെഞ്ച് തുളച്ച് ഉറുഗ്വേ

MediaOne Logo

Alwyn K Jose

  • Published:

    18 Jun 2018 4:05 AM GMT

ഈജിപ്തിന്‍റെ നെഞ്ച് തുളച്ച് ഉറുഗ്വേ
X

ഈജിപ്തിന്‍റെ നെഞ്ച് തുളച്ച് ഉറുഗ്വേ

സമനിലയിലേക്ക് നീളുമെന്ന് തോന്നിച്ച മത്സരത്തില്‍ 89 ാം മിനിറ്റില്‍ ഉറുഗ്വേയുടെ ഗിമെന്‍സ് നേടിയ മിന്നും ഗോള്‍ ഈജിപ്തിന്‍റെ തലയില്‍ വീണ ഇടിത്തീയായി.

ലോകകപ്പ് ഗ്രൂപ്പ് എ യിലെ പോരാട്ടത്തില്‍ ഈജിപ്തിന്‍റെ നെഞ്ച് തുളച്ച് ഉറുഗ്വേ. സമനിലയിലേക്ക് നീളുമെന്ന് തോന്നിച്ച മത്സരത്തില്‍ 89 ാം മിനിറ്റില്‍ ഉറുഗ്വേയുടെ ഗിമെന്‍സ് നേടിയ മിന്നും ഗോള്‍ ഈജിപ്തിന്‍റെ തലയില്‍ വീണ ഇടിത്തീയായി. ശേഷം പ്രതിരോധത്തിലൂന്നിയ ഉറുഗ്വേയോട് സമനില ഗോള്‍ പിടിച്ചുവാങ്ങാനും മിസ്റിലെ പടക്കുതിരകള്‍ക്കായില്ല. ഇതോടെ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ മികവില്‍ ഉറുഗ്വേ ആദ്യജയം സ്വന്തമാക്കി.

സൂപ്പര്‍ താരം മുഹമ്മദ് സലായെ അവസാന നിമിഷം വരെ കളത്തില്‍ പ്രതീക്ഷിച്ച ഈജിപ്ഷ്യന്‍ ആരാധകരെ നിരാശരാക്കിയാണ് ഉറുഗ്വേ കളിയുടെ കടിഞ്ഞാണ്‍ പിടിച്ചത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങള്‍ വരെയും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയായിരുന്നു ഉറുഗ്വേ. ലക്ഷ്യബോധമില്ലാത്ത മുന്നേറ്റങ്ങള്‍ ആക്രമണത്തിന്‍റെ മുനയൊടിച്ചു. അലസമായ പാസുകളും ബൂട്ടില്‍ പന്തിനെ കുരുക്കിയിടാനുള്ള വിഫലശ്രമങ്ങളും സുവര്‍ണാവസരങ്ങള്‍ പോലും തുലച്ചുകളഞ്ഞതുമൊക്കെ ഉറുഗ്വേയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. ഈജിപ്ത് ഉയര്‍ത്തിയ പ്രതിരോധത്തിന്‍റെ മതില്‍കെട്ട് കൂടിയായതോടെ ഉറുഗ്വേയുടെ ശ്രമങ്ങളൊക്കെ പരാജയമായി. ഒടുവില്‍ ഉറുഗ്വേയുടെ പ്രതിരോധത്തില്‍ നിന്ന് തന്നെ ആ വജ്രായുധം വരേണ്ടി വന്നു. ജോസ് ഗിമന്‍സ്. തകർപ്പൻ ഹെഡ്ഡറിലുടെയായിരുന്ന ഗിമന്‍സിന്‍റെ ഗോൾ.

എഡിസന്‍ കവാനിയും സുവാരസും അടങ്ങിയ ഉറുഗ്വേ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ സലായില്ലാതെ ഇറങ്ങിയ ഈജിപ്ഷ്യന്‍ പടയാളികള്‍ക്ക് 89 ാം മിനിറ്റ് വരെ കഴിഞ്ഞു. പ്രതിരോധം ചൈനീസ് വന്‍മതില്‍ പോലെ ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഉറുഗ്വേയുടെ ഗോള്‍മുഖത്ത് ശക്തിപരീക്ഷണം നടത്താന്‍ സലാ അവര്‍ക്കൊപ്പമില്ലാതെ പോയി. ആദ്യ മിനിറ്റുകളില്‍ തന്നെ സുവാരസിന്‍റെ ആക്രമണത്തിന് ഓഫ് സൈഡ് കോള്‍ വന്നതുകൊണ്ട് ഈജിപ്ത് കഷ്ടിച്ച് രക്ഷപെട്ടു. 22 ാം മിനിറ്റില്‍ സുവാരസില്‍ നിന്ന് ഒരു ഇടിമിന്നല്‍ ഷോട്ട്. പക്ഷേ പന്ത് പുറത്തേക്ക് പറന്നു. പിന്നീടങ്ങോട്ട് കാര്യമായ മുന്നേറ്റങ്ങള്‍ ഇരുടീമുകളുടെ ഭാഗത്തു നിന്നുമുണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സുവാരസിന് മുന്നില്‍ ഈജിപ്ഷ്യന്‍ ഗോള്‍മുഖം തുറന്നെങ്കിലും അവസരം മുതലാക്കാനായില്ല. ആദ്യ പകുതി പോലെ തന്നെ രണ്ടാം പകുതിയിലും പ്രതിരോധം തന്നെയായിരുന്നു ഈജിപ്തിന്‍റെ ആയുധം. 72 ാം മിനിറ്റില്‍ സുവാരസിന്‍റെ അമിതാത്മവിശ്വാസം ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ എല്‍ഷനാവി നിസാരമായാണ് തകര്‍ത്തുകളഞ്ഞത്. ഗോളെന്നുറച്ച മുന്നേറ്റം, ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍, ഗോളിയെ കബളിപ്പിക്കാന്‍ നില്‍ക്കാതെ പെനാല്‍റ്റി ബോക്സില്‍ നിന്ന് ഷോട്ട് ഉതിര്‍ത്തിരുന്നെങ്കില്‍ സുവാരസിന് റഷ്യന്‍ മണ്ണിലെ ആദ്യ ഗോള്‍ നേടാന്‍ കഴിഞ്ഞേനെ. ഒടുവില്‍ ഈജിപ്തിന്‍റെ ഇടനെഞ്ച് തകര്‍ത്ത് 89 ാം മിനിറ്റില്‍ ഹോസെ ഗിമന്‍സിന്‍റെ സുവര്‍ണഗോള്‍.

TAGS :

Next Story