ഐസ്‍ലന്‍ഡിന് മുന്നില്‍ മരവിച്ച് അര്‍ജന്‍റീന
ഐസ്‍ലന്‍ഡിന് മുന്നില്‍ മരവിച്ച് അര്‍ജന്‍റീന
അര്‍ജന്‍റീനക്ക് മുന്നില്‍ കറുത്ത കുതിരകളായി ഐസ്‍ലന്‍ഡ്. ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി അര്‍ജന്‍റീന ആദ്യ മത്സരത്തില്‍ സമനില വഴങ്ങി.
അര്‍ജന്‍റീനക്ക് മുന്നില്‍ കറുത്ത കുതിരകളായി ഐസ്‍ലന്‍ഡ്. ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി അര്‍ജന്‍റീന ആദ്യ മത്സരത്തില്‍ സമനില വഴങ്ങി. 2014 ല്‍ ജര്‍മനിയോട് കലാശപ്പോരില്‍ തോല്‍വി വഴങ്ങിയതിന് പകരംവീട്ടാന്‍ റഷ്യയില്‍ ഇറങ്ങിയ അര്‍ജന്‍റീന പക്ഷേ കന്നിയങ്കക്കാരായ ഐസ്‍ലന്‍ഡിന് മുന്നില്‍ മരവിച്ചുനില്‍ക്കുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയായത്. ആദ്യ മത്സരം ജയിച്ച് മികച്ച തുടക്കം സ്വപ്നം കണ്ട അര്‍ജന്‍റീനയുടെ ലക്ഷ്യത്തിന് വിലങ്ങുതടിയായത് ഐസ്‍ലന്‍ഡ് കെട്ടിപ്പൊക്കിയ ചൈനീസ് വന്‍മതിലിനേക്കാള്‍ കരുത്തുറ്റ പ്രതിരോധമായിരുന്നു.
പത്തൊമ്പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെയായിരുന്നു അര്‍ജന്‍റീന ലീഡ് നേടിയത്. ഇടതു ബൂട്ടില്‍ നിന്ന് ഇടിമിന്നല്‍ പോലെ അഗ്യൂറോ തൊടുത്ത പന്ത് ഐസ്‍ലന്‍ഡിന്‍റെ വല തുളച്ചു. എന്നാല്‍ അര്‍ജന്‍റീനയുടെ സന്തോഷത്തിന് മിനിറ്റുകളുടെ മാത്രം ആയുസേയുണ്ടായുള്ളു. അര്‍ജന്‍റീനയുടെ പ്രതിരോധത്തിലെ വിടവ് കണ്ടെത്തിയ ഫിന്‍ബോഗ്‍സണ്‍ ക്ലോസ് റേഞ്ചില്‍ നിന്ന് തൊടുത്ത പന്ത് അര്‍ജന്‍റീനന്‍ ആരാധകരുടെ ഹൃദയമാണ് തുളച്ചത്. ഇതോടെ സ്കോര്‍ 1-1. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത ആക്രമണവീര്യം നീലപ്പട പുറത്തെടുത്തെങ്കിലും ഐസ്‍ലന്‍ഡിന്‍റെ ഗോള്‍മുഖത്ത് മിക്കപ്പോഴും നിരന്നുനിന്ന പ്രതിരോധത്തെ തകര്‍ക്കാനായില്ല.
അഗ്യൂറോയേയും മെസിയേയും കുറഞ്ഞത് മൂന്നു ഐസ്‍ലന്‍ഡ് താരങ്ങളാണ് അവരുടെ പാളയത്തില്‍ തളച്ചത്. മെസിയിലേക്ക് പന്തെത്താതിരിക്കാനും മിശിഹായുടെ മുന്നേറ്റത്തിന് തടയിടാനുമാണ് ഐസ്‍ലന്‍ഡ് ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴുക്കിയത്. എന്നാല്‍ ഐസ്‍ലന്‍ഡിന്‍റെ പ്രതിരോധം കൈവിട്ടതോടെ അര്‍ജന്‍റീനക്ക് അനുകൂലമായി 63 ാം മിനിറ്റില്‍ പെനാല്‍റ്റി. കിക്കെടുക്കാന്‍ എത്തിയത് സാക്ഷാല്‍ മെസി. ലീഡ് നേടുമെന്ന് അര്‍ജന്‍റീന ഉറപ്പിച്ച നിമിഷം. എന്നാല്‍ ഒരിക്കല്‍ കൂടി മെസി മൈതാനത്ത് ദുരന്തമുഖമായി. ഐസ്‍ലന്‍ഡിന്‍റെ ഗോള്‍കീപ്പര്‍ ഹാള്‍ഡര്‍സണിന് ചാടിയാല്‍ എത്തുന്ന ദൂരത്തേക്കാണ് മെസി കിക്കെടുത്തത്. അതിവിദഗ്ധമായി ഹാള്‍ഡര്‍സണ്‍ അത് തട്ടിയകറ്റുകയും ചെയ്തു.
സമനില ഗോള്‍ നേടിയതിന് ശേഷം ഐസ്‍ലന്‍ഡ് ഉയര്‍ത്തിയത് ഇതുവരെ ഫുട്ബോള്‍ ലോകം കാണാത്ത തരം പ്രതിരോധമായിരിക്കണം. ഒരു ഘട്ടത്തില്‍ ഒരു സ്ട്രൈക്കര്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ ഐസ്‍ലന്‍ഡ് താരങ്ങളും ബോക്സിനുള്ളില്‍ പ്രതിരോധക്കോട്ട തീര്‍ത്തതോടെ മെസിയെന്നല്ല, മറ്റൊരാള്‍ക്കും അകത്തേക്ക് പ്രവേശനം ലഭിച്ചില്ല. അര്‍ജന്‍റീനയുടെ മുന്നേറ്റങ്ങളൊക്കെയും ഈ പ്രതിരോധത്തില്‍ തട്ടിയകന്നു. ആ പ്രതിരോധം പൊളിച്ചപ്പോഴൊക്കെയും അവര്‍ക്ക് മുന്നില്‍ ഹിമാലയം പോലെ ഐസ്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാള്‍ഡര്‍സണും. പ്രതിരോധത്തിന്‍റെ വിടവിലൂടെ പെനാല്‍റ്റി ബോക്സ് കടന്നെത്തിയ പന്തുകളൊക്കെയും ഹാള്‍ഡര്‍സണ്‍ പുറത്തേക്ക് വഴിതിരിച്ചുവിട്ടും സ്വന്തം ഗ്ലൌസിനുള്ളില്‍ ഭദ്രമായി ഒതുക്കിയും സ്വപ്നതുല്യമായ രക്ഷകനായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ഐസ്‍ലന്‍ഡിന്‍റെ മാലാഖയാകുകയായിരുന്നു ഹാള്‍ഡര്‍സണ്‍.
Adjust Story Font
16