ലോകകപ്പില്‍ കിരീടമില്ലാത്ത ഇതിഹാസമായി മെസ്സി
നാല് ലോകകപ്പുകളില്‍ പന്ത് തട്ടിയിട്ടും കിരീടമെന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരത്തിന് മടക്കം.
നാല് ലോകകപ്പുകളില്‍ പന്ത് തട്ടിയിട്ടും കിരീടമെന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരത്തിന് മടക്കം. ഒരു ലോലകകപ്പില്‍ കൂടി പരാജയപ്പെട്ട് മെസ്സി മടങ്ങുമ്പോള്‍ എക്കാലത്തെയും മികച്ച താരമെന്ന പദവി കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഫുട്ബോളിന്റെ മിശിഹ. പെലെക്കും മറഡോണക്കുമൊപ്പം നില്‍ക്കുന്ന ഇതിഹാസം. ക്ലബിനായി എണ്ണമറ്റ കിരീടങ്ങള്‍. വശ്യമനോഹര ഗോളുകള്‍. പക്ഷെ, ലോകഫുട്ബോളിന്റെ ഏറ്റവും പരമോന്നത വേദിയില്‍ തോല്‍ക്കാന്‍ മാത്രം വിധി. നാല് ലോകകപ്പുകള്‍. 2006ല്‍ അര്‍ജന്റീന ജര്‍മനിയോട് ക്വാര്‍ട്ടറില്‍ ഷൂട്ടൌട്ടില്‍ തോല്‍ക്കുമ്പോള്‍ സൈഡ് ബെഞ്ചിലായിരുന്നു കൌമാരക്കാരനായ മെസ്സി. 2010ല്‍ വീണ്ടും ജര്‍മനിയോട് നാല് ഗോളിന്റെ വമ്പന്‍ തോല്‍വി. 2014ല്‍ ശരാശരി ടീമിനെ ഒറ്റക്ക് ചുമലേറ്റി ഫൈനല്‍ വരെയെത്തിച്ചു. പക്ഷെ വീണ്ടും ജര്‍മനി സ്വപ്നം തട്ടിയകറ്റി.
ഇതിനിടെ മൂന്ന് കോപ്പ ഫൈനലുകളിലും എത്തി. പക്ഷെ കിരീട വിജയം മാത്രം വഴുതിമാറി. നിരാശയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. പിന്നെ തിരികെ വന്ന് അര്‍ജന്റീനക്ക് റഷ്യയിലേക്ക് യോഗ്യത നേടിക്കൊടുത്തു. ഇത്തവണ ശരാശരിയിലും താഴെയുള്ള ടീമിനെയും ചുമന്ന് റഷ്യയിലെത്തിയപ്പോഴും പ്രതീക്ഷയത്രയും മെസ്സിയെന്ന കളിയുടെ രാജകുമാരനിലായിരുന്നു. കാല്‍പന്തുകളിയുടെ ആരാധകരുടെ പ്രാര്‍ഥനകളൊക്കെയും അയാളൊരു കപ്പ് നേടണേയെന്നായിരുന്നു. പക്ഷെ, ഇല്ല.
കാല്‍പന്തിന്റെ മഹാമേളയിലേക്ക് ഇനിയൊരു വരവുണ്ടാകുമോയെന്ന് തീര്‍ച്ചയില്ല. യോഹാന്‍ ക്രൈഫ്, പൌളോ മാള്‍ഡീനി, ആല്‍ഫ്രഡ് ഡിസ്റ്റെഫാനോ, സോക്രട്ടീസ്.. കിരീടമില്ലാത്ത രാജകുമാരന്മാരുടെ പട്ടികയിലാകുമോ മെസ്സിയുടെ ഇടം?
Adjust Story Font
16