ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ മികച്ച താരമായത് കേരളത്തിന്റെ സാജന്‍ പ്രകാശ്
തിരുവനന്തപുരത്ത് സമാപിച്ച ദേശീയ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ മികച്ച താരമായത് കേരളത്തിന്റെ സാജന്‍ പ്രകാശ്. അഞ്ചിനങ്ങളില്‍ റെക്കോഡുള്‍പ്പെടെ സ്വര്‍ണം മുങ്ങിയെടുത്താണ് സാജന്‍ വ്യക്തിഗത ചാമ്പ്യനായത്. കര്‍ണാടകയുടെ സലോണി ദലാലാണ് വനിതാ വിഭാഗത്തില്‍ മികച്ച താരം.
കേരളം ആകെ നേടിയത് ആറ് സ്വര്‍ണം. വനിതാ വിഭാഗം വാട്ടര്‍പോളോയിലെ സ്വര്‍ണം മാറ്റി നിര്‍ത്തിയാല്‍ ബാക്കി അഞ്ചും നീന്തിയെടുത്തത് സാജന്‍ പ്രകാശ്. അഞ്ചിലും പുതിയ മീറ്റ് റെക്കോഡോടെ. അതില്‍ തന്നെ രണ്ടിനങ്ങളില്‍ പുതിയ ദേശീയ റെക്കോഡും കുറിച്ചു സാജന്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നീ ഇനങ്ങളിലാണ് ദേശീയ റെക്കോഡ്. 100, 200 മീ ബട്ടര്‍ഫ്ലൈ, 200 മീ മെഡ്ലെ എന്നിവയാണ് സാജന്‍ സ്വര്‍ണം കൊയ്ത മറ്റിനങ്ങള്‍. മത്സരങ്ങളുടെ ആധിക്യം മൂലം ദീര്‍ഘദൂര ഇനങ്ങള്‍ ഒഴിവാക്കിയിരുന്നില്ലെങ്കില്‍ സാജന്റെ മെഡല്‍ നേട്ടം ഇനിയും ഉയര്‍ന്നേനെ.
അടുത്ത ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സാജന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്നതാണ് ദേശീയ മീറ്റിലെ പ്രകടനം. രണ്ട് ദേശീയ റെക്കോഡുള്‍പ്പെടെ മൂന്ന് സ്വര്‍ണം കരസ്ഥമാക്കിയാണ് കര്‍ണാടകയുടെ യുവതാരം സലോണി വ്യക്തിഗതചാമ്പ്യനായത്. ചാമ്പ്യന്‍ പട്ടത്തിനായുള്ള പോരാട്ടത്തില്‍ സലോണി പിന്തള്ളിയത് പൊലീസിന്റെ റിച്ച മിശ്രയെ. റിച്ചയും മൂന്ന് സ്വര്‍ണം നേടിയെങ്കില്‍ റെക്കോഡുകളുടെ പിന്‍ബലത്തില്‍ സലോണി റിച്ചയെ മറികടക്കുകയായിരുന്നു.
Adjust Story Font
16