Quantcast

ദുരിതക്കടല്‍ താണ്ടിയ അനുഭവം പങ്കുവെച്ച് അഭിലാഷ് ടോമി  

ചുഴലിക്കാറ്റിന് നടുവില്‍ കടലില്‍ മരണത്തെ മുഖാമുഖം കണ്ട ആ 70 മണിക്കൂര്‍ ഓര്‍ത്തെടുത്ത് അഭിലാഷ് ടോമി. അപകടത്തിന് ശേഷമുള്ള ആദ്യ അഭിമുഖം...

MediaOne Logo
ദുരിതക്കടല്‍ താണ്ടിയ അനുഭവം പങ്കുവെച്ച് അഭിലാഷ് ടോമി  
X

''തൊട്ടുമുന്നില്‍ നരകമെത്തിയ പോലെ കടല്‍ ആര്‍ത്തലക്കുകയായിരുന്നു. അത്രക്ക് പ്രക്ഷുബ്ധമായ കടല്‍ അന്നുവരെ കണ്ടിട്ടില്ല' മലയാളി നാവികന്‍ അഭിലാഷ് ടോമി താന്‍ മറികടന്ന കടല്‍ ദുരന്തത്തെ ഓര്‍ത്തെടുക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആംസ്റ്റഡാം ദ്വീപില്‍ നിന്നാണ് അഭിലാഷ് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രതിനിധി രാഹുല്‍ സിംങുമായി ഫോണിലൂടെ സംസാരിച്ചത്. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടശേഷം ആദ്യമായാണ് അഭിലാഷ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞയാഴ്ച്ചയാണ് അഭിലാഷ് ടോമിയും അദ്ദേഹത്തിന്റെ പായ്‌വഞ്ചിയായ എസ്.വി തുരിയയും ഇന്ത്യന്‍ മഹാസമുദ്രത്തിന് നടുവില്‍ വെച്ച് അതിശക്തമായ ചുഴലിക്കാറ്റില്‍ പെടുന്നത്. പുറത്ത് സാരമായ പരിക്കേറ്റ അഭിലാഷ് ടോമി ആരോഗ്യം വീണ്ടെടുത്തു വരുന്നതേയുള്ളൂ. സാഹസിക നാവികരുടെ ഭൂമി ചുറ്റിവരുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കവേയായിരുന്നു അപകടം. അമ്പത് വര്‍ഷം മുമ്പുള്ള ദിശാ നിര്‍ണ്ണയ ഉപകരണങ്ങള്‍ മാത്രമുപയോഗിച്ച് ഒറ്റക്ക് ചെറുപായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന സാഹസിക മത്സരമാണ് ഗോള്‍ഡണ്‍ ഗ്ലോബ് റേസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസാഹസികരായ നാവികര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം.

അഭിലാഷ് ടോമി പായ്‍വഞ്ചിയില്‍

ഗോള്‍ഡണ്‍ ഗ്ലോബ് റേസിനിടെ മരണത്തെ മുഖാമുഖം കണ്ട് 70 മണിക്കൂറാണ് അഭിലാഷ് ടോമി നടുകടലില്‍ കഴിഞ്ഞത്. ആദ്യമായി തുരിയയേയും അഭിലാഷ് ടോമിയേയും അപകടത്തിലാക്കിയ ആദ്യ കൊടുങ്കാറ്റടിക്കുന്നത് സെപ്തംബര്‍ 21നാണ്. തിരകള്‍ 14 മീറ്ററോളം ഉയരുകയും 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുകയും ചെയ്തതോടെ പായ്‌വഞ്ചി കീഴ്‌മേല്‍ മറിഞ്ഞു.

“രക്ഷാപ്രവര്‍ത്തകര്‍ എന്റെ ബോട്ടിലെത്തിയിട്ടും എനിക്കവരുടെ ശബ്ദം പോലും കേള്‍ക്കാനായിരുന്നില്ല. അകത്തേക്കു വരട്ടെയെന്ന് അവര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു”

'അതൊരു നരകം തന്നെയായിരുന്നു. കാറ്റിന്റെ ആദ്യ അടിയില്‍തന്നെ പായ്‌വഞ്ചിയില്‍ അടിതെറ്റി വീണു. കടലിലേക്ക് തെറിച്ചുവീഴാതിരിക്കാന്‍ പായ്മരത്തില്‍ കെട്ടിപ്പിടിച്ച് കിടന്നു. പലപ്പോഴും കുത്തനെ നിന്ന പായ്‌വഞ്ചി നേരെ വരുമ്പോള്‍ പായ്മരത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഞാന്‍' എക്കിളുകള്‍ കൊണ്ട് ഇടക്കിടെ മുറിഞ്ഞു പോയ വാക്കുകളിലൂടെ അഭിലാഷ് ടോമി പറഞ്ഞു. പായ്‍വഞ്ചി നിയന്ത്രിക്കാനായി പായ്മരത്തിന് മുകളില്‍ തൂങ്ങി കിടക്കുന്നതിനിടെ കയ്യിലെ വാച്ച് കയറുമായി കെട്ടുപിണഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒറ്റക്കയ്യില്‍ തൂങ്ങിയാടി കിടക്കേണ്ടി വന്നു.

'അപ്പോള്‍ കൈത്തണ്ട പൊട്ടുന്നപോലെ തോന്നി. ഒടുവില്‍ വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിയതോടെ തുരിയയുടെ തറയിലേക്ക് വീഴുകയായിരുന്നു' എന്നാണ് ആ അനുഭവത്തെ അഭിലാഷ് ടോമി വിവരിച്ചത്. തുടര്‍ച്ചയായി നാല് കടല്‍ക്ഷോഭങ്ങളാണ് 70 മണിക്കൂറിനിടെ അഭിലാഷ് ടോമി അതിജീവിച്ചത്. അതില്‍ നാലാമത്തേതായിരുന്നു ഏറ്റവും മാരകം. അഭിലാഷിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും 10 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു.

“ചുഴലിക്കാറ്റിന് മുമ്പത്തെ ദിവസത്തില്‍ 1020 മില്ലിമീറ്ററായിരുന്ന ബാരോമീറ്ററിലെ റീഡിംങ് 970ലേക്ക് കുത്തനെ താഴ്ന്നു. 50മില്ലിമീറ്ററിന്റെ ഇടിവ് ചുഴലിക്കാറ്റ് വരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ആ ചുഴലിക്ക് നടുവിലായിരുന്നു അപ്പോള്‍ ഞാനും എന്റെ പായ്‌വഞ്ചിയും”

'പക്ഷേ അനുഭവിച്ചത് അതൊന്നുമല്ലായിരുന്നു. കാറ്റിന്റെ വേഗം 150 കിലോമീറ്റര്‍ വരെയെത്തി. തിരമാല 14 മീറ്റര്‍ വരെ ഉയര്‍ന്നു താഴ്ന്നു. കാറ്റിനും കൂറ്റന്‍ തിരകള്‍ക്കുമൊപ്പം കടലാകെ നുരഞ്ഞു പതയുകയായിരുന്നു. കടലിലെ ഒരിഞ്ചു ഭാഗം പോലും വെള്ള പതയില്ലാത്തതായി ഉണ്ടായിരുന്നില്ല'. 18 വര്‍ഷം നീണ്ട നാവിക അനുഭവങ്ങളില്‍ 52,000 മൈലിലേറെ ദൂരം സഞ്ചരിച്ചിട്ടുള്ള പരിചയ സമ്പന്നനായ നാവികനാണ് അഭിലാഷ് ടോമി. പിന്നീടുള്ള മണിക്കൂറുകളിലെ കടലിന്‍റെ ഭീകരതാണ്ഡവം അതിജീവിക്കാന്‍ അഭിലാഷിനെ പ്രാപ്തനാക്കിയത് ഈ അനുഭവങ്ങളുടെ കരുത്തായിരുന്നു.

ഓരോ നിമിഷവും കാറ്റും കോളും കൂടി വരികയായിരുന്നു 'അതിവേഗത്തില്‍ കാറ്റടിക്കുകയും തിരകളുടെ വലിപ്പം കൂടുകയും ചെയ്തതോടെ ബോട്ട് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. പഠിച്ചതെല്ലാം പയറ്റി നോക്കി. ഒന്നും പ്രായോഗികമായില്ല. എങ്ങോട്ടും വിടാതെ കടലിട്ട് വട്ടം കറക്കുകയായിരുന്നു. പലപ്പോഴും കാറ്റിനനുസരിച്ച് ബോട്ട് കടലില്‍ 90 ഡിഗ്രി കുത്തനെ നിന്നു. അതേ വേഗത്തില്‍ താഴേക്കും വന്നു. ജീവിതത്തില്‍ അന്നുവരെ അനുഭവിക്കാത്ത ഒന്നായിരുന്നു അത്' ആ മണിക്കൂറുകള്‍ അഭിലാഷ് ഓര്‍ത്തെടുക്കുന്നു.

'കൊടുങ്കാറ്റിന്റെ ഇടവേളയില്‍ ബാരോമീറ്റര്‍ നോക്കിയപ്പോള്‍ മര്‍ദം വീണ്ടും കുറയുന്നത് കണ്ടതോടെ അനുഭവിച്ചതിലും വലുത് വരാനിരിക്കുന്നുവെന്ന സൂചന കിട്ടി. ചുഴലിക്കാറ്റിന് മുമ്പത്തെ ദിവസത്തില്‍ 1020 മില്ലിമീറ്ററായിരുന്ന റീഡിംങ് 970ലേക്ക് കുത്തനെ താഴ്ന്നു. 50 മില്ലിമീറ്ററിന്റെ ഇടിവ് ചുഴലിക്കാറ്റ് വരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ആ ചുഴലിക്ക് നടുവിലായിരുന്നു അപ്പോള്‍ ഞാനും എന്റെ പായ്‌വഞ്ചിയും'

ആ 70 മണിക്കൂറില്‍ കാര്യമായ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയില്‍ അനാവശ്യ ചിന്തകള്‍ക്ക് അവസരം പോലും ലഭിച്ചില്ല

അഭിലാഷിന് തുരിയയിലെ ജനറേറ്റര്‍ പരിശോധിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ വീണ്ടും കടല്‍ കോപിച്ചു. ഇത്തവണത്തെ കടല്‍ക്ഷോഭത്തിലാണ് പായ്മരം ഒടിഞ്ഞുവീണത്. 'സിലിണ്ടറും സ്റ്റൗവും തുടര്‍ച്ചയായ വീഴ്ച്ചകളില്‍ തകരാറിലായതോടെ പാചകവാതകം ചോര്‍ന്നു. ആടിയുലച്ചിലുകള്‍ക്കിടയിലൂടെ എങ്ങനെയൊക്കെയോ പോയി പാചകവാതകവിതരണം ഓഫാക്കി. അപ്പോഴേക്കും ഡീസലിന്റെ മണവും വരുന്നുണ്ടായിരുന്നു. എഞ്ചിന് സമീപത്തു നിന്നായിരുന്നു ഡീസല്‍ ചോര്‍ന്നത്. ആ പ്രശ്‌നം പരിഹരിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.'

തുടര്‍ച്ചയായുള്ള കൊടുങ്കാറ്റില്‍പെട്ടുലഞ്ഞ ബോട്ടിലെ സാധനങ്ങളെല്ലാം താറുമാറായിരുന്നു. കൊടുങ്കാറ്റിന്റെ ഇടവേളയില്‍ അത് അടുക്കിപെറുക്കി വെക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കാര്യം അഭിലാഷ് ടോമി തിരിച്ചറിഞ്ഞത്. തന്റെ പുറത്തിന് കാര്യമായ പരിക്കുപറ്റിയിരിക്കുന്നു. ശരീരം അനക്കാന്‍ പോലും സാധിക്കുന്നില്ല.

'ശരീരത്തില്‍ അവശേഷിച്ച ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച് നടക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ മറിഞ്ഞുവീണു. അല്‍പനേരം കിടന്നു വിശ്രമിക്കാതെ അനങ്ങാന്‍പോലും കഴിയില്ലെന്ന് തോന്നി. അങ്ങനെ കിടക്കുമ്പോഴാണ് ചുഴലിക്കാറ്റ് ഏറ്റവും ശക്തമായടിച്ചത്. 360 ഡിഗ്രിയില്‍ പായ്‌വഞ്ചിയെ കാറ്റി ശക്തിയില്‍ കറക്കികൊണ്ടിരുന്നു. ബോട്ടിനുള്ളിലുള്ളതെല്ലാം എനിക്കു ചുറ്റും പറന്നു നടക്കുന്നുണ്ടായിരുന്നു. പായ്മരം ബോട്ടില്‍ വന്ന് തുടര്‍ച്ചയായി ഇടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു' ചുഴലിക്കാറ്റിന്റെ ഏറ്റവും ഭീകരമായ നിമിഷങ്ങളെ അഭിലാഷ് ഓര്‍ത്തെടുക്കുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് അപ്പോള്‍ അഭിലാഷ് തിരിച്ചറിയുകയായിരുന്നു. തറയിലൂടെ എങ്ങനെയൊക്കെയോ ഇഴഞ്ഞുപോയി ഗോള്‍ഡണ്‍ ഗ്ലോബ് റേസ് അധികൃതര്‍ക്ക് അപകട സന്ദേശമയച്ചു. അതാണ് അഭിലാഷിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായതും. EPIRB (emergency position indicating radio beacon) ഓണാക്കാനായിരുന്നു ജി.ജി.ആര്‍ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം. അതിലൂടെ അഭിലാഷിന്റെ ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുമായിരുന്നു. ഏതാനും അടി ദൂരെ കിടന്നിരുന്ന ബീക്കണ്‍ ഇഴഞ്ഞുപോയാണ് അഭിലാഷ് ഓണാക്കിയത്.

ആ 70 മണിക്കൂറില്‍ കാര്യമായ ചിന്തകളൊന്നുമുണ്ടായിരുന്നില്ലെന്ന് അഭിലാഷ് ടോമി പറയുന്നു. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയില്‍ ചിന്തകള്‍ക്ക് അവസരം പോലും ലഭിച്ചില്ലെന്നതായിരിക്കും സത്യം. 'അനാവശ്യ ചിന്തകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് എനിക്കറിയാം. ഇത്തരമൊരു അപകടസാഹചര്യത്തെക്കുറിച്ച് വര്‍ഷങ്ങളായി ഞാന്‍ ചിന്തിച്ചിരുന്നു. ഓരോരോ പ്രശ്‌നങ്ങളായി പരിഹരിച്ച് അടുത്തതെന്ത് എന്ന ചിന്ത മാത്രമായിരുന്നു അപ്പോള്‍' എന്നാണ് ജീവിതത്തിനും മരണത്തിനുമിടയിലെ മണിക്കൂറുകളിലെ ചിന്തകളെക്കുറിച്ച് അഭിലാഷ് പറഞ്ഞത്.

തികച്ചും നാടകീയമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫ്രഞ്ച് കപ്പലായ ഒസിരിസാണ് അഭിലാഷിനടുത്ത് സെപ്തംബര്‍ 24ന് ആദ്യമെത്തുന്നത്. ഇന്ത്യന്‍ ആസ്‌ത്രേലിയന്‍ സൈന്യങ്ങളും അഭിലാഷിനടുത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു അപ്പോള്‍. 'രക്ഷാപ്രവര്‍ത്തകര്‍ എന്റെ ബോട്ടിലെത്തിയിട്ടും എനിക്കവരുടെ ശബ്ദം കേള്‍ക്കാനായിരുന്നില്ല. അകത്തേക്കു വരട്ടെയെന്ന് അവര്‍ ഉറക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഒടുവില്‍ ചെറു ശബ്ദം തിരിച്ചറിഞ്ഞതോടെ കടന്നുവരൂവെന്ന് അവരോട് പറഞ്ഞു' ജീവിതത്തിലേക്കുള്ള വിളി കേട്ട ആ നിമിഷം അഭിലാഷ് ഓര്‍ത്തെടുക്കുന്നു.

ഭൂമി ചുറ്റിവരുന്ന ഏകാന്തരായ 11 സാഹസിക നാവികരില്‍ മൂന്നാമതായിരുന്നു അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി. ജൂലൈ ഒന്നിന് തുടങ്ങിയ യാത്ര അപ്പോഴേക്കും 10500 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടിരുന്നു. യാത്രയില്‍ നിന്നും പിന്മാറേണ്ടി വന്നതിലെ നിരാശ മറച്ചുവെക്കാത്ത അഭിലാഷ് ടോമിക്ക് മുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഇപ്പോഴുള്ളത്.

ഒന്നാമത്തേത് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കണം. അതുകഴിഞ്ഞ് കടലിലേക്ക് വീണ്ടും പോകണം!

മലയാളികളുടെയും ഇന്ത്യയുടേയും അഭിമാനമായ ഈ സാഹസിക നാവികന്റെ രണ്ട് ലക്ഷ്യങ്ങളും വൈകാതെ പൂര്‍ത്തിയാകുമെന്ന് ഉറപ്പിക്കാം.

കടപ്പാട്: Hindustan Times

സ്വതന്ത്ര പരിഭാഷ : സുബിന്‍ ബാലന്‍

TAGS :

Next Story