സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം
പ്രളയശേഷമുള്ള മേളയായതിനാല്‍ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ കൗമാരമേള സംഘടിപ്പിക്കുന്നത്
സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. പ്രളയശേഷമുള്ള മേളയായതിനാല്‍ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ കൗമാരമേള സംഘടിപ്പിക്കുന്നത്. ചെലവ് ചുരുക്കലിന് പുറമെ മത്സരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡുമെല്ലാം സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഒരുങ്ങിക്കഴിഞ്ഞു. മത്സരയിനങ്ങള്‍ക്കായി അവസാനവട്ട ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. കായികമേളയില്‍ പങ്കെടുക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. 1700ഓളം മത്സരാര്‍ത്ഥികളാണ് ഇത്തവണത്തെ കായികമേളയില്‍ പങ്കെടുക്കുന്നത്. നാളെ രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. 31 ഫൈനലുകളാണ് നാളെ നടക്കുക. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തവണ സംസ്ഥാനതലത്തില്‍ പങ്കെടുക്കാനാകൂ. അതിനാല്‍ സംസ്ഥാനതല കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാകും. മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും ഗ്രേസ് മാര്‍ക്ക് നഷ്ടമാകും .
ഇത്തവണത്തെ മേളയില്‍ മെഡലുകളിലെന്നതും താരങ്ങള്‍ക്ക് തിരിച്ചടിയാണ്. മത്സരങ്ങളിലും ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000മീറ്റര്‍ ഓട്ടം ഒഴിവാക്കി. ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം 3000 മീറ്ററാക്കി കുറച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് 110 മീറ്ററാക്കി. ജൂനിയര്‍ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് പുതുതിയ ഉള്‍പ്പെടുത്തി.ഇതിനു പുറമെ ഹര്‍ഡില്‍സ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, എന്നിവയുടെ മാനദണ്ഡങ്ങളില്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
Adjust Story Font
16