Quantcast

ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും

പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    27 Oct 2018 1:30 AM GMT

ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും
X

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും.സംസ്ഥാന ഐ.ടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. നവംബര്‍ 1ന് കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകളാണ് അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകുന്നത്.

സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇന്ന് മുതല്‍ ടിക്കറ്റ് ലഭ്യമാകും.മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ടിക്കറ്റ് കിട്ടും. 1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കിയാല്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യ്ത് നല്‍കും. ഇതിനായി ടിക്കറ്റ് നിരക്കിന് പുറമെ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കണം. ടിക്കറ്റ് ബുക്കിങ്ങ് പൂര്‍ത്തിയായതിന്റെ സ്ഥിരീകരണം എസ്.എം.എസായും ഇമെയിലായും ലഭിക്കും. ഒരാള്‍ക്ക് ഒരു മെയില്‍ ഐഡിയില്‍ നിന്നും 6 ടിക്കറ്റ് വരെ ബുക്ക് ചെയ്യാന്‍ കഴിയും. ടിക്കറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് അക്ഷയകേന്ദ്രങ്ങളില്‍ ഈടാക്കും. ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമേ ഉള്ളൂവെന്നും കൗണ്ടര്‍ വഴി ടിക്കറ്റ് വില്‍പ്പനയില്ലെന്നും കെ.സി.എ അറിയിച്ചിട്ടുണ്ട്.ഇരു ടീമുകളും ഈ മാസം 30 ന് തലസ്ഥാനത്ത് എത്തും. 31 ന് ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.

TAGS :

Next Story