വോളിബാള്‍ അസോസിയേഷന്‍ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് രൂക്ഷം
രാജ്യത്ത് മറ്റൊരിടത്തും നിലവിലില്ലാത്ത സ്പോര്‍ട്സ് കൌണ്‍സില്‍ എന്ന സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് താരങ്ങളെയും അസോസിയേഷനുകളെയും ദ്രോഹിക്കുന്നതിനാണെന്നാണ് വോളിബാള്‍ അസോസിയേഷന്‍റെ ആരോപണം
വോളിബാള്‍ അസോസിയേഷന്‍ പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കുമെന്ന സ്പോര്‍ട്സ് കൗൺസിലിന്‍റെ തീരുമാനത്തിനെതിരെ സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ രംഗത്ത്. സ്പോര്‍ട്സ് കൗൺസില്‍ പിരിച്ച് വിടണമെന്ന് വോളിബാള്‍ അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞു. വോളിബാള്‍ അസോസിയേഷന്‍ നേരിട്ട് നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സ്പോര്‍ട്സ് കൗൺസിലിന്‍റെ അംഗീകാരമുണ്ടാകില്ലെന്ന് പ്രസിഡന്‍റ് ടി പി ദാസന്‍ പറഞ്ഞിരുന്നു. അസോസിയേഷനെതിരെ വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാനാണ് സ്പോര്‍ട്സ് കൗൺസില്‍ തീരുമാനം.
രാജ്യത്ത് മറ്റൊരിടത്തും നിലവിലില്ലാത്ത സ്പോര്‍ട്സ് കൗൺസില്‍ എന്ന സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് താരങ്ങളെയും അസോസിയേഷനുകളെയും ദ്രോഹിക്കുന്നതിനാണെന്നാണ് വോളിബാള്‍ അസോസിയേഷന്‍റെ ആരോപണം. വോളിബാള്‍ അസോസിയേഷന്‍ പിരിച്ച് വിടാനുള്ള അധികാരം സ്പോര്‍ട്സ് കൗൺസിലിനില്ല. അസോസിയേഷന്‍ ഭാരവാഹികള്‍ മൂന്ന് ടേമില്‍ കൂടുതല്‍ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു എന്ന ആരോപണം ശരിയല്ലെന്ന് സെക്രട്ടറി നാലകത്ത് ബഷീര്‍ പറഞ്ഞു.
കായിക നിയമത്തിന് വിരുദ്ധമായി ബൈലോയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് വോളിബാള്‍ അസോസിയേഷന്‍ അഫിലിയേഷന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ റദ്ദ് ചെയ്തിരുന്നു. ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലെ ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൌണ്‍സിലിനെതിരെ വോളിബോള്‍ അസോസിയേഷന്‍ രംഗത്ത് വരുന്നത്.
Adjust Story Font
16