Quantcast

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; അമേരിക്കക്ക് കിരീടം

അവസാനം നടന്ന 4 x 400 മീറ്ററിലും സ്വര്‍ണം അമേരിക്കക്കാണ്

MediaOne Logo

Web Desk 6

  • Published:

    7 Oct 2019 1:28 AM GMT

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; അമേരിക്കക്ക് കിരീടം
X

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്ക കിരീടം നിലനിര്‍ത്തി. പതിനാല് സ്വര്‍ണമുള്‍പ്പെടെ 29 മെഡലുകള്‍ നേടിയാണ് അമേരിക്കയുടെ പതിമൂന്നാം കിരീട നേട്ടം. കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദോഹയില്‍ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനവും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പത്താം ദിനം നടന്ന ഏഴ് ഫൈനലുകളില്‍ നിന്നായി മൂന്ന് സ്വര്‍ണവും കൂടി സമ്പാദിച്ച് മൊത്തം പതിനാല് സ്വര്‍ണമുള്‍പ്പെടെ 29 മെഡലുകളുമായി അമേരിക്ക അത്ലറ്റിക് ട്രാക്കിലെ ലോക കിരീടം നിലനിര്‍ത്തി.

മീറ്റര്‍ ഹര്‍ഡില്‍സില്‍ നിയാ അലിയും നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ പുരുഷ വനിതാ ടീമുകളുമാണ് ഇന്ന് അമേരിക്കയ്ക്കായി സ്വര്‍ണം നേടിയത്. മൊത്തം പതിമൂന്നാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടനേട്ടമാണ് അമേരിക്കയുടെത്.

അവസാന ദിനം രണ്ട് സ്വര്‍ണങ്ങള്‍ കൂടി അക്കൌണ്ടിലാക്കി ആഫ്രിക്കന്‍ കരുത്തരായ കെനിയ മൊത്തം പതിനൊന്ന് മെഡലുകളോടെ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സ്ഥാനം സ്വന്തമാക്കി. പതിനായിരം മീറ്ററില്‍ ജോഷ്വ ഷെപ്റ്റേഗി സ്വര്‍ണം നേടിയപ്പോള്‍ 1500 മീറ്ററില്‍ മുന്‍ ലോക രണ്ടാം സ്ഥാനക്കാരന്‍ തിമോത്തി ഷെറുവിയോട്ട് ആദ്യ സ്വര്‍ണം സ്വന്തമാക്കി.

വനിതാ ലോങ് ജംപില്‍ ജര്‍മ്മനിയുടെ പുത്തന്‍ താരോദയം മലൈക മിഹാംബോ പുതിയ ലോക ചാമ്പ്യനായതും ജാവലിന്‍ ത്രോയില്‍ കുഞ്ഞുരാജ്യമായ ഗ്രനാഡയ്ക്കായി ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് കന്നി കനകം സ്വന്തമാക്കിയതും അവസാന ദിന മത്സരങ്ങളെ ശ്രദ്ധേയമാക്കി. 2021 ല്‍ നടക്കുന്ന അടുത്ത ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള പതാകയും ദോഹയിലെ വേദിയില്‍ വെച്ച് കൈമാറി.

TAGS :

Next Story