Quantcast

ഈ മുംബൈയെ തോല്‍പിക്കാനാര്‍ക്കാവും?

ഐസിസി ടി20 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിനാവുമെന്ന് പറഞ്ഞത് ഇംഗ്ലണ്ട് മുന്‍താരം മൈക്കില്‍ വോണ്‍. പ്രതാപ കാലത്തെ വിന്‍ഡീസെനേയും ആസ്‌ട്രേലിയയേയും ഈ ടീം ഓര്‍മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെ

MediaOne Logo

  • Published:

    12 Nov 2020 3:26 AM GMT

ഈ മുംബൈയെ തോല്‍പിക്കാനാര്‍ക്കാവും?
X

ഐ.സി.സി ടി20 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിനാവുമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂവെന്നും അത് മുംബൈ ഇന്ത്യന്‍സാണെന്നും അഭിപ്രായപ്പെട്ടത് ആ ടീമിലെ തന്നെ വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ് (ലോകത്തെ ഏതാണ്ടെല്ലാം ടി20 ടീമുകളില്‍ കളിച്ചിട്ടുണ്ട് പൊള്ളാര്‍ഡ് ) പ്രതാപ കാലത്തെ വെസ്റ്റ്ഇന്‍ഡീസിനെയും ആസ്‌ട്രേലിയയേയും ഈ ടീം ഓര്‍മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെ.

ചുമ്മാ പറഞ്ഞതല്ല ഇതൊന്നും. ടീം എന്ന നിലയില്‍ മുംബൈയെ വിലയിരുത്തിയാല്‍ ഇവര്‍ പറഞ്ഞതിന്റെ കാമ്പ് മനസിലാക്കാനാവും. ഒരു കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതിലും അയാളെ മികച്ചരൊളാക്കുന്നതിലും ഇന്ന് മുംബൈയോളം പോന്നൊരു ടീമില്ല എന്ന് പറയേണ്ടി വരും. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത ബുംറ മുതല്‍ പാണ്ഡ്യ സഹോദരന്മാര്‍ വരെ മുംബൈയുടെ ക്രീസില്‍ വളര്‍ന്നവരാണ്. അഞ്ച് ഐ.പി.എല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവുമുള്‍പ്പെടെ ഏഴ് ടി20 കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സിന്റെ ഷെല്‍ഫിലുള്ളത്. കിരീട നേട്ടങ്ങളുടെ എണ്ണം കൊണ്ട് പാകിസ്താന്‍ ടീമായ സിയാല്‍കോട്ട് സ്റ്റാലിയന്‍സ് (എട്ട് കിരീടം) മുന്നിലുണ്ടെങ്കിലും പ്രകടനത്തിലും സമീപനത്തിലും മുംബൈയുടെ പരിസരത്തൊന്നും വരില്ല.

ടീമിനെ വാര്‍ത്തെടുക്കുന്ന രീതിയാണ് മുംബൈയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന് നായകന്‍ രോഹിത് ശര്‍മ്മ മുതല്‍ പരിശീലകന്‍ മഹേള ജയവര്‍ധന വരെ മത്സരിക്കുന്നു. രാഹുല്‍ ദ്രാവിഡ് എങ്ങനെയാണോ ഏതാണ്ട് അതുപോലത്തെ പ്രകൃതക്കാരനാണ് മഹേള. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മുതിര്‍ന്ന കളിക്കാരോടുള്ള സമീപനത്തിലും 'ജയവര്‍ധന ടച്ച്' ടീമിന് മുതല്‍കൂട്ടാണ്. മത്സരത്തിന് ശേഷം നടക്കുന്ന കളിക്കാരുടെ ടോക് ഷോയില്‍ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്.

മഹേള ജയവര്‍ധനയും രോഹിത് ശര്‍മ്മയും

മുംബൈക്കുള്ളതും മറ്റുള്ളവര്‍ക്കില്ലാതെ പോയതും

മുംബൈയുടെ ഓള്‍റൗണ്ട് പ്രകടനത്തേയാണ് മറ്റു ടീമുകള്‍ അസൂയയോടെ നോക്കുന്നത്. അത് ബൗളിങ്ങില്‍ തുടങ്ങി ഫീല്‍ഡിങില്‍ വരെ പ്രകടമാണ് താനും. 9.08 റണ്‍സാണ് ഒരോവറില്‍ ഈ സീസണിലെ മുംബൈയുടെ സ്‌കോറിങ് റേറ്റ്. വിട്ടുകൊടുക്കുന്നതാവട്ടെ ഒരോവറില്‍ 7.94 റണ്‍സും ! ഒരോവറില്‍ വിട്ടുകൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്നു എന്നത് ചില്ലറ കാര്യമല്ല. ഐ.പി.എല്‍ ചരിത്രം തന്നെ പരിശോധിക്കുകയാണെങ്കിലും മറ്റൊരു ടീമിനും ഇങ്ങനെയൊന്ന് അവകാശപ്പെടാനില്ല. ആദ്യ സീസണില്‍ കിരീടം സ്വന്താക്കിയ രാജസ്ഥാന്‍ റോയല്‍സ് ഏതാണ്ട് മുംബൈയുടെ അടുത്ത് എത്തിയത് മാത്രമാണ് എടുത്തുപറയാനുള്ളത്.

മുംബൈയെ സംബന്ധിച്ചിടത്തോളം മറ്റൊരു ശ്രദ്ധേയ നേട്ടമുള്ളത് ഡെത്ത് ഓവറുകളിലെ ബാറ്റിങ് മികവാണ്. പതിയെ തുടങ്ങുമെങ്കിലും 17 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ മുംബൈ ടീം ബാറ്റിങ് ടോപ് ഗിയറിലാവാറുണ്ട്. എല്ലാം ടീമും ഡെത്ത് ഓവറുകളില്‍ കണ്ണുംപൂട്ടിയടിക്കുമെങ്കിലും അവിടെയുമൊരു 'മുംബൈ ടച്ചുണ്ട്'. ഡെത്ത് ഓവറുകളില്‍ 13.2 റണ്‍സ് വീതമാണ് മുംബൈ അടിച്ചെടുക്കുന്നത്. മറ്റൊരു ടീമിനും ഈ സീസണില്‍ ഇങ്ങനെയൊന്ന് സ്വന്തമാക്കാനായില്ല.

ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടും

ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള മികവും മുംബൈയെ വ്യത്യസ്തമാക്കുന്നുണ്ട്. മുംബൈ പേസര്‍മാര്‍ ഈ സീസണില്‍ 28 വിക്കറ്റുകളാണ് ആദ്യ പവര്‍പ്ലേയില്‍ വീഴ്ത്തിയത്. ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബൗള്‍ട്ടിനോടാണ് മുംബൈ കടപ്പെട്ടിരിക്കുന്നത്. പന്തിനെ സ്വിങ് ചെയ്യിക്കുന്നതില്‍ ബൗള്‍ട്ട് അഗ്രഗണ്യനാണ്. ആദ്യ ആറ് ഓവറുകളില്‍ ലഭിക്കുന്ന വിക്കറ്റുകള്‍ മുംബൈക്ക് മത്സരത്തില്‍ മാനസികമായ ആധിപത്യം നല്‍കിയിരുന്നു. ഫൈനലിലും ഇത്തരമൊരു സമീപനമാണ് കണ്ടത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് വീണതോടെ ഡല്‍ഹി മാനസികമായി തകര്‍ന്നിരുന്നു. അയ്യരും പന്തും ചേര്‍ന്ന് ടീമിനെ കരകയറ്റിയെങ്കിലും രോഹിതും ഡികോക്കും അടങ്ങുന്ന ബാറ്റിങിനെ വെല്ലുവിളിക്കാനുള്ള റണ്‍സ് ഉയര്‍ത്താനായില്ല. ബുംറയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ആദ്യ മത്സരങ്ങളില്‍ ഒന്ന് മങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ബുംറയുടേത്. 27 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായാണ് ബുംറ ഈ സീസണ്‍ അവസാനിപ്പിച്ചത്.

ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്

ഇതുവരെ ഇന്ത്യന്‍ കുപ്പായമണിയാത്ത സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും പ്രകടനം ആരെയും കൊതിപ്പിക്കുന്നതാണ്. 47.4 ബാറ്റിങ് ശരാശരിയില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 996 റണ്‍സ്. ഇന്ത്യന്‍ ജഴ്‌സിയണിയാത്ത രണ്ട് കളിക്കാര്‍ ചേര്‍ന്ന് ഇത്രയും റണ്‍സ് അടിച്ചെടുക്കുന്നത് മുംബൈക്ക് മാത്രം അവകാശപ്പെട്ടത്. ഇഷന്‍ കിഷന്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഉദയം കൂടിയണ് ഈ ഐ.പി.എല്‍. നേരത്തെയും ഇഷന്‍ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും വല്ലപ്പോഴും ഫോമിലാകുന്ന ബാറ്റ്‌സ്മാന്‍ എന്ന വിലാസമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പന്തിനും സഞ്ജു വി സാംസണും ലോകേഷ് രാഹുലിനമൊപ്പം, തന്നെയും പരിഗണിക്കാം എന്ന ശക്തമായ സന്ദേശമാണ് ഇഷാന്‍ ഈ സീസണില്‍ നല്‍കുന്നത്. ഇഷന്‍ കിഷന്‍ നേടിയത് 516 റണ്‍സ്, ഈ സീസണില്‍ റണ്‍സ് കൊണ്ട് അഞ്ചാമന്‍. സൂര്യകുമാര്‍ യാദവ് നേടിയത് 480 റണ്‍സ് റണ്‍സ് കൊണ്ട് ഏഴാമനും. മൂന്ന് മുംബൈ താരങ്ങളാണ് ഈ സീസണിലെ റണ്‍വേട്ടക്കാരിലെ ആദ്യ പത്തില്‍ ഇടം നേടിയത്.

സൂര്യകുമാര്‍ യാദവ് ഇഷാന്‍ കിഷന്‍

പ്ലേയിങ് ഇലവന്‍ അടിക്കടി മാറ്റാതെയുള്ള മുംബൈയുടെ പരീക്ഷണത്തിന് കൂടി അവകാശപ്പെട്ടതാണ് അവരുടെ അഞ്ചാം കിരീടം. പരിക്കോ എതിരാളിയുടെ ദൗര്‍ബല്യമോ മനസിലാക്കിയല്ലാതെ മുംബൈ അവരുടെ ടീം കാര്യമായി മാറ്റിയിട്ടില്ല. ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് ധവാല്‍ കുല്‍ക്കര്‍ണിക്ക് അവസരം ലഭിച്ചത്. ഫൈനലില്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാറിന് പകരക്കാരനായി ഓഫ് സ്പിന്നര്‍ ജയന്ത് യാദവ് വന്നത് മുംബൈയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഈ സീസണില്‍ ഫൈനലിന് മുമ്പ് ഒരു മത്സരം മാത്രമെ ജയന്ത് കളിച്ചിട്ടുള്ളൂ. അതും ഡല്‍ഹിക്കെതിരെ തന്നെ. അന്ന് മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രമാണ് ജയന്ത് വിട്ടുകൊടുത്തത്. മാത്രമല്ല ഡല്‍ഹിയുടെ ബിഗ് ഹിറ്റേഴ്‌സായ ശിഖര്‍ധവാന്‍, റിഷബ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരെ മെരുക്കാന്‍ കൂടിയായിരുന്നു അത്. കുല്‍ക്കര്‍ണിയുള്‍പ്പെടെ 15 കളിക്കാരെ മാത്രമാണ് മുംബൈ ഈ സീസില്‍ ഉപയോഗിച്ചത്. ബെഞ്ചിനെ അധികം ഉപയോഗിക്കാതെ നേട്ടമുണ്ടാക്കാനും മുംബൈക്കായി.

ആധികാരികമായിട്ട് തന്നെയായിരുന്നു മുംബൈയുടെ കിരീടധാരണം. മുംബൈയുടെ 'ടോട്ടല്‍ സ്ട്രങ്തിനെ' വെല്ലുവിളിക്കാന്‍ പോന്നൊരു ടീം ഈ സീസണിലില്ലായിരുന്നു എന്ന് വേണം പറയാന്‍. ആറു മാസങ്ങള്‍ക്കിപ്പുറം അടുത്ത ഐപിഎല്ലും വരുന്നുണ്ട്. കാര്യമായ മാറ്റങ്ങളില്ലാതെയാവും മുംബൈ പതിനാലാം സീസണിലും ഗ്രൗണ്ടിലെത്തുക. മുംബൈയുടെ ഈ സ്ട്രങ്തിനെ വെല്ലുവിളിക്കാനായില്ലെങ്കില്‍ മറ്റു ടീമുകള്‍ക്ക് രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കേണ്ടി വരും.

TAGS :

Next Story