Quantcast

പിറന്നത് 70 സിക്സറുകള്‍; റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര

പരമ്പരയില്‍ ഏറ്റവുമധികം സിക്സര്‍ അടിച്ചത് ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ആണ്, 14 സിക്സറുകള്‍.

MediaOne Logo

Web Desk

  • Published:

    29 March 2021 9:36 AM GMT

പിറന്നത് 70 സിക്സറുകള്‍; റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര
X

റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര. മൂന്നാം ഏകദിനത്തില്‍ 18 സിക്സറുകള്‍ കൂടെ പിറന്നതോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയയത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ ഏറ്റവുമധികം സിക്സറുകള്‍ പിറക്കുന്ന പരമ്പര എന്ന റെക്കോര്‍ഡാണ് ഇന്നലെ ഇരു ടീമുകളും ചേര്‍ന്ന് കുറിച്ചത്. ന്യൂസിലാന്‍ഡ്-ശ്രീലങ്ക പരമ്പരയില്‍ പിറന്ന 57 സിക്സര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 2019ല്‍ നടന്ന ഏകദിന പരമ്പരയിലായിരുന്നു ന്യൂസിലാന്‍ഡ്-ശ്രീലങ്ക ടീമുകളുടെ നേട്ടം.

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനത്തില്‍ 18 സിക്സറുകള്‍ പിറന്നതോടെ ഈ പരമ്പരയിലെ ആകെ സിക്സറുകളുടെ എണ്ണം 70 ആയി. പരമ്പരയില്‍ ഏറ്റവുമധികം സിക്സര്‍ അടിച്ചത് ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ആണ്, 14 സിക്സറുകള്‍. 11 സിക്സറുകള്‍ വീതം അടിച്ച ഋഷഭ് പന്തും ബെന്‍ സ്റ്റോക്സും ബെയര്‍സ്റ്റോക്ക് പിന്നിലായി ഉണ്ട്.

സിക്സറുകളുടെ റെക്കോര്‍ഡിന് പിന്നാലെ ഒരു എട്ടാം നമ്പര്‍ ബാറ്റ്സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്കോറും പിറന്നത് ഈ മത്സരത്തില്‍ തന്നെ. ഇംഗ്ലണ്ടിന്‍റ ചെറുത്തുനില്‍പ്പിന് ചുക്കാന്‍ പിടിച്ച സാം കറന്‍ പുറത്താകാതെ നേടിയ 95 റണ്‍സാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. നേരത്തെ ക്രിസ് വോക്‌സും ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറിലിറങ്ങി 95 റണ്‍സെടുത്തിട്ടുണ്ട്. 2016ലായിരുന്നു ക്രിസ് വോക്‌സിന്‍റെ പ്രകടനം. എന്നാല്‍ ക്രിസ് വോക്സിനേക്കാള്‍ കുറവ് പന്തില്‍ നിന്നായിരുന്നു സാം കറന്‍റെ 95 റണ്‍സ് നേട്ടം. അതുകൊണ്ട് തന്നെ നിലവിലെ റെക്കോര്‍ഡ് നേട്ടം കറന്‍റെ പേരിലായി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story