ഇനി 81 റണ്‍സിന്‍റെ ദൂരം, കയ്യിലുള്ളത് നാല് വിക്കറ്റ് ; നായകനില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
മുഹമ്മദ് അസ്ഹറുദ്ധീന്‍ പുറത്ത്
നാഗ്പൂര്‍: രഞ്ജി ട്രോഫി കലാശപ്പോരിൽ വിദർഭയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ കേരളത്തിന് ഇനി വേണ്ടത് 81 റണ്‍സ് മാത്രം. അർധ സെഞ്ച്വറിയുമായി ക്രീസിൽ നിലയുറപ്പിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് പ്രതീക്ഷകൾ മുഴുവൻ. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 11 റൺസുമായി ജലജ് സക്‌സേനയും ക്രീസിലുണ്ട്.
രണ്ടാം സെഷന്റെ അവസാന മിനിറ്റുകളിൽ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിർണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. 34 റൺസെടുത്ത അസ്ഹറിനെ ദർശൻ നൽകണ്ഡേ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
131ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ കേരളം വലിയ ചെറുത്തുനിൽപ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സർവതെ- സച്ചിൻ ബേബി കൂട്ടുകെട്ട് 170 റൺസ് വരെ നീണ്ടു. ഒടുവിൽ ഹർഷ് ദുബെയുടെ പന്തിൽ ദാനിഷ് മലേവാറിന് പിടികൊടുത്ത് 79 റൺസുമായി സർവതെ തിരിഞ്ഞുനടന്നു. പക്ഷേ ക്രീസിലുറച്ച സചിൻ ബേബിക്കൊപ്പം സൽമാൻ നിസാർ ഒത്തുചേർന്നതോടെ സ്കോർ ബോർഡ് അനങ്ങി. പക്ഷേ ഹർഷ് ദുബെയുടെ പന്തിൽ സൽമാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
ഏദൻ ആപ്പിൾ ടോം, എംഡി നിഥീഷ്, എൻ.ബാസിൽ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ക്രീസിൽ അതിജീവിച്ച് വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 379 റൺസ് മറികടന്നാല്‍ കേരളം ആ മോഹക്കപ്പിലേക്കടുക്കും.
Adjust Story Font
16