ബാറ്റിന് പകരം ഗിറ്റാർ കയ്യിലെടുത്ത് ഡിവില്ലിയേഴ്സ്: പിറന്നാൾ പാട്ട് ഹിറ്റ്
പാട്ട് പാടുന്നതിൽ മുന്നത്തേക്കാളും പുരോഗതി നേടിയിട്ടുണ്ടെന്ന് മാക്സ്‍വെലിന്‍റെ കമന്‍റ്
എബി ഡിവില്ലിയേഴ്സ് ക്രീസിലെത്തിയാൽ ആരാധകർ ഞെട്ടാൻ തയ്യാറായിരിക്കും. ബാറ്റുകൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കാറുള്ള എബി പക്ഷേ ഇത്തവണ തന്റെ കഴിവ് പുറത്തെടുത്തത് ക്രീസിലല്ല, പാട്ട് പാടിയാണ്. അച്ഛന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ദക്ഷിണാഫ്രിക്കൻ താരം പാട്ട് പാടി ആഘോഷിച്ചത്.
ക്വാളിറ്റിയിൽ ഒരുതരി വിട്ടുവീഴ്ച്ചയില്ലാതെ മികച്ച രീതിയിൽ തന്നെയായിരുന്നു 'മിസ്റ്റർ 360 യുടെ സംഗീത സമ്മാനം. ജെയ്സൻ മാർസിന്റെ 'ഐ വോണ്ട് ഗിവ് അപ്' എന്ന പാട്ടാണ് ഡിവില്ലിയേഴ്സ് ഗിറ്റാർ വായിച്ചുകൊണ്ട് ഭാര്യക്കൊപ്പം ചേർന്ന് പാടിയത്. തന്റെ എല്ലാകാലത്തെയും പ്രിയപ്പെട്ട പാട്ട് അച്ഛന് വേണ്ടി പാടാൻ സാധിച്ചത് അത്യധികം സന്തോഷം നൽകുന്നതാണെന്ന് ഡിവില്ലിയേഴ്സ് കുറിച്ചു.
എബിയുടെ പാട്ട് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു. പാട്ട് പാടുന്നതിൽ മുന്നത്തേക്കാളും പുരോഗതി നേടിയിട്ടുണ്ടെന്ന ട്രോളുമായാണ് ആസ്ത്രേലിയൻ താരവും ബംഗളുരു സഹ കളിക്കാരനുമായ ഗ്ലേൻ മാക്സവെൽ രംഗത്തെത്തിയത്. അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഡിവില്ലിയേഴ്സ് പാട്ട് പാടിയത്. പാട്ടിന്റെ ചെറിയ ഭാഗം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു.
Adjust Story Font
16