Quantcast

അഭിഷേക് ശര്‍മ; രോഹിത് ശര്‍മക്ക് ഇതാ ഒരു പിന്‍ഗാമി

സിംബാവെക്കെതിരെ ആദ്യ 50 ൽ തൊടാൻ അഭിഷേക് എടുത്തത് 33 പന്താണെങ്കിൽ അടുത്ത 50 റൺസിനായി എടുത്തത് വെറും 13 പന്ത്

MediaOne Logo

Web Desk

  • Published:

    8 July 2024 9:46 AM GMT

അഭിഷേക് ശര്‍മ; രോഹിത് ശര്‍മക്ക് ഇതാ ഒരു പിന്‍ഗാമി
X

പന്തുകളെ ഞാനിങ്ങനയെ നേരിടൂ...അത് ആദ്യ പന്താണെങ്കിലും അവസാന പന്താണെങ്കിലും. അപ്പോൾ എന്റെ മനസ്സ് പറയുന്നത് എന്താണോ.. ഞാനത് ചെയ്യും. വീഴ്ചകളെ കുറിച്ച് ഭയമൊന്നുമില്ല.

സിംബാവേക്കെതിരെ നേരിട്ട ആദ്യ പന്തിനെ തന്നെ ഗാലറിയിലെത്തിച്ചതിനെ കുറിച്ച് അഭിഷേക് ശർമ കളിക്ക് ശേഷം പറഞ്ഞതിങ്ങനെയാണ്. ഇന്ത്യൻ ജഴ്‌സിയിൽ തന്റെ ആദ്യ സെഞ്ച്വറിയിലേക്ക് അടുക്കുമ്പോൾ അയാളുടെ മുഖത്ത് ഭയത്തിന്റെ നിഴലൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്‌സ് 14ാം ഓവറിലേക്ക് കടക്കുമ്പോൾ അഭിഷേകിന്റെ സ്‌കോർ 82.

സൂക്ഷിച്ച് കളിച്ചാൽ 15ാ മത്തെ ഓവറിലാണെങ്കിലും സെഞ്ച്വറിയിൽ തൊടാം. എന്നാൽ ആ ചരിത്ര നേട്ടത്തിനായി കാത്ത് നിൽക്കാൻ അയാൾ തയ്യാറായിരുന്നില്ല. വെല്ലിങ്ടൺ മസാകാട്‌സ എറിഞ്ഞ 14ാം ഓവറിൽ തുടരെ 3 പന്ത് കളെ ഗാലറിയിലെത്തിച്ച് അഭിഷേക് തന്റെ സെഞ്ച്വറിയിൽ കുറിച്ചു. അടുത്ത പന്തിൽ തന്നെ വിക്കറ്റ് നൽകി മടക്കം.

സിംബാവെക്കെതിരെ ആദ്യ 50 ൽ തൊടാൻ അഭിഷേക് എടുത്തത് 33 പന്താണെങ്കിൽ അടുത്ത 50 റൺസിനായി എടുത്തത് വെറും 13 പന്ത്. മൂന്നക്കം കടക്കാൻ ആകെ നേരിട്ടത് 47 പന്ത്. ടി20 ക്രിക്കറ്റിൽ ഒരിന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി.

അതെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ആ 23 കാരൻ തന്റെ വരവറിയിച്ചിരിക്കുന്നു. ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങുമ്പോൾ ഐ.പി.എൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ് എന്നും അതിത്തിരി കടുപ്പമാണെന്നുമൊക്കെ വിമർശകർ അയാൾക്ക് ക്ലാസെടുത്ത് തുടങ്ങിയിരുന്നു. പക്ഷെ തനിക്കിതെല്ലാം ഒന്നാണെന്ന് വിളിച്ച് പറയുകയായിരുന്നു അഭിഷേക്. എട്ട് പടുകൂറ്റൻ സിക്‌സുകളും ഏഴ് ഫോറുകളും അയാളുടെ ഇന്നിങ്‌സിന് അകമ്പടി ചാർത്തി. ഐ.പി.എല്ലിൽ എവിടെയാണോ നിർത്തിയത് അവിടെ നിന്ന് തുടങ്ങുകയായിരുന്നു അയാള്‍.

ലോകകപ്പ് നേട്ടത്തോടെ ടി210 ക്രിക്കറ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയുടെ വിടവ് ഓപ്പണിങ്ങിൽ ആരു നികത്തും എന്ന ചോദ്യത്തിന് ഉത്തരമെത്തിയിരിക്കുന്നു എന്നാണ് അഭിഷേകിന്റെ അതിശയ ഇന്നിങ്‌സിന് ശേഷം നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

11ാം ഓവർ മുതലാണ് ഹരാരേയിൽ അഭിഷേകിന്റെ വെടിക്കെട്ട് ആരംഭിക്കുന്നത് തന്നെ. 30 പന്തിൽ 41 റൺസായിരുന്നു അപ്പോൾ അയാളുടെ സമ്പാദ്യം. ഡിയോൺ മെയേഴ്‌സ് എറിഞ്ഞ 11ാം ഓവറിൽ അടിച്ചെടുത്തത് 28 റൺസ്. ആ ഓവറിൽ പിറന്നത് രണ്ട് സിക്‌സും മൂന്ന് ഫോറും. അതേ ഓവറിൽ അയാളുടെ അർധ സെഞ്ച്വറിയും പിറന്നു. പിന്നെ സെഞ്ച്വറിയിലേക്ക് വെറും രണ്ടോവറിന്റെ ദൂരം. മസാകാദ്‌സ എറിഞ്ഞ 13ാം ഓവറിൽ അടിച്ചെടുത്തത് 21 റൺസാണ്.

ക്രീസില്‍ നിലയുറപ്പിക്കുന്ന സമയത്തോളം തകര്‍ത്തടിച്ച് കൊണ്ടേയിരിക്കുക എന്നതാണ് മൈതാനത്ത് അഭിഷേകിന്‍റെ പോളിസി. വിക്കറ്റ് സൂക്ഷിച്ച് കളിക്കാന്‍‌ അയാള്‍ ശ്രമം നടത്തുന്നത് ഒരിക്കല്‍ പോലും ആരാധകര്‍ കണ്ടിട്ടില്ല. ഇന്നലെ ഹരാരേയിലും അത് തന്നെയാണ് കണ്ടത്. സെഞ്ചുറിക്ക് ശേഷം അടുത്ത പന്തും ഗാലറിയിലെത്തിക്കാനാണ് അഭിഷേക് ശ്രമിച്ചത്. ഒടുവിതൊരു ക്യാച്ചില്‍ കലാശിച്ചു. കഴിഞ്ഞ ഐ.പി.എല്ലില്‍ അയാളുടെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങള്‍ പലവുരു കണ്ടതാണ് നമ്മള്‍. റെക്കോര്‍ഡ് ബുക്കുകള്‍ പലതും തിരുത്തിയെഴുതി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മലകളില്‍ പലതും അയാളും ട്രാവിസ് ഹെഡ്ഡും ചേര്‍ന്നാണ് പടുത്തുയര്‍ത്തിയത്.

ഐ.പി.എൽ തുടങ്ങുന്നതിന് മുമ്പ് അപകടകാരികളായ ബാറ്റര്‍മാരുടെ പട്ടികയിലൊന്നും അയാളുടെ പേര് ക്രിക്കറ്റ് വിശാരദര്‍ ആരും എഴുതിച്ചേര്‍ത്തിരുന്നില്ല.. പക്ഷേ ഐ.പി.എൽ തുടങ്ങിയതോടെ കളിമാറി.. കഥയും. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരു 23 കാരന്‍റെ മാസ് എന്‍ഡ്രിയാണ് പിന്നീട് ആരാധകര്‍ കണ്ടത്. കഴിഞ്ഞ സീസണില്‍ 16 ഇന്നിങ്സുകളിൽ നിന്നും അഭിഷേക് അടിച്ചുകൂട്ടിയത് 484 റൺസാണ്. അതും 204 സ്ട്രൈക്ക് റേറ്റില്‍ . ഇത്രയുമധികം സ്ട്രൈക്ക് റേറ്റിൽ മറ്റൊരു താരവും സീസണിൽ 400 പിന്നിട്ടിട്ടില്ല എന്നോര്‍ക്കണം. ഇതിൽ തന്നെ ഏറ്റവും കൗതുകം അയാൾ ഒരു കളിയിൽ പോലും 28 ലധികം ​പന്തുകൾ നേരിട്ടിട്ടില്ല എന്നതാണ്. ഒരു കളിയിൽ പോലും 30 പന്തുകൾ അഭിമുഖീകരിക്കാതെ ഒരു താരം 400 റൺസിലധികം നേടുന്നത് ഐ.പി.എൽ ചരിത്രത്തിൽ ആദ്യമാണ്.

സത്യത്തിൽ കരിയറിന്റെ ആദ്യത്തിൽ കുറച്ചു ബാറ്റുചെയ്യാനറിയുന്ന ഒരു ഇടം കൈയ്യൻ സ്പിന്നറായിരുന്നു അഭിഷേക് . പക്ഷേ തന്റെ ബാറ്റിങ് രാകിമിനുക്കിയെടുത്ത അഭിഷേക് ഒരു സ്​പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലേക്ക് പിന്നീട് ഉയരുകയായിരുന്നു. 2016 ഏഷ്യ കപ്പ് നേടിയ അണ്ടർ 19 ടീമിലും 2018ലെ അണ്ടർ 19 ​ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അഭിഷേക് ഉണ്ടായിരുന്നു. 2018 ഐ.പി.എല്‍ സീസണിൽ 55ലക്ഷം നൽകി ഡൽഹി ഡെയർഡെവിൾസ് താരത്തെ കൂടാരത്തിലെത്തിച്ചു.. തൊട്ടടുത്ത സീസണിലാണ് ഹൈദരബാദിലെത്തുന്നത്. പക്ഷേ കാര്യമായ അവസരങ്ങളോ കിട്ടിയ അവസരങ്ങളിൽ പ്രതീക്ഷക്കൊത്തുയരാനോ സാധിച്ചില്ല. നാലുസീസണുകളിൽ നിന്നായി 22 മത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ. പക്ഷേ സൺറൈസേഴ്സ് ഹൈദരാബാദിന് അഭിഷേകിൽ പ്രതീക്ഷയുണ്ടായിരുന്നു. 2022 ലേലത്തിൽ 6.5 കോടി നൽകി താരത്തെ നിലനിർത്തി. ആ സീസണിൽ 426 റൺസടിച്ച് അഭിഷേക് ടീമിന്റെ പ്രതീക്ഷകൾ കാത്തു.

അച്ഛൻ രാജ് കുമാർ ശർമയാണ് അഭിഷേകിന് ബാറ്റിങ്ങിലെ ആദ്യ പാഠങ്ങൾ പകരുന്നത്. പഞ്ചാബിൽ നിന്നുള്ള താരത്തെ രാകിമിനുക്കിയെടുത്തവരിൽ മറ്റൊരാൾ സാക്ഷാൽ യുവരാജ് സിങ്ങാണ്. യുവരാജിന്റെ കൂ​ടെ നെറ്റ്സിൽ ദീർഘനേരമുള്ള സെഷനുകൾ ഗുണം ചെയ്തെന്ന് താരം മുമ്പൊരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. ഏതായാലും ഇതിഹാസങ്ങള്‍ എത്ര പടിയിറങ്ങിയാലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാണെന്ന് തന്നെ പറയേണ്ടി വരും.

TAGS :

Next Story