രാജ്യം ഈ അച്ഛനോട് കടപ്പെട്ടിരിക്കുന്നു..
ഹരിയാനയിലെ സോണിപത് ജില്ലയിൽ നഹ്റി ഗ്രാമത്തിലെ കർഷക കുടുംബത്തിലെ അംഗം. ഫയൽവാൻമാരുടെ ഗ്രാമമാണ് നഹ്റി..
പാട്ടത്തിനെടുത്ത വയലിൽ കൃഷി ചെയ്ത് മകന്‍റെ പോരാട്ടത്തിനായി വീര്യം പകർന്ന ഒരു അച്ഛനോട് കടപ്പെട്ടിരിക്കുകയാണ് രാജ്യം. കിലോമീറ്ററുകളോളം മകന്‍റെ പരിശീലനത്തിനായി യാത്ര ചെയ്ത് അവന് വേണ്ടതെല്ലാം ഒരുക്കിയ അച്ഛന്‍റെ സമർപ്പണം കൂടിയാണ് ഒളിമ്പിക്സില്‍ രവികുമാര്‍ ദഹിയ നേടിയ വെള്ളി മെഡൽ
ഹരിയാനയിലെ സോണിപത് ജില്ലയിൽ നഹ്റി ഗ്രാമത്തിലെ കർഷക കുടുംബത്തിലെ അംഗം. ഫയൽവാൻമാരുടെ ഗ്രാമമാണ് നഹ്റി. ഇവിടെ പിറന്ന് വീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഗുസ്തി പിടിച്ച് വളർന്നു രവികുമാർ. പക്ഷേ ആ പരിശീലനത്തിൽ നിർത്തിയില്ല രവികുമാറിന്‍റെ അച്ഛൻ രാകേഷ് കുമാർ. മകനെ മികച്ച പരിശീലനത്തിനയച്ചു. 60 കിലോമീറ്റർ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് മകനായി രണ്ട് നേരവും കിലോമീറ്ററുകൾ നടന്നും ട്രെയിൻ കയറിയും പാലും വെണ്ണയുമെത്തിച്ചു. ആ അച്ഛന്‍റെ ദൃഢനിശ്ചയവും അർപ്പണവുമാണ് ടോക്യോയിലെ ഗോദയിലെ തിളക്കം.
പത്താം വയസ്സിലാണ് രവികുമാർ ദഹിയ, ഇന്ത്യക്ക് ഒളിമ്പ്യൻമാരെ സമ്മാനിച്ച പരിശീലൻ സത്പാൽ സിംഗിന്‍റെ സമീപമെത്തുന്നത്. 2015ൽ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വരവറിയിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ സ്വർണം നേടി. ഈ 23കാരൻ ടോക്യോയിലെ ഗോദയിൽ ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ഫയൽവാൻമാരുടെ ഗ്രാമത്തിലെ വളർന്ന് വരുന്ന തലമുറകൾ വരും നാളുകളിലെ ഒളിമ്പിക്സുകളിലേക്കുള്ള പരിശീലനത്തിലാണ്.
രവി കുമാർ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് നഹ്റി ഗ്രാമം. എപ്പോഴും പവർകട്ടുള്ള വല്ലപ്പോഴും വൈദ്യുതിയെത്തുന്ന നാട്. ആശുപത്രിയിലെത്താൻ മണിക്കൂറുകൾ നടക്കണം. ഒളിമ്പിക്സിലെ മെഡൽ ജേതാവ് സോണിപതിലെത്തുമ്പോൾ ഈ ഗ്രാമക്കാർക്ക് പ്രതീക്ഷകളുണ്ട്.. തങ്ങളുടെ നാടിന് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ.
Adjust Story Font
16