ഒളിംപിക്സിൽ ഇസ്രായേലിനെതിരെ മത്സരിക്കാൻ വിസമ്മതിച്ച് അൾജീരിയൻ ജൂഡോ താരം
ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും സസ്‍പെൻഡ് ചെയ്തു
ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ ടോക്കിയോ ഒളിംപിക്സിൽ നിന്നും പിന്മാറി അൾജീരിയൻ ജൂഡോ താരം ഫതഹി നൗറിൻ. ആദ്യ റൗണ്ടിൽ അടുത്ത തിങ്കളാഴ്ച സുഡാൻ താരം മുഹമ്മദ് അബ്ദുൽ റസൂലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഇതിൽ ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇസ്രായേലി താരം തോഹർ ബുത്ബുളുമായി ഏറ്റുമുട്ടേണ്ടി വരുമെന്നതിനാലാണ് ഫതഹി നൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്. ഫലസ്തീൻ പോരാട്ടത്തിനുള്ള തന്റെ രാഷ്ട്രീയ പിന്തുണ ഇസ്രയേലുമായി മത്സരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് ഫതഹി നൗറിൻ വ്യാഴാഴ്ച അൾജീരിയൻ ടെലിവിഷനോട് പറഞ്ഞു.
" ഒരുപാട് പരിശ്രമിച്ചിട്ടാണ് ഒളിംപിക്സിലെത്തിയത്. എന്നാൽ ഫലസ്തീൻ പോരാട്ടം എല്ലാത്തിലും വലുതാണ്" - അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനം അന്തിമം ആണെന്നും ഫതഹി പറഞ്ഞു. ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ ഇതാദ്യമായല്ല ഫതഹി മത്സരത്തിൽ നിന്നും പിന്മാറുന്നത്. 2019 ൽ ടോക്കിയോയിൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം പിന്മാറിയിരുന്നു.
ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും സസ്‍പെൻഡ് ചെയ്തു. ഇരുവരുടെയും തീരുമാനം തങ്ങളുടെ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16