Quantcast

ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 താരങ്ങളും അണ്‍സോള്‍ഡ്; നാണംകെട്ട് പാക് ക്രിക്കറ്റ്

ഇംഗ്ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ലീഗായ ദ ഹണ്ട്രഡിലാണ് ഒരു ടീം പോലും പാക് താരങ്ങളെ ലേലത്തിൽ വിളിച്ചെടുക്കാന്‍ തയ്യാറാകാതിരുന്നത്

MediaOne Logo

Web Desk

  • Updated:

    14 March 2025 10:02 AM

Published:

14 March 2025 9:56 AM

ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 താരങ്ങളും അണ്‍സോള്‍ഡ്; നാണംകെട്ട് പാക് ക്രിക്കറ്റ്
X

സ്വന്തം മണ്ണിൽ അരങ്ങേറിയ ചാമ്പ്യൻസ് ട്രോഫിയിൽ സെമി പോലും കാണാതെ പുറത്തായതിന്റെ മുറിവുണങ്ങും മുമ്പേ പാകിസ്താൻ ക്രിക്കറ്റിനെ തേടി മറ്റൊരു നാണക്കേടിന്റെ വാർത്ത കൂടെ. ഇംഗ്ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ലീഗായ ദ ഹണ്ട്രഡിൽ ഒരു ടീം പോലും പാക് താരങ്ങളെ ലേലത്തിൽ വിളിച്ചെടുത്തില്ല. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളുമടക്കം മൊത്തം 50 പാക് താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്.

ഇമാദ് വസീം, സാഇം അയ്യൂബ്, ഷദാബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങി വലിയ തുക മുടക്കി ടീമുകൾ തട്ടകത്തിലെത്തിക്കും എന്ന് കരുതിയ പ്രമുഖരൊക്കെ അൺസോൾഡായതിന്റെ ഞെട്ടലിലാണ് പാക് ആരാധകർ.

അഫ്ഗാൻ സ്പിന്നർ നൂർ അഹ്‌മദും ന്യൂസിലന്റ് ഓൾറൗണ്ടർ മിച്ചൽ ബ്രേസ്വെല്ലുമാണ് ലേലത്തിൽ കൂടുതൽ തുക കരസ്ഥമാക്കിയത്. മാഞ്ചസ്റ്റർ ഒറിജിനൽസാണ് നൂറിനെ ടീമിലെത്തിച്ചത്. ബ്രേസ് വെല്ലിനെ സത്തേൺ ബ്രേവാണ് സ്വന്തമാക്കിയത്. മുൻ ഓസീസ് താരം ഡേവിഡ് വാർണറിനെ ലണ്ടൻ സ്പിരിട്ട് സ്വന്തമാക്കി.

ഹണ്ട്രഡിലെ എട്ടു ടീമുകളിലെ നാലും ഐ.പി.എൽ ഫ്രാഞ്ചസികളുടെ ഉടമസ്ഥതയിലാണ്. റിലയൻസ്, സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ്, സൺ ഗ്രൂപ്പ്, ജി.എം.ആർ ഗ്രൂപ്പ് എന്നിവയാണ് ലീഗിൽ നിക്ഷേപം നടത്തിയ ഗ്രൂപ്പുകൾ. പാക് താരങ്ങൾക്കായി ടീമുകൾ മുന്നോട്ട് വരാത്തതിന് കാരണം ഇതാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.,

TAGS :

Next Story