ആഞ്ചലോട്ടി പരിഹസിച്ച കക്ക ഇതിഹാസമായ കഥ
'നീയിന്ന് സ്‌കൂളിൽ പോവുന്നില്ലെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നോ. ഇത് മുതിർന്നവർ പന്ത് തട്ടുന്ന ട്രെയിനിങ് ഗ്രൗണ്ടാണെന്നും കുട്ടികളെ ഇങ്ങോട്ട് കയറ്റാറില്ലെന്നും ഇവനാരും പറഞ്ഞ് കൊടുത്തില്ലേ. ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും മുമ്പ് സെക്യൂരിറ്റി ഗാർഡ് ഇവന്റെ ഐ.ഡി കാർഡ് പരിശോധിക്കണമായിരുന്നു'. ഇങ്ങനെ പോയി ആഞ്ചലോട്ടിയുടെ പരിഹാസങ്ങൾ
'മിലാനിലെ മാൽപെൻസാ എയർപോർട്ടിൽ വിമാനമിറങ്ങി റിക്കാർഡോ കക്ക എന്ന ആ 21 കാരൻ ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു. ഞാനെന്റെ കൈകളിൽ മുഖമമർത്തി. മുടി വൃത്തിയായി ചീകിയൊതുക്കി ഐ ഗ്ലാസ് ധരിച്ചൊരു പയ്യൻ. ഒരു സ്‌കൂൾ ബാഗിന്റെ കുറവ് കൂടെയെ അവനുണ്ടായിരുന്നുള്ളൂ. ഞങ്ങളൊരു കോളേജ് സ്റ്റുഡന്റിനേയാണല്ലോ സൈൻ ചെയ്തത് എന്ന് ഓർത്ത് ഞാൻ ഏറെ പരിതപ്പിച്ചു. ഒരു ബ്രസീലിയൻ ഫുട്ബോളറുടെ രൂപഭാവങ്ങളൊന്നും അയാൾക്കുണ്ടായിരുന്നില്ല.'
സാവോ പോളോയിൽ നിന്ന് കൂടുമാറി എ.സി മിലാനൊപ്പം ചേരുമ്പോൾ റിക്കാർഡോ കക്ക ആരാണെന്ന് പോലും മിലാൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് അറിയുമായിരുന്നില്ല. കക്കയുടെ കളി കാണും മുമ്പേ ടീമിന്റെ ഒരു പ്രസ് കോൺഫറൻസിൽ പങ്കെടുക്കേണ്ടി വന്ന ആഞ്ചലോട്ടിയോട് എ.സി മിലാന്റെ പുതിയ സൈനിങ്ങിനെ കുറിച്ച് ചില മാധ്യമപ്രവർത്തകർ ചോദിച്ചു. എന്താണ് പറയേണ്ടത് എന്ന് അയാൾ ഒരൽപനേരം ആലോചിച്ചു. ചെറിയൊരു നിശബ്ദതക്ക് ശേഷം ആഞ്ചലോട്ടി പറഞ്ഞ് തുടങ്ങി.
'അതെ... കക്ക നല്ലൊരു മിഡ്ഫീൽഡറാണ്. പക്ഷെ ഒരൽപ്പം വേഗതക്കുറവുണ്ടയാൾക്ക്. അയാളുടെ കളി കാണുമ്പോൾ മുൻ റോമാ താരം ടൊനീഞോ സിറേസോയെ ആണ് എനിക്കോർമ വരുന്നത്.' ആഞ്ചലോട്ടി കാടു കയറി പോവുകയായിരുന്നു. ഒടുവിൽ ആ വാർത്താ സമ്മേളനം അവസാനിച്ചു. മിലാനൊപ്പം ചേർന്ന് ദിവസങ്ങൾക്ക് ശേഷം ടീമിനൊപ്പമുള്ള ആദ്യ ട്രെയിനിങ് സെഷനായി കക്ക മിലാനെല്ലോയിലേക്ക് കടന്നു വന്നു. അയാളെ കണ്ടയുടൻ ആഞ്ചലോട്ടി തമാശ രൂപേണ ഇങ്ങനെ ചോദിച്ചു.
'നീയിന്ന് സ്‌കൂളിൽ പോവുന്നില്ലെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നോ. ഇത് മുതിർന്നവർ പന്ത് തട്ടുന്ന ട്രെയിനിങ് ഗ്രൗണ്ടാണെന്നും കുട്ടികളെ ഇങ്ങോട്ട് കയറ്റാറില്ലെന്നും ഇവനാരും പറഞ്ഞ് കൊടുത്തില്ലേ. ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും മുമ്പ് സെക്യൂരിറ്റി ഗാർഡ് ഇവന്റെ ഐ.ഡി കാർഡ് പരിശോധിക്കണമായിരുന്നു'. ഇങ്ങനെ പോയി ആഞ്ചലോട്ടിയുടെ പരിഹാസങ്ങൾ. എന്നാൽ കക്ക മൈതാനത്ത് പന്തിൽ തന്റെ ആദ്യ ടച്ച് നടത്തും വരെയെ ആഞ്ചലോട്ടിയുടെ പരിഹാസങ്ങൾക്ക് ആയുസുണ്ടായിരുന്നുള്ളൂ.
ട്രെയിനിങിനിടയിലെ ഒരു നിമിഷത്തിൽ പന്തുമായി കുതിച്ച കക്കയെ അപകടകരമായോരു ഷോൾഡർ പുഷ് കൊണ്ടാണ് മിലാൻ ഇതിഹാസം റിനോ ഗട്ടൂസോ സ്വാഗതം ചെയ്തത്. എന്നാൽ പന്ത് കാലിൽ നിന്ന് നഷ്ടപ്പെടാതെ ഗട്ടൂസോയെയും മറികടന്ന് കക്ക പാഞ്ഞു. കക്കയെ പിന്തുടർന്ന് പിടിക്കാനാവാതിരുന്ന ഗട്ടൂസോ അസഭ്യം പുലമ്പുന്നുണ്ടായിരുന്നു. ഒറ്റ കുതിപ്പിൽ തന്റെ സഹതാരത്തിന് ആ ബ്രസീലിയൻ വണ്ടർ കിഡ് 30 വാര അകലെ നിന്നൊരു നെടുനീളൻ പാസ് നൽകി. അലെസാൻഡ്രോ നെസ്റ്റക്ക് പോലും ആ പന്തിനെ തടഞ്ഞിടാനായില്ല.
ആഞ്ചലോട്ടി ഇമയടക്കാതെയാണ് ആ 21 കാരന്റെ മാന്ത്രിക പ്രകടനങ്ങളെ സൈഡ് ലൈനരികിൽ കണ്ടു നിന്നത്. ആ ട്രെയിനിങ് സെഷന് ശേഷം മിലാൻ സി.ഇ.ഒ ആയിരുന്ന അഡ്രിയാനോ ഗലിയാനിയെ ആഞ്ചലോട്ടി ഫോണിൽ വിളിച്ചു.
ഗലിയാനി നിങ്ങളുമായി പങ്കുവക്കാൻ ഒരു ചൂടുള്ള വാർത്തയുണ്ട് എന്റെ കയ്യിൽ. നല്ല വാർത്തയാണോ അതോ മോശം വാർത്തയോ.. ഗലിയാനി തിരിച്ച് ചോദിച്ചു. വളരെ നല്ലൊരു വാർത്ത. ആഞ്ചലോട്ടി മറുപടി നൽകി. കാർലോ.. നിങ്ങൾ രാജിവക്കാൻ പോവുകയാണോ. ഗലിയാനി തമാശ രൂപേണ മറുപടി നൽകി. അല്ല ഞാൻ ടീമിൽ തുടരും. കാരണമെന്താണെന്നോ.. നമ്മളൊരു പ്രതിഭാസത്തെ സൈൻ ചെയ്തിരിക്കുന്നു. ആഞ്ചലോട്ടി ഏറെ സന്തോഷത്തെയാണത് പറഞ്ഞ് വച്ചത്.
തുടർന്നുള്ള അഞ്ചോളം ട്രൈയിനിങ് സെഷനുകൾ കൊണ്ട് തന്നെ കക്ക ആഞ്ചലോട്ടിയുടെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായി മാറി. ടീമിലെത്തി ഒറ്റ മാസത്തിനുള്ളിൽ റൂയി കോസ്റ്റയെ റീപ്ലേസ് ചെയ്ത് ആഞ്ചലോട്ടി തന്റെ ആദ്യ ഇലവനിൽ കക്കയെ ഉൾപ്പെടുത്തി. അറ്റാക്കിക് മിഡ്ഫീൽഡറുടെ റോളിൽ ആദ്യ സീസണിൽ തന്നെ മിലാനിൽ നിറഞ്ഞാടിയ കക്ക 30 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ തന്റെ പേരിൽ കുറിച്ചു. ആ സീസണിൽ എ.സി മിലാന് സീരി എ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് കക്ക വഹിച്ചത്. കക്കയുടെ അസിസ്റ്റുകൾ പലതും ടീമിന്റെ വിജയങ്ങളിൽ നിർണായകമായി. ആദ്യ സീസണിൽ തന്നെ ഷെവ്ചെങ്കോയുടെ ടൈറ്റിൽ ഡിസൈഡിങ് ഹെഡ്ഡർ ഗോളിന് കക്ക നൽകിയ ക്രോസ് എ.സി മിലാൻ ആരാധകരുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ടാവും. ഇറ്റാലിയൻ മണ്ണിൽ തന്റെ പ്രഥമ സീസണിൽ തന്നെ സീരി എ യിലെ ഏറ്റവും മികച്ച താരമായി കക്ക തെരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം ബാലൻദ്യോർ പുരസ്‌കാരത്തിനും ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനും താരം നോമിനേറ്റ് ചെയ്യപ്പെട്ടു.
ഗട്ടൂസോ, സീഡ്രോഫ്, ആംബ്രോസിനി, റൂയി കോസ്റ്റ, ആന്ദ്രേ പിർലോ, കക്ക. 2004- 2005 സീസണിൽ എ.സി മിലാന്റെ മിഡ്ഫീൽഡ് അക്ഷരാർത്ഥത്തിൽ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. ആ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ മിലാന്റെ പടയോട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ചവരിൽ കക്കയുമുണ്ടായിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തേയും വലിയ തിരിച്ചു വരവിന്റെ കഥ പറഞ്ഞ ഇസ്താംബൂൾ മിറാക്കിളിൽ ലിവർപൂളിന് മുന്നിൽ മിലാൻ വീണു.
എന്നാൽ 2007 ൽ കാർലോ ആഞ്ചലോട്ടിയുടെ കളിക്കൂട്ടം ലിവർപൂളിനോട് പകരം വീട്ടി. ഏഥൻസിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മിലാൻ ലിവർപൂളിനെ തകർത്തു. കക്കയുടെ കരിയറിലെ സുവർണ കാലമായിരുന്നു അത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം കക്കയെ കൊണ്ടെത്തിച്ചത് ലോക ഫുട്ബോളിന്റെ നെറുകെയിലാണ്. ക്രിസ്റ്റ്ര്യാനോയെയും മെസ്സിയെയും പിന്തള്ളി ആ വർഷം ബാലൻദ്യോർ പുരസ്‌കാരം കക്കയുടെ കൈകകളിലെത്തി. അതേ വർഷം യുവേഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡും സീരി എ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരവും കക്കക്കായിരുന്നു.
മിലാനൊപ്പമുള്ള ആറ് സീസണുകൾ കക്കയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു. വെറും എട്ട് മില്യൺ യൂറോക്ക് ക്ലബ്ബിലെത്തിയ ബ്രസീലിയൻ സൂപ്പർ താരത്തെ 2009 ൽ പിന്നീട് സ്പാനിഷ് അതികായരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത് 68 മില്യൺ യൂറോക്കാണ്.
കക്കയെ ടീമിലെടുക്കുമ്പോൾ അയാളെ പരിഹസിച്ച ആഞ്ചലോട്ടി അയാളെ ഒരിതിഹാസമായി പരിവർത്തിപ്പിക്കുന്നതിൽ പിന്നീട് നിർണായക പങ്കാണ് വഹിച്ചത്. കക്കയുടെ ആദ്യ ട്രെയിനിങ്ങ് സെഷൻ കണ്ട ആഞ്ചലോട്ടി പറഞ്ഞ വാക്കുകൾ ഇപ്പോഴും മിലാൻ ആരാധകരുടെ മനസ്സിൽ കിടപ്പുണ്ടാവും. 'ദൈവവുമായി നേരിട്ട് സംവദിക്കുന്നൊരാൾ സ്വർഗത്തിൽ നിന്നിറങ്ങി വന്ന് മൈതാനത്ത് പന്ത് തട്ടുന്നതായാണ് അന്ന് എനിക്ക് തോന്നിയത്'
Adjust Story Font
16