Quantcast

ഫലസ്തീന്‍ അനുകൂല പോസ്റ്റ്; ഡച്ച് ഫുട്‌ബോളറെ പുറത്താക്കി ജര്‍മന്‍ ക്ലബ്ബ്

ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ തൊഴിൽ നഷ്ടം ഒന്നുമല്ലെന്ന് ഗാസി

MediaOne Logo

Web Desk

  • Updated:

    2023-11-06 14:27:03.0

Published:

6 Nov 2023 1:43 PM GMT

ഫലസ്തീന്‍ അനുകൂല പോസ്റ്റ്; ഡച്ച് ഫുട്‌ബോളറെ പുറത്താക്കി ജര്‍മന്‍ ക്ലബ്ബ്
X

ഫലസ്തീന്‍ അനുകൂല പോസ്റ്റിന്റെ പേരിൽ ഡച്ച് ഫുട്‌ബോൾ താരം അൻവർ എൽ ഗാസിയെ പുറത്താക്കി ജർമൻ ബുണ്ടസ് ലീഗ ക്ലബ്ബായ മെയിൻസ്. സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകളുടെ പേരിൽ താരവുമായുള്ള കരാർ റദ്ദാക്കുന്നതായി ക്ലബ്ബ് അറിയിച്ചു. വെള്ളിയാഴ്ചയാണ് താരത്തെ ടീം പുറത്താക്കിയത്.

നേരത്തേ ഡീലീറ്റ് ചെയ്‌തൊരു പോസ്റ്റിന്റെ പേരിൽ താരത്തെ ടീം സസ്‌പെൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ച ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ച താരം വീണ്ടും ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ടീം കടുത്ത നടപടികളിലേക്ക് കടന്നത്. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ തൊഴിൽ നഷ്ടം ഒന്നുമല്ലെന്ന് ഗാസി അറിയിച്ചു.

ഇസ്രായേൽ ഫലസ്തീൻ സംഘർഷം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തില്‍ ഫുട്ബോള്‍ ലോകത്ത് നിന്ന് നിരവധി പ്രതികരണങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. മുൻ ലോക ഫുട്‌ബോളർ കരീം ബെൻസേമ, മുൻ ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ, ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് തുടങ്ങിയവർ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയപ്പോൾ ആഴ്‌സണല്‍ താരം ഒലെക്‌സാണ്ടർ സിൻചെങ്കോ അടക്കമുള്ളവർ ഇസ്രായേലിന് പിന്തുണയറിയിച്ചു.

ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് തങ്ങള്‍ ഇസ്രായേലിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫലസ്തീന്‍ അനുകൂല നിലപാട് കൈക്കൊണ്ട ബയേണ്‍ താരം നൗസർ മസ്രോയിയെ വിലക്കിയ ക്ലബ്ബ് ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ ഇടരുതെന്ന് താരത്തിന് അന്ത്യ ശാസനം നല്‍കി.

ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് അല്‍ജീരിയന്‍ താരം യൂസെഫ് അതാലിനെ ഫ്രഞ്ച് ക്ലബ്ബ് നൈസ് ഏഴ് മത്സരങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത് നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഫിലിപ്പ് ഡിയാലോ പരസ്യമായി രംഗത്തെത്തി.

TAGS :

Next Story