Quantcast

'നിങ്ങളുടെ കമന്‍റേറ്റര്‍മാരെ കോഹ്ലിക്ക് വേണ്ടി പരിഹസിക്കുകയാണോ'; സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ ഗവാസ്കര്‍

'ഞങ്ങള്‍ പുറത്തുള്ള ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. പിന്നെയെന്തിനാണ് അതിന് മറുപടി പറഞ്ഞ് രംഗത്ത് വരുന്നത്'

MediaOne Logo

Web Desk

  • Updated:

    2024-05-05 09:44:06.0

Published:

5 May 2024 7:16 AM GMT

virat kohli
X

'പ്രിയപ്പെട്ട വിരാട് കോഹ്ലി... നിങ്ങളില്‍ നിന്ന് ഇതല്ല ആരാധകർ പ്രതീക്ഷിക്കുന്നത്. ഓപ്പണറായി ക്രീസിലെത്തുക. പുറത്താവുന്നതാവട്ടെ 14ാം ഓവറിലും. വിക്കറ്റ് വീഴുമ്പോള്‍ നിങ്ങളുടെ സ്‌ട്രൈക്ക് റൈറ്റ് നോക്കൂ.118. നേരിട്ട 31ാം പന്ത് മുതൽ നിങ്ങളുടെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും പിറന്നിട്ടില്ല'- ദിവസങ്ങൾക്ക് മുമ്പ് സൺറൈസൈഴ്‌സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടത്തിന് ശേഷം മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ രൂക്ഷമായ വിമർശനങ്ങളാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ അഴിച്ചു വിട്ടത്.

ഈ സീസൺ ഐ.പി.എല്ലിൽ റൺവേട്ടക്കാരിൽ മുന്നിലിണ്ടെങ്കിലും താരത്തിന്‍റെ സ്‌ട്രൈക്ക് റൈറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്. കോഹ്ലിയുടെ മെല്ലെപ്പോക്കാണ് ആർ.സി.ബിയുടെ തുടർതോൽവികളുടെ പ്രധാന കാരണമെന്നും ഓറഞ്ച് ക്യാപ്പിന് വേണ്ടിയാണ് താരം കളിക്കുന്നത് എന്നും വിമർശനമുയര്‍ന്നു. തന്റെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ കോഹ്ലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് പോലും ഇക്കാര്യം പറഞ്ഞാണ്.

എന്നാൽ വിമർശകരുടെ ആരോപണങ്ങൾക്ക് ഒരാഴ്ചയുടെ ആയുസ്സ് പോലുമുണ്ടായിരുന്നില്ല. ഗവാസ്‌കറിന്റെ വിമർശനം വന്ന ശേഷം തൊട്ടടുത്ത മത്സരത്തിൽ ഗുജറാത്തിനെതിരെ 44 പന്തിൽ 70 റൺസെടുത്താണ് കോഹ്ലി സ്‌ട്രൈക്ക് റൈറ്റ് വിമർശനങ്ങളെ ബൗണ്ടറി കടത്തിയത്. മത്സരത്തിൽ ഗുജറാത്തിനെ തകർത്ത ശേഷം വിമർശകർക്കെതിരെ പരസ്യമായി തന്നെ കോഹ്ലി രംഗത്തെത്തി.

'എന്റെ സ്‌ട്രൈക്ക് റൈറ്റ് കുറവാണെന്നും സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവർക്ക് അതിൽ ആനന്ദമുണ്ടാകും. എന്നെ സംബന്ധിച്ച് കളി ജയിപ്പിക്കുന്നതാണ് പ്രധാനം. കഴിഞ്ഞ 15 കൊല്ലമായി ഞാനീ മൈതാനങ്ങളിൽ ചെയ്ത് കൊണ്ടിരിക്കുന്നത് അതാണ്. വിമർശകർക്ക് വായിൽ തോന്നിയത് വിളിച്ച് പറയാം. കമന്ററി ബോക്‌സിലിരിക്കുന്നവർക്ക് ഗ്രൗണ്ടിലെ സാഹചര്യമറിയില്ല'- കോഹ്ലി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ ഒരിക്കൽ കൂടി മൈതാനത്തിറങ്ങും മുമ്പ് പ്രമുഖ സ്‌പോർട്ട് ബ്രോഡ്കാസ്‌റ്റേഴ്‌സായ സ്റ്റാർ സ്‌പോർട്‌സ് ഗവാസ്‌കർ അടക്കമുള്ള വിമർശകർക്ക് കോഹ്ലി നൽകിയ മറുപടി പലവുരു ആവർത്തിച്ച് സംപ്രേഷണം ചെയ്തു. ഇത് ഗവാസ്‌കറെ ചൊടിപ്പിച്ചു. സ്റ്റാർ സ്‌പോർട്‌സിനെയും വിരാട് കോഹ്ലിയെയും രൂക്ഷമായി വിമർശിച്ച് ഗവാസ്‌കർ മത്സര ശേഷം രംഗത്തെത്തി.

'അരഡസണിലധികം തവണ കോഹ്ലിയുടെ പോസ്റ്റ് മാച്ച് ഇന്റർവ്യൂ സ്റ്റാർ സ്‌പോർട്‌സ് സംപ്രേക്ഷണം ചെയ്യുന്നത് ഞാൻ കണ്ടു. വിമർശകർ ഒക്കെ എവിടെ പോയെന്നാണ് സ്റ്റാർ സ്‌പോർട്‌സ് ചോദിക്കുന്നത്. ഇപ്പറയുന്ന വിമർശകർ നിങ്ങളുടെ തന്നെ കമന്റേറ്റർമാരാണെന്ന് ഓർക്കണം. നിങ്ങളുടെ കമന്റേറ്റർമാർക്കെതിരെ തന്നെയാണോ നിങ്ങളുടെ ചോദ്യം എന്ന് സ്റ്റാര്‍ സ്പോര്ട്സ് വ്യക്തമാക്കണം.

ടി20 യില്‍ ഓപ്പണറായെത്തുന്നൊരു താരം. ആദ്യ പന്ത് നേരിട്ട അയാൾ 14ാം ഓവർ വരെ ക്രീസിൽ തുടരുന്നു. പുറത്താവുമ്പോൾ അയാളുടെ സ്‌ട്രൈക്ക് റൈറ്റ് വെറും 118 ആണ്. അപ്പോൾ സ്വാഭാവികമായും വിമർശനമുയരും. ആ വിമർശനത്തിൽ കഴമ്പില്ലെന്നാണോ പറയുന്നത്. ഞങ്ങള്‍ പുറത്തുള്ള ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. പിന്നെയെന്തിനാണ് അതിന് മറുപടി പറഞ്ഞ് നിങ്ങള്‍ രംഗത്ത് വരുന്നത്. അധിക കാലമല്ലെങ്കിലും ഞങ്ങളും രാജ്യത്തിനായി പാഡണിഞ്ഞവരാണ്. അത് കൊണ്ട് എന്താണോ മൈതാനത്ത് കാണുന്നത് അതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ആരുടെയെങ്കിലും ലൈക്കുകൾക്ക് വേണ്ടിയല്ല ഈ വര്‍ത്തമാനങ്ങള്‍ '- ഗവാസ്കര്‍ പറഞ്ഞു.

അതേ സമയം ഐ.പി.എല്ലിലെ റൺവേട്ടക്കാരുടെ പട്ടകയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് വിരാട് കോഹ്ലി. 11 മത്സരങ്ങൾ പൂർത്തിയാക്കിയ താരം നാല് അർധ സെഞ്ച്വറികളടക്കം 542 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. 67.75 ആണ് ബാറ്റിങ് ആവറേജ്. 148 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെയും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സീസണിലുടനീളം മോശം ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന ബൗളർമാർ ആദ്യമായി ​ഫോമിലെത്തിയ മത്സരത്തിൽ ആര്‍.സി.ബി നാലുവിക്കറ്റിനാണ് ഗുജറാത്തിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 147 റൺസിന് പുറത്താക്കിയ ബെംഗളൂരു 13.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 23 പന്തിൽ 64 റൺസുമായി ആഞ്ഞടിച്ച ഫാഫ് ഡു​പ്ലെസിസും 27 പന്തിൽ 42 റൺസെടുത്ത വിരാട് കോഹ്‍ലിയും 12 പന്തിൽ 21 റൺസെടുത്ത ദിനേശ് കാർത്തിക്കുമാണ് വിജയം അനായാസമാക്കിയത്. തുടർച്ചയായ മൂന്നാം വിജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. പോയന്റ് പട്ടികയിൽ ഏഴാംസ്ഥാനത്താണിപ്പോള്‍ ടീം.

TAGS :

Next Story