Quantcast

മെസിപ്പട തുടങ്ങി; കാനഡയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്

അര്‍ജന്‍റീനക്കായി വലകുലുക്കിയത് ജൂലിയൻ അൽവാരസും ലൗത്താരോ മാർട്ടിനസും

MediaOne Logo

Web Desk

  • Updated:

    2024-06-21 04:23:55.0

Published:

21 Jun 2024 3:25 AM GMT

julian alvarez
X

julian alvarez

അറ്റ്ലാന്‍റ: കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസിപ്പട കാനഡയെ തകർത്തത്. ജൂലിയൻ അൽവാരസും ലൗത്താരോ മാർട്ടിനസുമാണ് അർജന്റീനക്കായി വലകുലുക്കിയത്. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിൽ അർജന്റീനയെ പലകുറി വിറപ്പിച്ച ശേഷമാണ് കാനഡ കീഴടങ്ങിയത്. ഗോളി മാത്രം മുന്നിൽ നിൽക്കേ കിട്ടിയ രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയ സൂപ്പർ താരം ലയണൽ മെസ്സി ആരാധകരെ നിരാശപ്പെടുത്തി.

ആദ്യമായി കോപ്പയിൽ പന്ത് തട്ടുന്നതിന്റെ സങ്കോചങ്ങളൊന്നും കളിയുടെ തുടക്കം മുതൽ തന്നെ കാനഡ താരങ്ങൾക്കുണ്ടായിരുന്നില്ല. ആദ്യ വിസിൽ മുതൽ ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞു. 9ാം മിനിറ്റിൽ ഡി മരിയക്ക് ലഭിച്ചൊരു ഗോളവസരം കനേഡിയൻ ഗോൾകീപ്പർക്ക് മുന്നിൽ അവസാനിച്ചു. 42ാം മിനിറ്റിൽ കനേഡിയൻ മധ്യനിരതാരം സ്റ്റെഫാൻ എസ്റ്റക്യൂവിന്റെ ഗോളെന്നുറച്ചൊരു ഷോട്ട് എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായാണ് തട്ടിയകറ്റിയത്.

രണ്ടാം പകുതിയാരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ അർജന്റീന മുന്നിലെത്തി. കഴിഞ്ഞ ലോകകപ്പിലെ മിന്നും താരം ജൂലിയൻ അൽവാരസാണ് ഇക്കുറി കോപ്പയിൽ അർജന്റീനയുടെ ഗോളടിമേളത്തിന് തുടക്കം കുറിച്ചത്. ലയണൽ മെസ്സിയിൽ നിന്ന് പന്ത് അലക്‌സിസ് മക്കലിസ്റ്ററിലേക്ക്. മക്കലിസ്റ്റർ കനേഡിയൻ ഗോളിയെ വെട്ടിയൊഴിഞ്ഞ് അൽവാരസിന് പന്ത് കൈമാറുന്നു. അൽവാരസ് അനായാസം ഗോളവലതുളച്ചു.

പിന്നെ തുടരെ ആക്രമണങ്ങൾ. കളിയിൽ 65ാം മിനിറ്റിലും 79ാം മിനിറ്റിലുമാണ് ലയണൽ മെസ്സി വലകുലുക്കാനുള്ള സുവർണാവസരങ്ങൾ പാഴാക്കിയത്. ഒടുവിൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ അർജന്റീന ഗോൾ പട്ടിക പൂർത്തിയാക്കി. ഇക്കുറി അൽവാരസിന് പകരക്കാരനായി എത്തിയ ലൗതാരോ മാർട്ടിനെസ്സിന്റെ ഊഴമായിരുന്നു. കനേഡിയൻ പ്രതിരോധം ഭേദിച്ച് ലയണല്‍ മെസി നൽകിയ പാസ്സ് മാര്‍ട്ടിനസ് വലയിലാക്കി.

കളിയിലെ കണക്കുകളിൽ മെസിപ്പട തന്നെയായിരുന്നു മുന്നിൽ. മത്സരത്തിൽ 65 ശതമാനവും അർജന്റീന പന്ത് കൈവശം വച്ചു. കളിയിലുടനീളം 19 ഷോട്ടുകൾ അർജന്റൈൻ താരങ്ങൾ ഉതിർത്തപ്പോൾ അതിൽ ഒമ്പതും ഓൺ ടാർജറ്റ് ഷോട്ടുകളായിരുന്നു. കാനഡയാവട്ടെ 10 ഷോട്ടുകൾ ഉതിർത്തപ്പോൾ അതിൽ രണ്ടെണ്ണമാണ് ഗോൾവലയെ ലക്ഷ്യമാക്കിയെത്തിയത്.

TAGS :

Next Story