'സൂപ്പർക്ലാസിക്കോ ദെ ലാസ് അമേരിക്കാസ്' ലോകം രണ്ട് ചേരിയായി ചുരുങ്ങും... കളമൊരുങ്ങുന്നത് ക്ലാസിക് ഫൈനലിനോ?
ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍... ലോകത്തിന്‍റെ ഹൃദയമിടിപ്പിനെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ള ക്ലാസിക് പോരാട്ടം..
സൂപ്പർക്ലാസിക്കോ ദെ ലാസ് അമേരിക്കാസ്.... ചിരവൈരികളായ, ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന, ലോകത്തെ രണ്ട് ചേരികളില്‍ നിര്‍ത്താന്‍ കഴിവുള്ള രാജ്യങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനെ അങ്ങനെയാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ലോകം വിളിക്കുക, ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍, ലോകത്തിന്‍റെ ഹൃദയമിടിപ്പിനെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ള ക്ലാസിക് പോരാട്ടം...
കോപ്പ അമേരിക്ക അതിന്‍റെ അവസാന ദിവസങ്ങളിലെത്തുമ്പോള്‍ കലാശപ്പോരാട്ടത്തിന്‍റെ ചിത്രം തെളിയുകയാണ്... ലോകം കാത്തിരിക്കുന്ന ചിരവൈരികള്‍ തമ്മിലുള്ള ഫൈനലിന് ഒരു മത്സരം മാത്രമാണകലം. നാളെ നേരം പുലരുമ്പോള്‍ അര്‍ജന്‍റീന കൊളംബിയ സെമിഫൈനലിന് വിസില്‍ മുഴങ്ങും. കൊളംബിയ ഒഴികെ ലോകം മുഴുവന്‍ അര്‍ജന്‍റീനയുടെ വിജയത്തിനായാകും കാത്തിരിക്കുക എന്ന് ഒരുപക്ഷേ പറയേണ്ടിവരും. കാരണം ഒരു പതിറ്റാണ്ടിനിപ്പുറമാണ് അര്‍ജന്‍റീന ബ്രസീല്‍ ഫൈനലിന് കളമൊരുങ്ങാന്‍ പോകുന്നത്.
2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല.
പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് മുറിപ്പാടായി അവശേഷിക്കുമെന്ന് തീര്‍ച്ചയാണ്. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്.
എങ്കിലും നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം അര്‍ജന്‍റീനക്ക് തന്നെയാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്‍റീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയനിക്കാനായത്. പിന്നെ ഒരു സെമിഫൈനലിലും...
ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്‍റീനയാണ് മുന്നില്‍. 14 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. പക്ഷേ 90കള്‍ക്ക് ശേഷമുള്ള ബ്രസീലിന്‍റെ കരുത്ത് പരിശോധിക്കുമ്പോള്‍ അര്‍ജന്‍റീന പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും. 91ലും 93ലും കിരീടം നേടിയ ശേഷം അര്‍ജന്‍റീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. 89 തൊട്ട് 2019 വരെയുള്ള കണക്കെടുക്കുമ്പോള്‍ ബ്രസീല്‍ കിരീടമുയര്‍ത്തിയത് ആറ് തവണയും...മാത്രമല്ല, നിലവിലെ കോപ്പ ചാമ്പ്യന്മാര്‍ കൂടിയാണ് ബ്രസീല്‍ എന്ന വസ്തുതയും ചേര്‍ത്ത് വായിക്കേണ്ടി വരും. മറുവശത്ത് 90ന് ശേഷം കിരീടനേട്ടമുണ്ടാക്കാന്‍ അര്‍ജന്‍റീനക്ക് സാധിച്ചില്ലെങ്കിലും നാല് തവണ ഫൈനലിലാണ് ടീം വീണുപോയത്..
അതുകൊണ്ട് തന്നെ എത്ര കിണഞ്ഞുശ്രമിച്ചായാലും ഇത്തവണ ഫൈനല്‍ പോരിനെത്താനാകും അര്‍ജന്‍റീനിയന്‍ ശ്രമം. ഇന്നും മുറിപ്പാടായി അവശേഷിക്കുന്ന മാറകൈബോയിലെ മൂന്ന് ഗോള്‍ തോല്‍വിയും 2004ലെ ഷൂട്ടൌട്ട് പരാജയവുമെല്ലാം അവരുടെ ഉള്ളില്‍ തിളച്ചുപൊങ്ങുന്നുണ്ടാകും. റോബര്‍ട്ടോ അയാളയും റിക്വില്‍മിയും സാക്ഷാല്‍ മെസിയുമെല്ലാം അടങ്ങിയ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ 2007ല്‍ കിരീടവുമായി മടങ്ങിയത്. 2004ല്‍ നടന്ന കലാശപ്പോരാട്ടത്തിലും നേര്‍ക്കുനേര്‍ വന്ന ചിരവൈരികളുടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയാണ് പിരിഞ്ഞത്. ഇന്‍ജുറി ടൈമിലെ ഗോളില്‍ സമനില പിടിച്ച മഞ്ഞപ്പട ഷൂട്ടൌട്ടില്‍ ജയിച്ച് കയറുകയായിരുന്നു. അന്ന് നാല് കിക്കുകള്‍ ബ്രസീല്‍ വലയിലെത്തിച്ചപ്പോള്‍ അര്‍ജന്‍റീനക്ക് ലക്ഷ്യത്തിലെത്തിക്കാനായത് രണ്ടെണ്ണം മാത്രമായിരുന്നു.
ഇന്ന് മറ്റൊരു അര്‍ജന്‍റീന ബ്രസീല്‍ മത്സരത്തിന് കളമൊരുങ്ങാന്‍ എല്ലാ സാധ്യതകളും മുന്നിലെത്തിനില്‍ക്കെ നാളത്തെ സെമി പോരാട്ടത്തിലേക്കാകും എല്ലാ ഫുട്ബോള്‍ പ്രേമികളുടേയും കണ്ണുകള്‍. കൊളംബിയയെ കീഴടക്കി അര്‍ജന്‍റീന മാരക്കാനയിലേക്ക് മാര്‍ച്ച് ചെയ്യുന്നതും സ്വപ്നം കണ്ട് മെസിയാരാധകരും... ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ഇതിനിടയില്‍ തന്‍റെ ആഗ്രഹം വെളിപ്പെടുത്തി. 'ഫൈനലില്‍ എനിക്ക് അർജന്‍റീയെ വേണം. അവർക്കായി ഞാൻ ആർപ്പുവിളിക്കുന്നു. അവിടെയെനിക്ക് സുഹൃത്തുക്കളുണ്ട്..."നെയ്മറിന്‍റെ വാക്കുകള്‍
ജൂലൈ 11 ഞായറാഴ്ച രാവിലെ മാരക്കാനയില്‍ കലാശപ്പോരാട്ടത്തിന് പന്തുരുളുമ്പോള്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ബ്രസീല്‍ അര്‍ജന്‍റീന ഫൈനല്‍....കാത്തിരിക്കാം ലോകം രണ്ടുചേരിയിലേക്ക് മാത്രമായി ചുരുങ്ങുമോയെന്നറിയാന്‍...?!
Adjust Story Font
16