അടുത്ത വർഷവുമില്ല; ഏഷ്യാകപ്പ് 2023ലേക്ക് മാറ്റി
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ച് ഔദ്യോഗിക പ്രഖ്യാപനം. 2023ലായിരിക്കും ഇനി ടൂർണമെന്റ് നടക്കുക. നേരത്തെ, ടൂർണമെന്റ് നടത്താനാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) ഇന്നാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്.
ശ്രീലങ്കയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷം ഏഷ്യാകപ്പ് നടത്താനുള്ള ബുദ്ധിമുട്ട് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസിൽവ അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടക്കേണ്ടതായിരുന്നു ടൂര്‍ണമെന്‍റ്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകാനിടയില്ലാത്തതിനാൽ ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു.
എന്നാൽ, അടുത്ത വർഷവും ഏഷ്യാകപ്പ് നടക്കില്ലെന്നാണ് ഇപ്പോൾ എസിസി അറിയിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ഭാഗമാകേണ്ട ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കമുള്ള ടീമുകൾക്ക് അടുത്ത വർഷം ഒഴിവില്ലാത്തതിനാലാണ് 2023ലേക്ക് മാറ്റിയിരിക്കുന്നത്. ഈ ടീമുകളുടെയെല്ലാം അടുത്ത വർഷത്തെ മത്സരക്രമങ്ങൾ ഏറെക്കുറെ അന്തിമമായിട്ടുണ്ട്.
Adjust Story Font
16