അന്ന് റൗഫിനെതിരെ, ഇന്നലെ പൊട്ടിച്ചത് നസീം ഷായെ; അമാനുഷികം, അവര്‍ണനീയം... കോഹ്ലീ യൂ ബ്യൂട്ടീ!
വൈറ്റ് ബോളില്‍ ബൌളര്‍മാര്‍ക്കുമേല്‍ സര്‍വാധിപത്യം കാട്ടുന്ന കോഹ്ലിയുടെ വിശ്വരൂപം ക്രിക്കറ്റ് ലോകം വീണ്ടും കണ്ടു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പേരുകേട്ട പാകിസ്താന്‍ പേസ് ബൌളര്‍മാരെ ക്ലബ് ബൌളര്‍മാരെ നേരിടുന്ന ലാഘവത്തിലായിരുന്നു കോഹ്ലി ഇന്നലെ അടിച്ചുതകര്‍ത്തത്.
വിരാട് കോഹ്ലിയുടെ ഷോട്ട്
തന്‍റേതായ ദിവസത്തില്‍ വിരാട് കോഹ്ലിക്ക് മുമ്പില്‍ മറ്റൊന്നും പ്രതിബന്ധമല്ല. മുന്നോട്ടുള്ള വഴിയില്‍ തടസ്സമായി നില്‍ക്കുന്നതെല്ലാം തച്ചുതകര്‍ത്ത് അയാള്‍ റണ്‍സിന്‍റെ കൊടുമുടി കീഴടക്കും. വൈറ്റ് ബോളില്‍ ബൌളര്‍മാര്‍ക്കുമേല്‍ സര്‍വാധിപത്യം കാട്ടുന്ന കോഹ്ലിയുടെ വിശ്വരൂപം ക്രിക്കറ്റ് ലോകം വീണ്ടും കണ്ടു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പേരുകേട്ട പാകിസ്താന്‍ പേസ് ബൌളര്‍മാരെ ക്ലബ് ബൌളര്‍മാരെ നേരിടുന്ന ലാഘവത്തിലായിരുന്നു കോഹ്ലി ഇന്നലെ അടിച്ചുതകര്‍ത്തത്. കോഹ്ലി കളിക്കുന്നത് കോഹ്ലിക്ക് മാത്രം കഴിയുന്ന മറ്റേതോ തലത്തിലാണെന്ന് വീണ്ടും വീണ്ടും അടിവരയിടുന്ന ഇന്നിങ്സ്.
ഇന്നലെ മനോഹരമായ സെഞ്ച്വറി ഇന്നിങ്സിലൂടെ കളംനിറഞ്ഞ കോഹ്ലി തന്‍റെ ഷോട്ടുകളിലും അതേ വശ്യഭംഗി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സ്ട്രോക് പ്ലേകളും റണ്ണിങ് ബെറ്റ്‍വീന്‍ ദ വിക്കറ്റ്സും എല്ലാമായി കോഹ്ലി ഗ്രൌണ്ടില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നിങ്സിനാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്.
സെഞ്ച്വറിക്ക് പിന്നാലെ മത്സരത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായത് കോഹ്ലിയുടെ ഒരു അസാധ്യ സിക്സര്‍ ആയിരുന്നു. ഇന്ത്യൻ ഇന്നിങ്സിലെ 47-ാം ഓവറിലാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ആ അമാനുഷിക ഷോട്ട് പിറക്കുന്നത്. നസീം ഷായെ ലോങ് ഓണില്‍ സിക്സറിന് പറത്തിയ ആ ഷോട്ട് കണ്ട ആരാധകരുടെ ഓര്‍മകള്‍ ഒരു വര്‍ഷം പിന്നിലേക്ക് പോയിട്ടുണ്ടാകും എന്ന് ഉറപ്പാണ്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിലേക്ക്.
കഴിഞ്ഞ ടി 20 ലോകകപ്പില്‍ പാകിസ്താന്‍ സ്റ്റാര്‍ ബൌളര്‍ ഹാരിസ് റൗഫിനെതിരെ മത്സരത്തിന്‍റെ 19-ാം ഓവറിൽ കോഹ്ലി നേടിയ ഒരു പടുകൂറ്റൻ സിക്സര്‍ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിയിരുന്നു. അതുവരെ മനോഹരമായി പന്തെറിഞ്ഞ ഹാരിസ് റൗഫിന്‍റെ അഞ്ചാം പന്തിൽ അയാളുടെ തലയ്ക്ക് മുകളിലൂടെ ബാക്ഫൂട്ടില്‍ സ്ട്രെയിറ്റ് ബാറ്റിന് കോഹ്ലി പറത്തിയ സിക്സര്‍ വലിയ ചര്‍ച്ചയായിരുന്നു. അത്രയും മനോഹരമായി, നിസ്സാരമായി ആണ് കോഹ്ലി ആ ഷോട്ട് ഫിനിഷ് ചെയ്തത്. എങ്ങനെയാണ് ഒരു ബാറ്റർക്ക് ബാക്ഫുട്ടിൽ ഇത്രയും പവര്‍ ഔട്പുട്ട് ഉണ്ടാക്കാന്‍ സാധിക്കുക എന്നതായിരുന്നു അന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്.
2022 ടി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ തന്‍റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ട്വന്‍റി 20 ഇന്നിങ്സാണ് അന്ന് കോഹ്ലി കളിച്ചത്. 20-ാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യ നാല് വിക്കറ്റിന്‍റെ അവിസ്മരണീയ വിജയം സ്വന്തമാക്കിയപ്പോള്‍ 53 പന്തില്‍ 82 റണ്‍സുമായി കിങ് കോഹ്ലി അന്ന് വിജയനായകനായി. ഹാരിസ് റൗഫിനെതിരെ കോഹ്ലി നേടിയ 19-ാം ഓവറിലെ രണ്ട് സിക്സറുകളാണ് അന്ന് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
അന്ന് ഹാരിസ് റൌഫിനെ സിക്സറിന് തൂക്കിയതിന് സമാനമായ രീതിയിലാണ് ബാക് ഫുട്ടിലേക്കിറങ്ങി ഇന്നലെ കോഹ്ലി നസീം ഷായെയും ലോങ് ഓണിന് മുകളിലൂടെ സിക്സറടിച്ചത്. ഈ തകർപ്പൻ ഷോട്ടിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ കോഹ്ലിയുടെ ഷോട്ട് വൈറലാവുകയായിരുന്നു. ഹാരിസ് റൌഫിനെതിരെ പണ്ട് നേടിയ സിക്സറും നസീം ഷായ്ക്കെതിരെ നേടിയ ഇന്നലത്തെ സിക്സറും തമ്മില്‍ താരതമ്യം ചെയ്താണ് വീഡിയോ പുറത്തുവരുന്നത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ അവിശ്വസനീയ ഇന്നിങ്സ് തന്നെയായിരുന്നു കോഹ്ലി കാഴ്ചവച്ചത്. മൂന്നാമനായി ക്രീസിലെത്തിയ കോഹ്ലി തന്‍റെ ഏകദിന കരിയറിലെ 47-ാം സെഞ്ച്വറിയാണ് ഇന്നലെ കണ്ടെത്തിയത്. മത്സരത്തിൽ 94 പന്തുകൾ നേരിട്ട കോഹ്ലി ഒന്‍പത് ബൗണ്ടറികളും മൂന്നു സിക്സറുമുള്‍പ്പെടെ 122 റൺസ് നേടി പുറത്താകാതെ നിന്നു. കോഹ്ലിക്ക് പുറമേ ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ തിരിച്ചെത്തിയ കെ.എല്‍ രാഹുലും സെഞ്ച്വറി നേടി.
ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്ത് കൊണ്ടും പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ വെറും 128 റണ്‍സിന് കൂടാരം കയറി. ഇന്ത്യക്കായി എട്ടോവറില്‍ വെറും 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പാകിസ്താന് വേണ്ടി വെറും നാല് ബാറ്റര്‍മാരാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്കോറര്‍.
Adjust Story Font
16