ലോകകപ്പില്‍ ഇന്ന് ആസ്ത്രേലിയയും ശ്രീലങ്കയും നേര്‍ക്കുനേര്‍
ശ്രീലങ്കയുടെ നായകൻ ദസുൻ ഷനക പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാകും
Australia v Sri Lanka
ലഖ്നോ: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ആസ്ത്രേലിയ ശ്രീലങ്കയെ നേരിടും. ഇരു ടീമുകളും ടൂർണമെന്‍റിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുടെ നായകൻ ദസുൻ ഷനക പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാകും. ഉച്ചയ്ക്ക് രണ്ടിന് ലഖ്നോവിലാണ് മത്സരം.
ആസ്ത്രേലിയക്കും ശ്രീലങ്കക്കും ടൂർണമെന്‍റിലെ മുന്നോട്ട് പോക്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ട് കളികളിലും ബാറ്റിങ്ങിൽ മികച്ച് നിന്നെങ്കിലും ബൗളിങ്ങിൽ താളം കണ്ടെത്താനാകാത്തതാണ് ശ്രീലങ്കക്ക് തിരിച്ചടിയാകുന്നത്. പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ്നിരയുടെ പ്രകടനം ശരാശരിക്കും താഴെയാണ്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 400ന് മുകളിൽ വഴങ്ങിയ ബൗളേഴ്സ് രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെയും മോശം പ്രകനം ആവർത്തിച്ചു. 345 റൺസ് വിജയലക്ഷ്യം ഉയർത്തിയാണ് ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങിയത്. നായകൻ ദസുൻ ഷനക പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് പുറത്തായതും ശ്രീലങ്കക്ക് കൂടുതൽ തിരിച്ചടിയാണ്.
ആസ്ത്രേലിയ ആദ്യമത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടുമാണ് പരാജയപ്പെട്ടത്. രണ്ട് കളികളിലും ബാറ്റ് കൊണ്ടോ ബൗൾ കൊണ്ടോ എതിരാളികൾക്ക് മുന്നിൽ വെല്ലുവിളി ഉയർത്താൻ ടീമിനായില്ല. ഇന്ത്യൻ മണ്ണിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമായി എത്തിയതും ടീമിന് തിരിച്ചടി നൽകുന്നുണ്ട്. ലഖ്നോവിലെ പിച്ച് മത്സരം പുരോഗമിക്കുംതോറും ബാറ്റിങ്ങിന് ദുഷ്കരമാകാനാണ് സാധ്യത. അതിനാൽ കളിയിൽ ടോസ് നിർണായകമാകും.
ഏകദിന ലോകകപ്പുകളിൽ ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ എട്ട് തവണ ആസ്ത്രേലിയയാണ് വിജയം സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം ശ്രീലങ്ക വിജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.ഇന്നത്തെ മത്സരം കൂടി തോറ്റാൽ വൻ വിമർശനമായിരിക്കും ടീമുകൾക്ക് ആരാധകരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരുക.
Adjust Story Font
16