പകരക്കാരനായെത്തി രക്ഷകനായി; എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സിന് സമനില
ഗ്രീസ്മാന്‍റെ പകരക്കാരനായി എംബാപ്പെ വന്നതോടെയാണ് ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചെത്തുന്നത്.
യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനെ സമനിലയില്‍ തളച്ച് ഓസ്ട്രിയ. തങ്ങളുടെ സ്വതസിദ്ധമായ കളിമികവ് ഓസ്ട്രിയക്കെതിരെ ഫ്രാന്‍സിന് പുറത്തെടുക്കാനാകാതെ പോയതോടെ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.
ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഷ്ടപ്പെടുന്ന ഫ്രാൻസിനെയാണ് കണ്ടത്. ഫ്രാൻസിനെ ഗോളവസരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്ന് തടുത്ത ഓസ്ട്രിയ കൗണ്ടർ അറ്റാക്കിലൂടെയാണ് ആദ്യ ലീഡെടുത്തത്. 37 ആം മിനുട്ടില്‍ കൊണാർഡ് ലൈമറിന്‍റെ പാസിൽ നിന്നു ആന്ദ്രസ് വെയ്‌മാൻ ആണ് ഓസ്ട്രിയക്ക് ഗോൾ സമ്മാനിച്ചത്. ഗോള്‍ വീണതോടെ രണ്ടാം പകുതിയിൽ ഉണര്‍ന്നുകളിച്ച ഫ്രാൻസ് അവസാന 15 മിനുട്ടില്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു.
ഇതിനിടെ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ കരീം ബെൻസേമയും കിങ്സ്‌ലി കോമാനുമെല്ലാം പാഴാക്കി. ഗ്രീസ്മാന്‍റെ പകരക്കാരനായി എംബാപ്പെ വന്നതോടെയാണ് കളി മാറുന്നത്. 83ആം മിനുട്ടിൽ മറ്റൊരു പകരക്കാരനായ ക്രിസ്റ്റഫർ എങ്കുങ്കുവും ആയി ചേർന്നു നടത്തിയ നീക്കത്തിനൊടുവില്‍ എംബാപ്പെ ഫ്രാന്‍സിന് സമനില സമ്മാനിക്കുകയായിരുന്നു. ക്രിസ്റ്റഫർ എങ്കുങ്കുവില്‍ നിന്ന് പാസ് സ്വീകരിച്ച എംബാപ്പെ ഒരു മികച്ച ഇടങ്കാലനടിയിലൂടെ ഗോള്‍ സ്കോര്‍ ചെയ്യുകയായിരുന്നു.
വീണ്ടും ഒരവസരം കൂടി ലഭിച്ചെങ്കിലും എംബാപ്പെയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് നിരാശ സമ്മാനിച്ചു. നിലവിൽ ഗ്രൂപ്പ് എ 1 ൽ നാല് പോയിന്‍റുമയി ഡെന്മാർക്കിന് താഴെ രണ്ടാം സ്ഥാനത്താണ് ഓസ്ട്രിയ, ഫ്രാൻസാകട്ടെ രണ്ട് പോയിന്‍റോടെ അവസാന സ്ഥാനത്തും.
Adjust Story Font
16