'തോല്‍ക്കാന്‍ കാരണം ബോളര്‍മാര്‍'; സ്ട്രൈക്ക് റൈറ്റിനെ കുറിച്ച് രാഹുലിന് ഇപ്പോള്‍ ഒന്നും പറയാനില്ലേ?
ലഖ്‌നൗ നിരയിലെ മറ്റു ബാറ്റർമാരെ ഏറെ സമ്മർദത്തിലാക്കിയത് രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന് കൊല്‍ക്കത്തക്കെതിരായ മത്സര ശേഷം ഓസീസ് ബോളിങ് ഇതിഹാസം ബ്രെറ്റ് ലീ കുറ്റപ്പെടുത്തി
'എല്ലാ മത്സരങ്ങളിലും 200 സ്‌ട്രൈക്ക് റൈറ്റിൽ ബാറ്റ് വീശേണ്ട കാര്യമൊന്നുമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് അത് കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടത്. 140 റൺസൊക്കെ ചേസ് ചെയ്യുമ്പോൾ നമ്മളെന്തിനാണ് 200 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്നത്'- മാസങ്ങൾക്ക് മുമ്പ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ രാഹുലിന്റെ സ്‌ട്രൈക്ക് റൈറ്റിനെ കുറിച്ച നിലപാട് ഇതായിരുന്നു. സട്രൈക്ക റേറ്റ് ഓവർ റേറ്റഡ് ടോപിക്കാണെന്നായിരുന്നു രാഹുൽ അന്ന് പറഞ്ഞിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരായ മത്സരത്തിന് തൊട്ട് മുമ്പ് രാഹുൽ മലക്കം മറിഞ്ഞു. 200 ന് മുകളിൽ സ്‌കോർ ഉയർത്തിയാൽ പോലും കാര്യങ്ങൾ സേഫല്ല എന്നിരിക്കേ സ്‌ട്രൈക്ക് റൈറ്റിന് ടി20 ക്രിക്കറ്റിൽ വലിയ പ്രാധ്യാന്യമുണ്ടെന്നായിരുന്നു രാഹുലിന്റെ പുതിയ നിലപാട്. നിലപാട് മാറിയെങ്കിലും രാഹുലിന്റെ കളിയിൽ പ്രത്യേകിച്ച് വലിയ മാറ്റമൊന്നും ആരാധകർ ഇന്നലെ കണ്ടില്ല.
ഏകന സ്‌റ്റേഡിയത്തിൽ കൊൽക്കത്ത ലഖ്‌നൗവിന് മുന്നിൽ ഒരു കൂറ്റൻ റൺമലയാണ് പടുത്തുയർത്തിയത്. 20 ഓവറിൽ 235 റൺസ്. കെ.എൽ രാഹുൽ കളിക്ക് തൊട്ട് മുമ്പ് പറഞ്ഞ ലോജിക് പ്രകാരം മികച്ച സ്‌ട്രൈക്ക് റൈറ്റിൽ കളിച്ചാൽ അല്ലാതെ ഈ റൺമല താണ്ടാനാവില്ല. മറുപടി ബാറ്റിങ്ങിൽ ലഖ്‌നൗ ഇന്നിങ്‌സ് ആരംഭിച്ചത് മുതൽ ഏഴാം ഓവർ വരെ രാഹുൽ ക്രീസിലുണ്ടായിരുന്നു. ഒടുവിൽ ഹർഷിത് റാണക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ലഖ്‌നൗ നായകന്റെ സമ്പാദ്യം 21 പന്തിൽ വെറും 25 റൺസ്. 119 സ്‌ട്രൈക്ക് റൈറ്റ്. രാഹുലിന്റെ ബാറ്റിൽ നിന്ന് ആകെ പിറന്നത് മൂന്ന് ബൗണ്ടറികൾ. 17 ഓവറിൽ മുഴുവൻ ലഖ്‌നൗ ബാറ്റർമാരെയും കൂടാരം കയറ്റിയ കൊൽക്കത്ത 98 റൺസിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്.
മത്സരശേഷം സ്‌ട്രൈക്ക് റൈറ്റിനെ കുറിച്ച് പിന്നെയൊന്നും പറയാനുണ്ടായിരുന്നില്ല രാഹുലിന്. പഴി മൊത്തം പിന്നീട് ടീമിലെ യുവബോളർമാർക്കായി. 'എങ്ങനെയാണ് കൊൽക്കത്ത ബാറ്റ് ചെയ്യുന്നത് എന്ന് നമ്മൾ കണ്ടതാണ്. എതിരാളികളെ സമ്മർദത്തിലാക്കാൻ അവർക്ക് കഴിഞ്ഞു. ഞങ്ങളുടെ യുവബോളർമാർക്ക് ആ സമ്മർദം താങ്ങാനായില്ല- രാഹുൽ പറഞ്ഞവസാനിപ്പിച്ചു. അപ്പോഴും സ്വന്തം തട്ടകത്തിൽ ഒരു കൂറ്റൻ സ്‌കോർ ചേസ് ചെയ്യുമ്പോൾ താനടക്കമുള്ള ബാറ്റർമാർ കാത്ത് സൂക്ഷിക്കേണ്ട പ്രഹര ശേഷിയെ കുറിച്ച് രാഹുൽ ഒന്നും മിണ്ടിയില്ല. 70 ന് രണ്ട് എന്ന നിലയിൽ നിന്ന് 137 റൺസിന് മുഴുവൻ ബാറ്റർമാരും കൂടാരം കയറിയത് എങ്ങനെയാണെന്ന് രാഹുലിന് അന്വേഷിക്കേണ്ടതില്ലായിരുന്നു.
ലഖ്‌നൗ നിരയിലെ മറ്റു ബാറ്റർമാരെ ഏറെ സമ്മർദത്തിലാക്കിയത് രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന് കളിക്ക് ശേഷം ഓസീസ് ബോളിങ് ഇതിഹാസം ബ്രെറ്റ് ലീ കുറ്റപ്പെടുത്തി. ആദ്യ നാല് മത്സരങ്ങളിൽ രാഹുൽ 129 സ്‌ട്രൈക്ക് റൈറ്റിലാണ് കളിച്ചത്. പിന്നീട് അത് 150 ലേക്കുയർന്നു. ഇപ്പോഴത് വീണ്ടും പഴയപടിയായി. ടീമിന്റെ തോൽവിയിൽ രാഹുലിന് കൃത്യമായ പങ്കുണ്ട്. ബ്രെറ്റ് ലീ പറഞ്ഞു. ഐ.പി.എല്ലിൽ റൺവേട്ടക്കാരടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാഹുലിന്റെ സമ്പാദ്യം 431 റൺസാണ്. 141 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഈ സീസൺ ഐ.പി.എൽ ആരംഭിച്ചത് മുതൽ തന്നെ സീനിയർ താരങ്ങൾ അടക്കമുള്ളവരുടെ സ്‌ട്രൈക്ക് റൈറ്റ് ഒരു ചൂടൻ ചർച്ചാ വിഷയമാണ്. വിരാട് കോഹ്ലിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമഴിച്ച് വിട്ട് സുനിൽ ഗവാസ്‌കറാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
പ്രിയപ്പെട്ട വിരാട് കോഹ്ലി നിങ്ങളിൽ നിന്ന് ഇതല്ല ആരാധകർ പ്രതീക്ഷിക്കുന്നത്. ഓപ്പണറായി ക്രീസിലെത്തുക. പുറത്താവുന്നതാവട്ടെ 14ാം ഓവറിലും. വിക്കറ്റ് വീഴുമ്പോൾ നിങ്ങളുടെ സ്ട്രൈക്ക് റൈറ്റ് നോക്കൂ.118. നേരിട്ട 31ാം പന്ത് മുതൽ നിങ്ങളുടെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും പിറന്നിട്ടില്ല.
സൺറൈസൈഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടത്തിന് ശേഷം രൂക്ഷമായ വിമർശനമാണ് ഗവാസ്‌കർ കോഹ്ലിക്കെതിരെ ഉയർത്തി വിട്ടത്. ഈ സീസൺ ഐ.പി.എല്ലിൽ റൺവേട്ടക്കാരിൽ മുന്നിലിണ്ടെങ്കിലും കോഹ്ലിയുടെ സ്ട്രൈക്ക് റൈറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്. കോഹ്ലിയുടെ മെല്ലെപ്പോക്കാണ് ആർ.സി.ബിയുടെ തുടർതോൽവികളുടെ പ്രധാന കാരണമെന്നും ഓറഞ്ച് ക്യാപ്പിന് വേണ്ടിയാണ് താരം കളിക്കുന്നത് എന്നും വിമർശനമുയർന്നു. തന്റെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ കോഹ്ലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് പോലും ഇക്കാര്യം പറഞ്ഞാണ്.
എന്നാൽ വിമർശകരുടെ ആരോപണങ്ങൾക്ക് ഒരാഴ്ചയുടെ ആയുസ്സ് പോലുമുണ്ടായിരുന്നില്ല. ഗവാസ്‌കറിന്റെ വിമർശനം വന്ന ശേഷം തൊട്ടടുത്ത മത്സരത്തിൽ ഗുജറാത്തിനെതിരെ 44 പന്തിൽ 70 റൺസെടുത്താണ് കോഹ്ലി സ്ട്രൈക്ക് റൈറ്റ് വിമർശനങ്ങളെ ബൗണ്ടറി കടത്തിയത്. മത്സരത്തിൽ ഗുജറാത്തിനെ തകർത്ത ശേഷം വിമർശകർക്കെതിരെ പരസ്യമായി തന്നെ കോഹ്ലി രംഗത്തെത്തി. 'എന്റെ സ്ട്രൈക്ക് റൈറ്റ് കുറവാണെന്നും സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവർക്ക് അതിൽ ആനന്ദമുണ്ടാകും. എന്നെ സംബന്ധിച്ച് കളി ജയിപ്പിക്കുന്നതാണ് പ്രധാനം. കഴിഞ്ഞ 15 കൊല്ലമായി ഞാനീ മൈതാനങ്ങളിൽ ചെയ്ത് കൊണ്ടിരിക്കുന്നത് അതാണ്. വിമർശകർക്ക് വായിൽ തോന്നിയത് വിളിച്ച് പറയാം. കമന്ററി ബോക്സിലിരിക്കുന്നവർക്ക് ഗ്രൗണ്ടിലെ സാഹചര്യമറിയില്ല'- കോഹ്ലി പറഞ്ഞു. താന്‍ കണ്ടതാണ് പറഞ്ഞതെന്നും. ഇനിയും അത് തുടരുമെന്നുമായിരുന്നു ഇതിന ് ഗവാസ്കറിന്‍റെ മറുപടി
Adjust Story Font
16