അടപടലം റയല്‍; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കറ്റാലന്‍ മുത്തം
ബാഴ്സയുടെ ജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്
ജിദ്ദ: കറ്റാലൻമാർക്ക് മുന്നിലെത്തിയാൽ കളി മറക്കുന്ന പതിവു പല്ലവി റയൽ മാഡ്രിഡ് ഒരിക്കൽ കൂടി ആവർത്തിച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ലോസ് ബ്ലാങ്കോസിനെ തകർത്തെറിഞ്ഞ ബാഴ്‌സക്ക് 15 ാം കിരീടം . രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. റഫീന്യ ഇരട്ട ഗോളുകളുമായി ഒരിക്കൽ കൂടി റയലിന്റെ അന്തകനായ പോരിൽ ലമീൻ യമാൽ, റോബർട്ട് ലെവന്റോവ്‌സ്‌കി, അലെജാൻൻ്രോ ബാൾഡേ എന്നിവരാണ് ബാഴ്‌സക്കായി വലകുലുക്കിയത്. എംബാപ്പെയും റോഡ്രിഗോയുമാണ് റയലിന്‍റെ സ്കോറര്‍മാര്‍.
കിങ് അബ്ദുല്ലാ സ്പോര്‍ട്സ് സിറ്റിയില്‍ റയലിനെ ചിത്രതില്ലാതാക്കിയാണ് ബാഴ്‌സ ചരിത്ര ജയം കുറിച്ചത്. ആദ്യ വിസിൽ മുഴങ്ങി അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ റയൽ ഗോൾ കീപ്പർ തിബോ കോർട്ടുവയെ രണ്ട് തവണ പരീക്ഷിച്ച ബാഴ്‌സ ബെർണബ്യൂവിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. അഞ്ചാം മിനിറ്റിൽ വലകുലുക്കി എംബാപ്പെ റയലിനെ മുന്നിലെത്തിച്ചെങ്കിലും ആ ആഘോഷത്തിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ.
22ാം മിനിറ്റിൽ ബാഴ്‌സയുടെ മറുപടിയെത്തി. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് റയൽ പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി നിർത്തി സ്പാനിഷ് യങ് സെൻസേഷന്‍ ലമീന്‍ യമാലിന്‍റെ മനോഹര ഫിനിഷ്. പത്ത് മിനിറ്റിനുള്ളിൽ ബാഴ്‌സ കളിയിൽ ലീഡെടുത്തു. 34ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിൽ വച്ച് ഗാവിയെ ഫൗൾ ചെയ്തതിന് കാമവിങ്കക്ക് യെല്ലോ കാർഡ്. കിക്കെടുത്ത ലെവന്റോവ്‌സ്‌കിക്ക് പിഴച്ചില്ല. സ്‌കോർ ബാഴ്‌സ 2- റയൽ 1. പിന്നെ എല്ലാം വേഗത്തിലായി.
ലീഡെടുത്ത് മൂന്ന് മിനിറ്റ് കഴിയും മുമ്പേ റഫീന്യയുടെ തകര്‍പ്പന്‍ ഗോളിൽ കറ്റാലന്മാര്‍ വീണ്ടും മുന്നിലെത്തി. ജൂൾസ് കൗണ്ടേ ബാഴ്സ ഹാഫിനടുത്ത് നിന്ന് നീട്ടി നൽകിയ പന്തിനെ വായുവിൽ പറന്നുയർന്ന് ബ്രസീലിയന്‍ താരം വലയിലേക്ക് കുത്തിയിട്ടു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റയലിനെ ഞെട്ടിച്ച് ബാഴ്‌സയുടെ നാലാം ഗോളുമെത്തി. ഇക്കുറി റയലിന്റെ ഒരു കോർണർ പിടിച്ചെടുത്ത് ലാമിൻ യമാൽ നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. വലകുലുക്കാൻ നിയോഗിക്കപ്പെട്ടത് ബാൽഡേ.
ഒന്നാം പകുതിയവസാനിക്കുമ്പോൾ തന്നെ റയലിന്റെ കഥ ഏറെക്കുറേ തീർന്നിരുന്നു. രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടുമ്പോഴേക്കും ബാഴ്‌സയുടെ അഞ്ചാം ഗോളെത്തി. കസാഡോയുടെ അസിസ്റ്റിൽ ഒരിക്കൽ റഫീന്യ വെടിപൊട്ടിച്ചു. റയൽ വമ്പൻ തോൽവിയിലേക്ക് നീങ്ങവേയാണ് കറ്റാലൻ ഗോൾകീപ്പർ ഷെസ്‌നി റെഡ് കാർഡ് വാങ്ങി പുറത്താവുന്നത്. ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ച എംബാപ്പെയെ അപകടകരമായൊരു ടാക്കിളില്‍ വീഴ്ത്തിയതിന് വാര്‍ പരിശോധനയിലൂടെ റഫറി ഷെസ്‌നിയെ ഡയറ്ക്ട് റെഡ് കാര്‍ഡ് നല്‍കി പുറത്താക്കുന്നു. ഇതോടെ ഹാൻസി ഫ്‌ളിക്കിന് ഗാവിയെ പിൻവലിച്ച് ഇനാക്കി പെന്യയെ കളത്തിലിറക്കേണ്ടി വന്നു. ഒപ്പം യമാലിന് പകരക്കാരനായി ഡാനി ഒൽമോയെത്തി.
എംബാപ്പെയെ ഫൗൾ ചെയ്തതിന് അനുവദിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് റോഡ്രിഗോ റയലിന് അവസാന പ്രതീക്ഷ നൽകിയെങ്കിലും ബാഴ്‌സയുടെ ലീഡ് പൊളിക്കാൻ അതൊന്നും പോരായിരുന്നു. 40 മിനിറ്റോളം ബാഴ്‌സ പത്താളായി ചുരുങ്ങിയിട്ടും ആ അവസരം മുതലെടുക്കാൻ റയലിനായില്ല. ഒടുവിൽ കറ്റാലന്‍ വിജയം പ്രഖ്യാപിച്ച് റഫറിയുടെ ഫൈനൽ വിസിലെത്തി.
കിങ് അബ്ദുല്ലാ സ്പോര്‍ട്സ് സിറ്റിയില്‍ കളിയിലും കണക്കിലുമൊക്കെ ബാഴ്സ തന്നെയായിരുന്നു ഒരുപടി മുന്നില്‍. മത്സരത്തിൽ 52 ശതമാനം നേരവും പന്ത് കൈവശം വച്ചത് ബാഴ്‌സയായിരുന്നു. ഓൺ ടാർജറ്റിൽ എട്ട് ഷോട്ടുകൾ ഉതിർത്ത ബാഴ്‌സക്ക് അതിൽ അഞ്ചും വലയിലെത്തിക്കാനായി. ഓൺ ടാർജറ്റിൽ റയൽ തൊടുത്തത് ആറ് ഷോട്ടുകളാണ്. എന്നാൽ രണ്ടെണ്ണമാണ് അതിൽ വലയിലായത്.
Adjust Story Font
16