Quantcast

ക്യാൻസറെന്ന് ഡോക്ടർമാർ; ഗോള്‍കീപ്പറുടെ കരാർ നീട്ടി ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്

താരത്തിന് ചികിത്സക്കാവശ്യമായ മുഴുവൻ പിന്തുണയും നൽകുമെന്ന ബയേണിന്റെ പ്രഖ്യാപനത്തെ ഹർഷാരവങ്ങളോടെയാണ് ഫുട്‌ബോൾ ലോകം വരവേറ്റത്

MediaOne Logo

Web Desk

  • Updated:

    2024-11-18 09:54:29.0

Published:

18 Nov 2024 9:53 AM GMT

ക്യാൻസറെന്ന് ഡോക്ടർമാർ; ഗോള്‍കീപ്പറുടെ കരാർ നീട്ടി ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്
X

ജർമൻ ഫുട്‌ബോൾ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ വനിതാ ടീം ഗോൾകീപ്പർ മരിയ ലൂയിസ ഗ്രോസ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തിന്റെ ചർച്ചകളിലെ താരമാണ്. 23 കാരിയായ മരിയയുടെ ക്ലബ്ബുമായുള്ള കരാർ ഈ സമ്മറിൽ അവസാനിക്കാനിരിക്കുകയാണ്. അതിനിടെയാണ് ആരാധകരെ മുഴുവൻ ഞെട്ടിച്ച് താരത്തിന് അർബുദബാധ സ്ഥിരീകരിക്കുന്നത്. മരിയക്ക് ഇനി അനിശ്ചിത കാലത്തേക്ക് ഗ്രൗണ്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ഡോക്ടർമാരുടെ നിർദേശവുമെത്തി.

എന്നാൽ ഈ സംഭവം വാർത്തയായത് ഇത് കൊണ്ടൊന്നുമല്ല. മരിയക്ക് കാൻസർ സ്ഥിരീകരിച്ച വാർത്തയെത്തിയതും ബയേൺ മ്യൂണിക്ക് മാനേജ്‌മെന്റ് താരവുമായുള്ള തങ്ങളുടെ കരാർ 2026 ജൂൺ 30 വരെ നീട്ടി. താരത്തിന് ചികിത്സക്കാവശ്യമായ മുഴുവൻ പിന്തുണയും നൽകുമെന്ന ബയേണിന്റെ പ്രഖ്യാപനത്തെ ഹർഷാരവങ്ങളോടെയാണ് ഫുട്‌ബോൾ ലോകം വരവേറ്റത്.

'ഈ സമയത്ത് ബയേൺ കുടുംബം മരിയക്കൊപ്പം നിൽക്കുന്നു. അവളുടെ തിരിച്ചുവരവിൽ ഞങ്ങൾ കൂടെയുണ്ടാവും. ചികിത്സയടക്കം എല്ലാ സഹായങ്ങളും ഞങ്ങൾ നൽകും'- ബയേൺ ചെയർമാൻ ഹെർബർട്ട് ഹൈനർ കരാർ പുതുക്കിയ ശേഷം പറഞ്ഞു.

മരിയയും ഏറെ വികാരഭരിതമായാണ് ടീമിന്റെ തീരുമാനത്തെ വരവേറ്റത്. 'ഇങ്ങനെയൊരു രോഗം എനിക്കുണ്ടാവുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ല. എന്നാൽ ഇപ്പോൾ ടീമിൽ നിന്നടക്കം ലഭിക്കുന്ന പിന്തുണ എനിക്ക് കരുത്ത് പകരും. ഞാനീ രോഗത്തെ മറികടക്കും'-മരിയ പ്രതികരിച്ചു.

TAGS :

Next Story