ലോകകപ്പ് ഉദ്ഘാടനം സംപ്രേഷണം ചെയ്തില്ല; ക്ലബ് മത്സരം നൽകി ബി.ബി.സിയുടെ ബഹിഷ്‌ക്കരണം-വൻ വിമർശനം
''റഷ്യൻ ലോകകപ്പിന്റെ സമയത്ത് ബി.ബി.സിയുടെ ധാർമികരോഷം എവിടെയായിരുന്നു? ബെയ്ജിങ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് എന്തുകൊണ്ട് ബി.ബി.സി സംപ്രേഷണം ചെയ്തു? അറബ് രാജ്യങ്ങളും അറബ് സംസ്‌കാരവുമാണോ നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്നത്?''
ലണ്ടൻ: ലോകം മൊത്തം കണ്ണുമിഴിച്ചു നോക്കിനിന്ന ഫുട്‌ബോൾ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യാതെ ബഹിഷ്‌ക്കരിച്ച് ബി.ബി.സി. ഖത്തറിലെ അൽഖോറിലുള്ള അൽബെയ്ത് സ്‌റ്റേഡിയത്തിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനക്കാഴ്ചകളാണ് പ്രധാന ചാനലായ 'ബി.ബി.സി വണി'ൽ തത്സമയം സംപ്രേഷണം നൽകാതിരുന്നത്. ചരിത്രത്തിലാദ്യമായാണ് ബി.ബി.സി ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യാതിരിക്കുന്നത്.
ഈ സമയത്ത് ക്ലബ് മത്സരം സംപ്രേഷണം ചെയ്യുകയാണ് ചാനൽ ചെയ്തത്. പിന്നീട് ഫിഫയ്‌ക്കെതിരെ അഴിമതിയും ഖത്തറിനെതിരെ തൊഴിൽ പീഡനവും ലിംഗന്യൂനപക്ഷ വിരുദ്ധതയും ആരോപിച്ചുകൊണ്ടുള്ള ചർച്ചയും പുറത്തുവിട്ടു. ബി.ബി.സിയുടെ നടപടിയിൽ വൻ പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.
ഹോളിവുഡ് ഇതിഹാസം മോർഗൻ ഫ്രീമാൻ അവതരിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നും വിസ്മയക്കാഴ്ചകളുമാണ് ഖത്തർ ഒരുക്കിവച്ചിരുന്നത്. മോർഗൻ ഫ്രീമാനും അരയ്ക്ക് താഴെ വളർച്ചയില്ലാത്ത ഭിന്നശേഷിക്കാരനായ ഖത്തർ യുവാവ് ഗാനിം അൽ മുഫ്തയും ചേർന്നു നടത്തിയ പരിപാടി ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ബി.ടി.എസ് താരം ജങ് കൂക്കും ഖത്തർ ഗായകൻ ഫഹദ് അൽകുബൈസിയും നേതൃത്വം നൽകിയ സംഗീതവിരുന്നിനുമെല്ലാം ഉദ്ഘാടന ചടങ്ങ് സാക്ഷിയായി.
ക്ലബ് മത്സരവും ചാനൽ ചർച്ചയും
ഉദ്ഘാടന പരിപാടിക്കും മിനിറ്റുകൾക്കുമുൻപ് അവസാനിച്ച വനിതാ സൂപ്പർ ലീഗിലെ ചെൽസി-ടോട്ടനം മത്സരമാണ് ഈ സമയത്ത് ബി.ബി.സി വണിൽ സംപ്രേഷണം ചെയ്തത്. കായികരംഗത്തെ സ്വവർഗ വിരുദ്ധതയ്‌ക്കെതിരെ 1982ൽ മുൻ ഒളിംപ്യന്മാർ ചേർന്ന് സംഘടിപ്പിച്ച 'ഗേ ഗെയിംസ്' ഇതേസമയത്ത് തന്നെ ബി.ബി.സി സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പങ്കുവച്ചു.
പിന്നീട് ലോകകപ്പ് പരിപാടികൾ ആരംഭിച്ചപ്പോൾ ഖത്തറിനെതിരെ മനുഷ്യാവകാശ വിരുദ്ധത ആരോപിച്ചുകൊണ്ടുള്ള ചർച്ചയാണ് ചാനലിൽ നടന്നത്. ഗാരി ലിനേക്കർ അവതരിപ്പിച്ച പരിപാടിയിൽ മുൻ ഇംഗ്ലീഷ് നായകൻ അലെക്‌സ് ഷിയററും സ്‌പോർട്‌സ് അവതാരക അലെക്‌സ് സ്‌കോട്ടും ഖത്തറിനും ഫിഫയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പാണിതെന്നു പറഞ്ഞുകൊണ്ടാണ് ലിനേക്കർ തുടങ്ങിയത്. ലോകകപ്പ് ലേലത്തിലെ അഴിമതി മുതൽ കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റവും സ്വവർഗാനുരാഗ വിരുദ്ധതയും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ അടക്കമുള്ള വിഷയങ്ങൾ പാനലിസ്റ്റുകളും അവതാരകനും ഉയർത്തി.
എന്നാൽ, ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്നാണ് ബി.ബി.സി വക്താവ് പിന്നീട് അൽജസീറോട് പ്രതികരിച്ചത്. പരിപാടിയുടെ പൂർണമായ കവറേജ് ബി.ബി.സി ഐപ്ലേയറിലും ബി.ബി.സി സ്‌പോർട് വെബ്‌സൈറ്റിലും സംപ്രേഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ, ഉദ്ഘാടന ചടങ്ങ് നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്നു മാറ്റിയെന്നും മാറ്റിയ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന വനിതാ സൂപ്പർ ലീഗ് മത്സരമുണ്ടായിരന്നുവെന്നും വക്താവ് വ്യക്തമാക്കി.
എന്നാൽ, ചരിത്രത്തിലാദ്യമായാണ് ബി.ബി.സി വണിൽ ലോകകപ്പ് അടക്കമുള്ള കായിക മാമാങ്കങ്ങളുടെ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനു പുറമെ ഉദ്ഘാടന സമയത്തിലെ മാറ്റം ഓഗസ്റ്റിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയോടും ചൈനയോടും അയിത്തമില്ല
ബി.ബി.സിയുടെ നടപടിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ബഹിഷ്‌ക്കരണം ഖത്തറിനോട് കാണിച്ച അനാദരവാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗൻ തുറന്നടിച്ചു. റഷ്യൻ ലോകകപ്പിന്റെ സമയത്ത് ബി.ബി.സിയുടെ ധാർമികരോഷം എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ''അടുത്ത തവണ അമേരിക്ക ആതിഥേയത്വം വഹിക്കുമ്പോഴും ഇതേ നിലപാട് തുടരുമോ? അറബ് രാജ്യങ്ങളും അറബ് സംസ്‌കാരവുമാണോ നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്നത്?''-മോർഗൻ ചോദിച്ചു.
ഒൻപതു മാസം മുൻപ് ബെയ്ജിങ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് എന്തുകൊണ്ട് ബി.ബി.സി സംപ്രേഷണം ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ചൈനയുടെ മനുഷ്യാവകാശ ലംഘനം ഖത്തറിന്റെ അത്ര മോശമല്ലെന്നാണോ പറയുന്നതെന്നും അദ്ദേഹം തുടർന്നു.
ഒൻപതു മാസം മുൻപ് ചൈനയിൽ നടന്ന ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്തവരാണ് ബി.ബി.സിയെന്ന് എം.എസ്.എൻ.ബി.സിയിൽ അവതാരകനായ അയ്മൻ ചൂണ്ടിക്കാട്ടി. വംശഹത്യാ ആരോപണം നേരിടുന്നവരാണ് ചൈന. ഇത് ഇരട്ടത്താപ്പും കാപട്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രീമിയ പിടിച്ചടക്കുകയും കിഴക്കൻ യുക്രൈൻ പ്രദേശങ്ങൾ കീഴടക്കുകയും ചെയ്ത സമയത്താണ് 2018ൽ റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന് അധ്യാപകനായ മുഹമ്മദ് ജലാൽ ചൂണ്ടിക്കാട്ടി. അന്ന് ബി.ബി.സിയുടെ ഭാഗത്തുനിന്ന് ഒരു വിമർശനവുമുണ്ടായില്ല. ഉദ്ഘാടന പരിപാടി പൂർണമായി സംപ്രേഷണം ചെയ്യുകയുമുണ്ടായെന്നും ഇപ്പോൾ പുണ്യവാളന്മാരായി നമ്മളെ പഠിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Summary: BBC slammed for not screening World Cup opening ceremony
Adjust Story Font
16