ഐപിഎല്‍: താരങ്ങൾ ബയോ സെക്യുർ ബബിളിന് പുറത്തുപോയതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല-സൗരവ് ഗാംഗുലി
ഒന്നോ രണ്ടോ വേദികളിലായി ഐപിഎൽ നടത്തുന്നതായിരുന്നും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഐപിഎൽ 14-ാം സീസൺ നിർത്തിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിൽ കളിക്കാർ ബയോ സെക്യുർ ബബിളിന് പുറത്തുപോയി എന്ന ആരോപണത്തിൽ മറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരങ്ങൾ ബയോ സെക്യൂർ ബബിളിന് പുറത്തുപോയതിന് തെളിവുകളൊന്നും ലഭിച്ചിട്ടെല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് എങ്ങനെ സെക്യൂർ ബബിൾ ഭേദിച്ച് അകത്തു കടന്നു എന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡിന്‍റെ വ്യാപനശേഷി കൂടിയതിനാൽ എങ്ങനെയാണ് കോവിഡ് വന്നതെന്ന് കണ്ടുപിടിക്കുക ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രഷണലായ ആൾക്കാരെയാണ് ഞങ്ങൾ ബയോ സെക്യുർ ബബിൾ നിർമിക്കാനും താരങ്ങളെ അതിനുള്ളിൽ നിർത്താനും ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ഐപിഎല്ലിലെ അതേ സംഘത്തെ തന്നെയാണ് ഇത്തവണയും നിയോഗിച്ചത്.
ഒന്നോ രണ്ടോ വേദികളിലായി ഐപിഎൽ നടത്തുന്നതായിരുന്നും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ ഐപിഎൽ തീരുമാനിക്കുമ്പോൾ ഇന്ത്യയിലെ കോവിഡ് സ്ഥിതി വള്ളരെ മെച്ചമായിരുന്നു. അതാണ് ഇത്തരത്തിൽ വേദികൾ തീരുമാനിക്കാൻ കാരണം. പക്ഷേ പിന്നീട് കോവിഡ് സ്ഥിതി വഷളാവുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചത് മൂലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഒരു മത്സരം മാറ്റി വച്ചിരിരുന്നെന്നും പക്ഷേ ഐപിഎല്ലിന്റേത് പോലുള്ള തിരക്ക് പിടിച്ച് ഷെഡ്യൂളില് അത് നടപ്പിലാക്കാൻ പറ്റില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള ക്വാറന്‍റെൻ നിബന്ധനകൾ പാലിക്കാനായി അവരെ മാലിദ്വീപിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16