ഇഷാനും അയ്യർക്കും മുട്ടൻ പണി; ബി.സി.സി.ഐ കരാറില്‍ നിന്ന് പുറത്ത്
ഇന്ന് പുറത്ത് പുറത്തു വിട്ട പട്ടികയില്‍ ഇരുവരുടെയും പേരില്ല
രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും മുട്ടൻ പണികൊടുത്ത് ബി.സി.സി.ഐ. ഇരുവരുടെയും കരാർ റദ്ദാക്കി. ഇന്നാണ് കരാർ പട്ടിക ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിൽ. റിങ്കു സിങ്ങും തിലക് വർമയുമാണ് പുതിയതായി കരാർ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ട പട്ടികയിൽ ഇഷാന്റെയും അയ്യരുടേയും പേരില്ല.
എ കാറ്റഗറിയിൽ ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹർദിക് പാണ്ഡ്യ, എന്നിവരാണുള്ളത്. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ബി കാറ്റഗറിയിൽ.
റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ശർദുൽ താക്കൂർ, ശിവം ദുബേ, രവി ബിഷ്‌ണോയി, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പടിദാർ എന്നിവര്‍ സി കാറ്റഗറിയിൽ ഉള്‍പ്പെടുന്നു.
നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി 20 മത്സരങ്ങളോ കളിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന കളിക്കാര്‍ ഗ്രേഡ് സിയിൽ സ്വയമേവ ഉൾപ്പെടും. ധ്രുവ് ജുറേലും സർഫറാസ് ഖാനും ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർ ധർമ്മശാല ടെസ്റ്റിൽ കളിച്ചാല്‍ സി കാറ്റഗറിയില്‍ ഉൾപ്പെടുത്തുമെന്ന് ബി.സിസി.ഐ അറിയിച്ചു.
രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കഴിഞ്ഞ ദിവസങ്ങളില്‍ വടിയെടുത്തിരുന്നു. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.
പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമിൽ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎൽ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.
ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തിൽ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേൽ അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Adjust Story Font
16