Quantcast

മനോഹരം മാര്‍ഷ്... ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റന്‍ സ്കോര്‍

ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 81 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Web Desk

  • Updated:

    2023-09-27 14:51:45.0

Published:

27 Sep 2023 12:58 PM GMT

മനോഹരം മാര്‍ഷ്... ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റന്‍ സ്കോര്‍
X

രാജ്കോട്ട്: നാല് ബാറ്റർമാർ അർധസെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോൾ ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിൽ ആസ്‌ത്രേലിയക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ആസ്‌ത്രേലിയക്കായി ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷൈൻ എന്നിവരാണ് അർധ ശതകം കുറിച്ചത്. 96 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ആസ്‌ത്രേലിയയുടെ ടോപ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. സ്‌കോർബോർഡിൽ 78 റൺസ് ചേർത്ത ശേഷമാണ് വാർണർ- മാർഷ് ജോഡി വേർപിരിഞ്ഞത്. 56 റൺസെടുത്ത വാർണറിനെ പ്രസീദ് കൃഷ്ണ രാഹുലിന്റെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം സ്‌കോർബോർഡ് വേഗത്തിൽ ഉയർത്തിയ മാർഷ് രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.ഒടുക്കം സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് മാർഷ് വീണത്. കുൽദീപ് യാദവാണ് മാർഷിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

പിന്നീട് ക്രീസിലെത്തിയ ലബൂഷൈനൊപ്പം സ്മിത്ത് സ്‌കോർബോർഡ് ഉയർത്തി. 31ാം ഓവറിൽ 74 റൺസെടുത്ത് സ്മിത്ത് പുറത്താവുമ്പോൾ ഓസീസ് സ്‌കോർ 242. ഒരു ഘട്ടത്തിലെ സ്‌കോർ ബോർഡ് 400 കടക്കും എന്ന് തോന്നിച്ചെങ്കിലും പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും ഓസീസിനായി വലിയ സംഭാവന നൽകാനായില്ല. അലക്‌സ് കാരിയും, മാക്‌സ്‍വെല്ലും, കാമറൂൺ ഗ്രീനും വന്ന വേഗത്തിൽ തന്നെ മടങ്ങി. 72 റൺസെടുത്ത ലബൂഷൈനെ ബുംറ ശ്രേയസ് അയ്യറുടെ കയ്യിലെത്തിച്ചു. ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും പുറത്താവാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 81 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story