വരുന്നു കാനറിപ്പട, നെയ്മറില്ലാതെ
സമീപകാലത്ത് ലോക ഫുട്ബോളിന്റെ സിംഹാസനം വിട്ടിറങ്ങേണ്ടി വന്ന ബ്രസീലുകാർ സാമ്രാജ്യങ്ങൾ തിരിച്ചുപിടിക്കാനാണ് ഇക്കുറി കോപ്പയിൽ ബൂട്ട് കെട്ടുന്നത്
ബ്രസീല്.. ലോക ഫുട്ബോളിൽ അധികം ആമുഖങ്ങളൊന്നും വേണ്ടാത്ത രാജ്യം. ബ്രസീൽ എന്ന പേരുകേട്ടാൽ ഏതാണ്ടെല്ലാ തലമുറകൾക്കും ഓർക്കാൻ ഒരുപാട് മനോഹരകഥകളുണ്ട്. ലോകഫുട്ബോളിന് ഒന്നും നൽകാതെ അവരുടെ ഒരു തലമുറയും മടങ്ങിയിട്ടില്ല. ബ്രസീലുകാർ ഫുട്ബോളിനെ തങ്ങളുടെ പതാകയിൽ കൊത്തിവെച്ചപ്പോൾ ലോകം ബ്രസീലിനെ ഹൃദയത്തിലും കൊത്തിവെച്ചു. അൽപ്പകാലമായി ലോക ഫുട്ബോളിന്റെ സിംഹാസനം വിട്ടിറങ്ങേണ്ടി വന്ന ബ്രസീലുകാർ സാമ്രാജ്യങ്ങൾ തിരിച്ചുപിടിക്കാനാണ് ഇക്കുറി കോപ്പയിൽ ബൂട്ട് കെട്ടുന്നത്.
ഒരുപതിറ്റാണ്ടിലേറെക്കാലം ചിറകായിരുന്ന നെയ്മർ ഇല്ലാതെയാണ് കാനറികൾ അമേരിക്കയിലേക്ക് വന്നിറങ്ങിയിരിക്കുന്നത്. ഓർമയില്ലേ.. 2010 ലോകകപ്പ്. അന്ന് ബ്രസീലിയൻ മൈതാനങ്ങളിൽ സാന്റോസിനായി നെയ്മർ നിറഞ്ഞാടുന്ന നേരമാണ്. നെയ്മറിനെ ടീമിൽ ചേർക്കാനായി 14,000 പേര് ഒപ്പിട്ട നിവേദനം ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് ലഭിക്കുകയുണ്ടായി. പെലെയും റൊമാരിയോയും അടക്കമുള്ള മുൻതാരങ്ങൾ നെയ്മറില്ലാതെ പോകരുതെന്ന് കോച്ച് ദുംഗയോട് പറഞ്ഞു. പക്ഷേ എന്ത് പ്രതിഭയാണെങ്കിലും അന്താരാഷ്ട്ര പരിചയമില്ലെന്ന ചൂണ്ടിക്കാണിച്ച് ദുംഗെ 23 അംഗ ടീമിൽ നെയ്മറെ ഉൾപ്പെടുത്തിയില്ല. ദുംഗയുടെ വീടിന് പുറത്തുവരെ പ്രതിഷേധങ്ങളുണ്ടായി.
പക്ഷേ പിന്നീടങ്ങോട്ട് ഏത് ടൂർണമെൻറ് വന്നാലും നെയ്മറായിരുന്നു മഹത്തായ ബ്രസീലിയൻ ഫുട്ബോളിന്റെ പതാകയേന്തിയത്. ലോകകപ്പുകൾ, കോൺഫെഡറേഷൻ കപ്പുകൾ, കോപ്പ അമേരിക്ക എന്നിവയിലെല്ലാം അവരെക്കണ്ടു. ബ്രസീലിന്റെ പ്രതീക്ഷകളും ഫോർമേഷനും കളിതന്ത്രങ്ങളുമെല്ലാം നെയ്മറുടെ കാലുകളുടെ വലയത്തിൽ ചുറ്റിയായിരുന്നു നീങ്ങിയിരുന്നത്. ഇക്കുറി പക്ഷേ കഥയതല്ല.
ബ്രസീലിന് നെയ്മറില്ലാതെ തന്നെ ഉഗ്രൻ ടീമുണ്ടായിരിക്കുന്നു. റയൽ മാഡ്രിഡിനൊപ്പമുള്ള പടയോട്ടത്തിന് ശേഷം വന്നിറങ്ങുന്ന വിനീഷ്യസ്-റോഡ്രിഗോ സഖ്യം. കൂടെ ബാഴ്സയുടെ സ്വന്തം റഫീഞ്ഞ്യ. അവസരം കിട്ടിയാൽ വരവറിയിക്കുന്ന എൻട്രിക്ക് എന്നിവർ ചേരുന്ന അറ്റാക്കിങ്ങിലാണ് പ്രതീക്ഷകളെല്ലാം.
മധ്യനിരയിൽ ബ്രൂണോ ഗുയ്മറസ്, ജാവോ ഗോമസ്, ലൂക്കാസ് പക്വറ്റ എന്നിവർ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡഗ്ലസ് ലൂയിസ്, എഡേഴ്സൺ, ആൻഡ്രേസ് പെരേര അടക്കമുള്ള ഉപയോഗിക്കാവുന്ന വിഭവങ്ങൾ വേറെയുമുണ്ട്. ഡാനിലോ, മാർകിന്യോസ്, മിലിറ്റാവോ, വെൻഡെൽ എന്നിവരടങ്ങുന്ന പ്രതിരോധവും ശക്തം. ഗോൾകീപ്പർറായി അലിസൺ ബെക്കർ. ആർക്കും ഏത് സമയും വേണ്ട പകരക്കാരെ ഇറക്കിവിടാനുള്ള ബെഞ്ച് സ്ട്രങ്തും കാനറികൾക്കുണ്ട്.
വലിയ ഉത്തരവാദിത്തവും അതേ സമയം തന്നെ വലിയ ഗ്ലാമറുമുള്ള ബ്രസീലിയൻ പരിശീലകനാകാനുള്ള യോഗം ഡോറിവൽ സിൽവെസ്റ്റർ ജൂനിയറിനാണ്. ബ്രസീലിയൻ ഫുട്ബോളിനെ അരച്ചുകുടിച്ച മനുഷ്യനാണദ്ദേഹം. സാവോപോളോയെ ബ്രസീലിയൻ ലീഗിൽ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് ദേശീയ ടീമിനൊപ്പം ചേരുന്നത്. െഫ്ലമംഗോ, ഫ്ലൂമിനൻസ്, സാന്റോസ്, വാസ്കോഡ ഗാമ അടക്കമുള്ള ക്ലബുകൾക്കൊപ്പമെല്ലാം മികച്ച ട്രാക്ക് റെക്കോർഡ് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുത്തഴിഞ്ഞു കിടക്കുന്ന ബ്രസീൽ ടീമിൽ അച്ചടക്കം കൊണ്ടുവരാൻ ഡോറിവലിനാകുമെന്നും തന്റെ സ്റ്റ്ട്രാറ്റജികൾ കളിക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പകരം കളിക്കാർക്കനുസരിച്ച് സ്ട്രാറ്റജി ഉണ്ടാക്കാൻ അദ്ദേഹത്തിനാകുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
കോച്ചായി ചുമതലയേറ്റ ശേഷം ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിൽ നേടിയ വിജയം തന്നെയാണ് എടുത്തുപറയാനുള്ള നേട്ടം. മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും സ്പെയിനിനെതിരെ പൊരുതി നേടിയ 3-3 സമനിലയും ഓർക്കാനുണ്ട്. പക്ഷേ തൊട്ടുമുമ്പു നടന്ന മത്സരത്തിൽ യു.എസ്.എയോട് സമനിലയിൽ കുരുങ്ങി. അതിവേഗ പാസിങ്ങിലൂടെയുള്ള അറ്റാക്കിങ് ഫുട്ബോൾ തന്നെയാണ് ഡൊറിവലിന്റെ രീതി. പക്ഷേ സ്വന്തം പോസ്റ്റിൽ വന്നെത്തുന്ന ഗോളുകൾ അദ്ദേഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. കാർലോസ് ആഞ്ചലോട്ടി അടക്കമുള്ള വലിയ പേരുകൾ ഉയർന്നുകേട്ടിരുന്ന ബ്രസീൽ കോച്ചിങ് പൊസിഷനിലേക്കുള്ള അദ്ദേഹത്തിെൻറ ഒരു ലിറ്റ്മസ് ടെസ്റ്റാകും ഈ കോപ്പ അമേരിക്ക.
Adjust Story Font
16