കാണ്‍പൂരില്‍ കണ്‍നിറയെ ഇന്ത്യ; ടെസ്റ്റില്‍ ടി20 മോഡല്‍ ജയം, പരമ്പര
രണ്ട് ദിനങ്ങൾ പൂർണമായും മഴയെടുത്തിട്ടും കാൺപൂർ ടെസ്റ്റിൽ ബംഗ്ലദേശിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ
കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. രസം കൊല്ലിയായെത്തിയ മഴ രണ്ട് ദിവസം പൂര്‍ണമായും കളിമുടക്കിയപ്പോള്‍ മത്സരം സമനിലയിലവസാനിക്കും എന്ന് തോന്നിച്ച ഘട്ടത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചത്.
ആദ്യ ഇന്നിങ്‌സിൽ 233 റൺസിന് കൂടാരം കയറിയ ബംഗ്ലാദേശിനെ ടി20 ശൈലിയിൽ നേരിട്ട ഇന്ത്യ 285 റൺസാണ് പടുത്തുയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ കാര്യങ്ങൾ ഒക്കെ വേഗത്തിലായി. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. 145 റൺസിനാണ് ഇക്കുറി സന്ദർശകർ കൂടാരത്തിലെത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 ഓവറിൽ ലക്ഷ്യം കണ്ടു.
ഒന്നാം ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ മൊഅ്മിനുൽ ഹഖിന്റെ മികവിലാണ് ബംഗ്ലാദേശ് 233 റൺസിന്റെ ടോട്ടൽ പടുത്തുയർത്തിയത്. രണ്ട് ദിവസം മഴയെടുത്ത മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് കാൺപൂരിൽ ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട് അരങ്ങേറുന്നത്. പിന്നെ ഒക്കെ വേഗത്തിലായിരുന്നു. 18 പന്തിൽ ടീം ഫിഫ്റ്റി. പത്തോവറിൽ ടീം മൂന്നക്കം തൊട്ടു. ഈ കുതിപ്പില്‍ റെക്കോർഡുകൾ പലതും കടപുഴകി.
രണ്ടാം ഇന്നിങ്‌സിൽ ബുറയും അശ്വിനും ജഡേജയും ചേർന്ന് ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂവരും മൂന്ന് വിക്കറ്റുകൾ വീതം പോക്കറ്റിലാക്കി. അർധ സെഞ്ച്വറി നേടിയ ശദ്മൻ ഇസ്ലാമും 37 റൺസെടുത്ത മുശ്ഫിഖു റഹീമും മാത്രമാണ് അൽപമെങ്കിലും പൊരുതി നോക്കിയത്. ആറ് ബാറ്റർമാര്‍ രണ്ടക്കം കാണാതെ കൂടാരത്തിലെത്തി.
പിന്നെ ഇന്ത്യക്ക് മൈതാനത്ത് ചില ചടങ്ങുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വെറും 17 ഓവറിൽ ഇന്ത്യ ജയമെത്തിപ്പിടിച്ചു. രണ്ട് ദിവസം മഴയെടുത്ത മത്സരത്തില്‍ കളിയവസാനിക്കാന്‍ പകുതി ദിനം ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിങ്‌സിലും അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യൻ വിജയത്തെ മുന്നിൽ നിന്ന് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
Adjust Story Font
16