ബുംറ ബാക്ക്; ട്രാവിസ് ഹെഡ് ക്ലീൻ ബൗൾഡ്
ഓസീസ് നിരയില്‍ നാല് പേര്‍ക്ക് അര്‍ധ സെഞ്ച്വറി
മെൽബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ തകർപ്പൻ തിരിച്ചു വരവ്. പരമ്പരയില്‍ ഉടനീളം മിന്നും ഫോമിൽ കളിക്കുന്ന ട്രാവിസ് ഹെഡ്ഡിനെ സംപൂജ്യനാക്കി മടക്കിയ ബുംറ മിച്ചൽ മാർഷിനെയും കൂടാരം കയറ്റി. നേരത്തേ ഉസ്മാൻ ഖ്വാജയെയും ഇന്ത്യൻ പേസർ പുറത്താക്കിയിരുന്നു.
നാല് ബാറ്റർമാർ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ബോക്‌സിങ് ഡേയിൽ ഓസീസ് കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുന്നു എന്ന് ചോദിച്ച ഘട്ടത്തിലായിരുന്നു ബുംറയുടെ ഇരട്ട പ്രഹരം. 67ാം ഓവറിൽ ട്രാവിസ് ഹെഡ്ഡിനെ ക്ലീൻ ബൗൾഡാക്കിയ ബുംറ 69ാം ഓവറിൽ മാർഷിനെ പന്തിന്‍റെ കയ്യിലെത്തിച്ചു.
നേരത്തേ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് ബുംറയെ ഭയലേശമന്യേ പ്രഹരിച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ബുംറക്കെതിരെ രണ്ട് സിക്‌സറും നാല് ഫോറും പറത്തിയ സാം അരങ്ങേറ്റം ഗംഭീരമാക്കി. 4485 പന്തുകൾക്ക് ശേഷമാണ് ബുംറക്കെതിരെ ഒരു താരം സിക്‌സർ പറത്തുന്നത്. സാമിനെ ജഡേജയാണ് പുറത്താക്കിയത്.
ആതിഥേയർക്കായി കോൺസ്റ്റാസിന് പുറമേ ഉസ്മാൻ ഖ്വാജയും മാർനസ് ലബൂഷൈനും സ്റ്റീവൻ സ്മിത്തും അർധ സെഞ്ച്വറി കുറിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 283 എന്ന നിലയിലാണ് ഓസീസ്. 64 റൺസുമായി സ്റ്റീവ് സ്മിത്തും 19 റൺസുമായി അലക്‌സ് കാരിയുമാണ് ക്രീസിൽ
Adjust Story Font
16