ആശ്രയം ബുംറ മാത്രം... ഈ കളി എത്ര നാൾ?
പെർത്ത് മുതസൽ സിഡ്‌നി വരെ പലപ്പോഴും ഇന്ത്യൻ ബാറ്റിങ് നിര തകർന്നു തരിപ്പണമായി കൂടാരം കയറുമ്പോളും അനായാസം ജയിക്കാമെന്ന കങ്കാരുക്കളുടെ മോഹങ്ങൾക്ക് മുകളിൽ തീമഴ പെയ്യിച്ചത് ബുംറയാണ്
'ബുംറയില്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി കുറേ കൂടി ഏകപക്ഷീയമായി പോയേനെ'.. ദിവസങ്ങൾക്ക് മുമ്പ് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് പറഞ്ഞു വച്ചതിങ്ങനെയാണ്. 3-1 ന് അടിയറ വച്ചൊരു പരമ്പരയിൽ തോറ്റ ടീമിലെ താരം പ്ലെയർ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുന്നു. ജസ്പ്രീത് ബുംറയെ അക്ഷരം തെറ്റാതെ ഇനി ഇതിഹാസമെന്ന് തന്നെ വിളിച്ച് തുടങ്ങണം. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങുമ്പോൾ തന്നെ ഓസീസ് അനായാസ ജയം മണത്തിരുന്നു. കാരണമൊന്നേയുള്ളൂ. ഇന്ത്യൻ നിരയിൽ ബുംറയില്ല.
പെർത്ത് മുതസൽ സിഡ്‌നി വരെ പലപ്പോഴും ഇന്ത്യൻ ബാറ്റിങ് നിര തകർന്നു തരിപ്പണമായി കൂടാരം കയറുമ്പോളും അനായാസം ജയിക്കാമെന്ന കങ്കാരുക്കളുടെ മോഹങ്ങൾക്ക് മുകളിൽ തീമഴ പെയ്യിച്ചത് അയാളാണ്. അയാൾ മാത്രമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് കീശയിലാക്കിയത് 32 വിക്കറ്റുകൾ. ഒരു ടെസ്റ്റ് സീരീസിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം. കപിൽ ദേവ് 1980 ൽ കുറിച്ച റെക്കോർഡിനൊപ്പം. സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സിൽ ബുംറ പന്തെറിഞ്ഞിരുന്നെങ്കിൽ കപിലിന്റെ റെക്കോർഡ് ഉറപ്പായും പഴങ്കഥയായേനേ. ഇതല്ലാതെ മറ്റെന്താണ് നമുക്ക് ഇക്കുറി ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓർമിക്കാനുള്ളത്. ഒന്നും തന്നെയില്ലെന്ന് പറയേണ്ടി വരും.
അമ്പേ പരാജയമായിപ്പോയൊരു ബാറ്റിങ് നിര. കൺസിസ്റ്റൻസി എന്ന വാക്കിന്റെ അയലത്ത് കൂടെ പോലും പോവാത്ത സീനിയർ താരങ്ങൾ. പലപ്പോഴും കണക്കിന് തല്ല് വാങ്ങിക്കൂട്ടിയ ബോളർമാർ. പ്രതിരോധിച്ചാൽ മാത്രം അനായാസം സമനില പിടിക്കാമായിരുന്ന മത്സരങ്ങളെ കളഞ്ഞു കുളിച്ച മിഡിൽ ഓർഡർ. സ്വന്തം മണ്ണിൽ കിവീസിനോട് വഴങ്ങിയ വൈറ്റ് വാഷിന് പിറകേ പത്ത് വർഷത്തിന് ഇപ്പുറം ബോർഡർ ഗവാസ്‌കർ ട്രോഫി കൂടി അടിയറ വക്കുന്നു.. ഉറപ്പായും ഇന്ത്യൻ ക്രിക്കറ്റ് കുറേ പുനരാലോചനകൾക്ക് മുതിരേണ്ട സമയമാണിത്.
തുടർച്ചയായി രണ്ട് പരമ്പരകളിൽ അമ്പേ പരാജയമായിപ്പോയ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇനിയെങ്കിലും പുതുതലമുറക്ക് വഴിമാറിക്കൊടുക്കുമോ? ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ചോദ്യമുയർത്തിത്തുടങ്ങിയിരിക്കുന്നു.
'ലാപ് ടോപ്പിന് മുന്നിൽ മൈക്കും പിടിച്ചിരിക്കുന്നവർക്ക് എന്തും പറയാം. അവരല്ല എന്റെ വിരമിക്കൽ തീരുമാനിക്കുന്നത്. സിഡ്‌നി ടെസ്റ്റിൽ നിന്ന് മാറി നിൽക്കുക മാത്രമാണ് ചെയ്തത്' രോഹിത് ശർമ ഏറെ വികാരാധീനനായാണ് ഇത് പറഞ്ഞു വക്കുന്നത്. കാര്യമൊക്കെ ശരിയാണ്. പക്ഷെ ബോർഡർ ഗവാസ്‌കർ ട്രോഫിയിലും കിവീസിനെതിരായ പരമ്പരയിലും രോഹിതിന്റെ പ്രകടനങ്ങൾ നോക്കൂ. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് രോഹിതിന്റെ സമ്പാദ്യം ആകെ 31 റൺസാണ്. 6.2 ആണ് ഇന്ത്യൻ നായകന്റെ ശരാശരി. കിവീസിനെതിരായ പരമ്പരയിലാകട്ടെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ആകെ അടിച്ചെടുത്തത് വെറും 91 റൺസ്. ലാപ്‌ടോപ്പിന് മുന്നിൽ മൈക്കും പിടിച്ചിരിക്കുന്നവർ പറയുന്നതിൽ ചില വസ്തുതകളുണ്ടെന്ന് ഈ കണക്കുകളൊക്കെ വിളിച്ച് പറയും.
വിരാട് കോഹ്ലിയുടെ കാര്യവും മറിച്ചല്ല. പെർത്തിൽ നേടിയ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ ഓർമ്മിക്കാനാവുന്ന ഒരിന്ന്ങ്സ് പോലും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല. 9 ഇന്നിങ്‌സുകളിൽ നിന്ന് താരത്തിന്റെ സമ്പാദ്യം 190 ആണ്. അതിലുമപ്പുറം കോഹ്ലി പുറത്താവുന്ന രീതിയാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. സീരിസിൽ എട്ട് തവണയാണ് ഒരേ പോലെ കോഹ്ലി കൂടാരം കയറിയത്. ഓഫ് സൈഡിന് പുറത്തേക്ക് പോയ പന്തുകൾക്ക് ബാറ്റ് വച്ച് അയാൾ നിരന്തരം പുറത്താവുന്നത് തലയിൽ കൈവച്ചാണ് ആരാധകർ കണ്ടു നിന്നത്. കോഹ്ലിയുടെ വീക്‌പോയിന്റ് മനസിലാക്കിയ ഓസീസ് താരങ്ങൾ അയാളെ ഒരേ കെണിയിൽ കുരുക്കി വീഴ്ത്തിക്കൊണ്ടേയിരുന്നു. സീരീസിലെ അവസാന ഇന്നിങ്‌സിലെങ്കിലും കോഹ്ലി പാഠം പഠിക്കും എന്ന് കരുതിയവർക്ക് വീണ്ടും തെറ്റി. സ്‌കോട്ട് ബോളണ്ടിന് മുന്നിൽ നാലാം തവണയും അയാൾ ആയുധം വച്ച് കീഴടങ്ങി. മത്സരത്തിന് മുമ്പേ ബോളണ്ട് കോഹ്ലിയുടെ ദൗർബല്യം ഞങ്ങൾ എന്നേ മനസിലാക്കിക്കഴിഞ്ഞതാണെന്ന പ്രഖ്യാപനം നടത്തിയതാണ്. പക്ഷെ അതിൽ നിന്നൊന്നും ആരാധകരുടെ 'കിങ്' പാഠം പഠിച്ചില്ല.
സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സിൽ നടത്തിയ വെടിക്കെട്ട് പ്രകടനം ഒഴിച്ചു നിർത്തിയാൽ ഋഷഭ് പന്തിനും പലപ്പോഴും കാലിടറിയ ടൂർണമെന്റാണിത്. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് പന്ത് വിക്കറ്റ് വലിച്ചെറിയുന്നത് കണ്ട് നിൽക്കാനായിരുന്നു ആരാധകരുടെ വിധി. മെൽബണിൽ ഒരാവശ്യവുമില്ലാതെ സ്‌കൂപ്പിന് ശ്രമിച്ച് വിക്കറ്റ് ചോദിച്ച് വാങ്ങിയ പന്തിനെതിരെ 'സ്റ്റുപ്പിഡ്' എന്ന് ആക്രോശിക്കുന്ന സുനിൽ ഗവാസ്‌കറെ കമന്‍ററി ബോക്സില്‍ കണ്ടു. കളികണ്ടിരുന്ന ആരാധകരിൽ പലരുടേയും മനസ് ചിലപ്പോൾ ആ സമയത്ത് അത് തന്നെയാവും മന്ത്രിച്ചിട്ടുണ്ടാവുക. 'തേർഡ് മാനിൽ രണ്ട് ഫീൽഡർമാരെ നിങ്ങൾക്കായി സെറ്റ് ചെയ്തിട്ടുണ്ട് എന്നറിഞ്ഞിട്ടും അതേ ദിശയിൽ ഒരു ഷോട്ടിന് മുതിരുന്നത് എത്ര വിഡ്ഢിത്തമാണ്'. ഗവാസ്‌കർ പറഞ്ഞു വച്ചതില്‍ ശരിയുണ്ടായിരുന്നു.
വന്മരങ്ങൾ പലപ്പോഴും കടപുഴകി വീണപ്പോൾ യശസ്വി ജയ്‌സ്വാളും കെ.എൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയുമാണ് ഇന്ത്യൻ നിരയിൽ പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ പുറത്തെടുത്തത്. ട്രാവിസ് ഹെഡ്ഡിന് താഴെ ടൂർണമെന്റിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ രണ്ടാമതാണ് ജയ്‌സ്വാൾ. അഞ്ച് മത്സരങ്ങളിൽ 10 ഇന്നിങ്‌സുകളിൽ നിന്നായി 391 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും യശസ്വി തന്റെ പേരിൽ കുറിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 9 ഇന്നിങ്‌സുകളിൽ നിന്നായി 298 റൺസാണ് നിതീഷ് കുമാർ അടിച്ചെടുത്തത്. പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. സിഡ്‌നിയിൽ പരാജയമായിരുന്നെങ്കിലും മെൽബൺ വരെ ഇന്ത്യൻ ബാറ്റിങ് നിരയുടെ നെടും തൂണായിരുന്നു ഈ 22 കാരൻ. അരങ്ങേറ്റ പരമ്പരയിൽ തന്നെ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം അനിഷേധ്യമാം വിധം ഉറപ്പിച്ചാണ് നിതീഷ് നാട്ടിലേക്ക് വിമാനം കയറുന്നത്. തോറ്റെങ്കിലും ബോക്‌സിങ് ഡേ ടെസ്റ്റിൽ നിതീഷ് കുറിച്ച സെഞ്ച്വറി ആരാധകരുടെ മനസ്സിൽ എക്കാലവും ഉണ്ടാവുമെന്നുറപ്പ്. 10 ഇന്നിങ്‌സുകളിൽ നിന്ന് 276 റൺസായിരുന്നു കെ.എൽ രാഹുലിന്റെ സമ്പാദ്യം. 30 ശരാശരിയിൽ ബാറ്റ് വീശിയ താരം രണ്ട് അർധ സെഞ്ച്വറികൾ തന്റെ പേരിൽ കുറിച്ചു.
ജസ്പ്രീത് ബുംറ എന്ന ഇതിഹാസത്തിന്‍റെ സാന്നിധ്യം ഒരു ടൂര്‍ണമെന്‍റിന്‍റെ ഗതിയെ വരെ നിര്‍ണയിക്കാന്‍ പോന്നതാണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞ പരമ്പരയാണ് അവസാനിക്കുന്നത്. മഗ്രാത്തിനെക്കാളും വസീം അക്രമിനേക്കാളും അപകടകാരിയാണ് ബുംറയെന്ന മുന്‍ ഓസീസ് താരം ഡാരന്‍ ലേമാന്‍റെ പ്രതികരണത്തില്‍ എല്ലാമുണ്ടായിരുന്നു. സ്കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമൊക്കെ നിരന്തരം അപകടം വിതച്ച ടൂര്‍ണമെന്‍റില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയുടെ കയ്യില്‍ ഒരേ ഒരായുധമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ പലപ്പോഴും ഓസീസ് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം കണക്കിന് തകര്‍ത്തെറിഞ്ഞു. സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ബുംറ പരിക്കേറ്റ് പുറത്ത് പോയതോടെ ഓസീസ് വിജയമുറപ്പിച്ചെന്ന് ആരാധകര്‍ എഴുതിത്തുടങ്ങിയത് വെറുതെയൊന്നുമല്ല. സിഡ്നിയില്‍ ഭേദപ്പെട്ടെ പ്രകടനമായിരുന്നെങ്കിലും മുന്‍ മത്സരങ്ങളിലെ മുഹമ്മദ് സിറാജിന്‍റെ പ്രകടനത്തെ കുറിച്ച ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തന്നെയുണ്ട്.
ബുംറയെ മാത്രം ആശ്രയിച്ചിങ്ങനെ എത്ര കാലം മുന്നോട്ട് പോവാനാവുമെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. പരമ്പരക്ക് ശേഷം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഈ ആശങ്ക പരസ്യമാക്കി. താനിത് പറയാന്‍ ആഗ്രഹിച്ചതല്ലെന്നും എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം എന്നുമാണ് ഗംഭീര്‍ പറഞ്ഞു വച്ചത്. ഏതായാലും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കുറേ തിരിച്ചറിവുകളെ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്. ഗൗതം ഗംഭീറിനും സെലക്ടര്‍മാര്‍ക്കും സീനിയര്‍ താരങ്ങള്‍ക്കുമൊക്കെ പുരനാലോചനകള്‍ പലതും നടത്തേണ്ടി വരും. തീര്‍ച്ച...
Adjust Story Font
16