ഡോണ്‍ കാര്‍ലോ; ബെര്‍ണബ്യൂവിലെ വിപ്ലവം
'കാർലോ... എനിക്കൊരു ച്യൂയിങ്കം തരുമോ...' ഡഗ്ഗൗട്ടിന് പുറകിൽ ഗാലറിയിൽ നിന്നാണാ വിളി. കാർലോ കീശയിൽ നിന്ന് താൻ കരുതി വച്ച ച്യൂയിങ്കങ്ങളിലൊന്നെടുത്ത് ആരാധകന് നേരെ നീട്ടി
ടീം ഒന്നോ അതിലധികമോ ഗോളുകൾക്ക് പിന്നിട്ടു നിൽക്കുമ്പോൾ സൈഡ് ലൈനപ്പുറത്ത് ച്യൂയിങ്കവും ചവച്ച് മുഖത്ത് സമ്മർദമേതുമില്ലാതെ, കളിക്കാരോട് കയർക്കാതെ ഗ്രൗണ്ടിലെ നീക്കങ്ങളിൽ കണ്ണും നട്ട് ശാന്തനായി നിൽക്കുന്നൊരാൾ. ഒടുവിൽ എല്ലാ അനിശ്ചിതത്വങ്ങളേയും ധൂളിയാക്കി കാറ്റിൽ പറത്തി അയാളുടെ കുട്ടികൾ കളിയിലേക്ക് മടങ്ങിയെത്തുന്നു. ഇഞ്ചുറി ടൈമും കടന്ന് കളി ഉച്ഛസ്ഥായിയിലെത്തുമ്പോൾ എതിർ ടീമിന്റെ നെഞ്ചിലേക്ക് അയാൾ ഒരു പിടി കനൽ കൂടി കോരിയിടുന്നു. അവിശ്വസനീയമെന്ന് പലരും തലവാചകമെഴുതിത്തുടങ്ങുന്നു. എല്ലാം മറന്ന് ഡഗ്ഗൗട്ടിലിരുന്നവരൊക്കെ മൈതാനത്തേക്ക് അലറിയാർത്തോടുമ്പോൾ അയാളപ്പോഴും ശാന്തനായി സൈഡ് ലൈനപ്പുറത്തുണ്ട്. ഡോൺ കാർലോ. യൂറോപ്പ്യൻ ഫുട്ബോളിൽ തുടരുന്ന റയൽ മാഡ്രിഡിന്റെ അപ്രമാധിത്വത്തിന് പിന്നിൽ ചരട് വലിക്കുന്ന ആ വലിയ പേര്. റയൽ മാഡ്രിഡ് 15 ാം ചാമ്പ്യൻസ് ലീഗ് കിരീടം എന്ന അതുല്യ നേട്ടത്തിൽ തൊടുമ്പോൾ ആരാധകർ ഒന്നടങ്കം നന്ദി പറയുന്നത് അയാൾക്കാണ്. അയാൾക്ക് മാത്രമാണ്.
'കാർലോ... എനിക്കൊരു ച്യൂയിങ്കം തരുമോ...' ഡഗ്ഗൗട്ടിന് പുറകിൽ ഗാലറിയിൽ നിന്നാണാ വിളി. കാർലോ കീശയിൽ നിന്ന് താൻ കരുതി വച്ച ച്യൂയിങ്കങ്ങളിലൊന്നെടുത്ത് ആരാധകന് നേരെ നീട്ടുന്നു. മൈതാനത്തിനകത്തും പുറത്തും ശാന്തനായി മാത്രം ആരാധകർ കാണാറുള്ള ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു. ആഞ്ചലോട്ടി ഇങ്ങനെയൊക്കെയാണ്. മൈതാനത്ത് ഒരു മരണപ്പോര് അരങ്ങേറുമ്പോൾ പോലും അയാളൊരു ച്യൂയിങ്കവും ചവച്ച് കീശയിൽ കൈകൊടുത്ത് ഡഗ്ഗൗട്ടിനരികിൽ നിൽപ്പുണ്ടാവും. അയാളുടെ മുഖത്ത് തളംകെട്ടിക്കിടക്കുന്ന ശാന്തതക്ക് പിന്നിൽ ഒരു കൊടുങ്കാറ്റുണ്ടെന്ന് എതിരാളികൾ അറിഞ്ഞു തുടങ്ങുമ്പോഴേക്കും കളി കൈവിട്ട് പോയിട്ടുണ്ടാവും.
2014 ൽ ലിസ്ബൺ ചുവന്ന തുടുത്ത ആ രാവ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ എങ്ങനെ മറക്കാനാണ്. 90 മിനിറ്റും കടന്നു പോയ ആ മത്സരത്തിൽ അത്ലറ്റിക്കോയുടെ വിജയഭേരി മുഴങ്ങാൻ അവശേഷിച്ചിരുന്നത് വെറും വിരലിലെണ്ണാവുന്ന നിമിഷങ്ങൾ. ജയമുറപ്പിച്ച് നിൽക്കുന്ന ഡിയഗോ സിമിയോണിയുടെ മുഖത്ത് പെട്ടെന്നൊരു ഭീതി പടർന്നു. സൈഡ് ലൈന് വെളിയിൽ അയാൾ അലറി വിളിച്ചോടി. പ്രതിരോധക്കോട്ടയിൽ ഇപ്പോൾ ഒരു വിള്ളൽ വീണാൽ എല്ലാം തകർന്ന് തരിപ്പണമാവുമെന്ന് അയാൾക്കുറപ്പായിരുന്നു. ഒടുവിൽ സിമിയോണി ഭയന്നത് തന്നെ സംഭവിച്ചു.
അത്ലറ്റിക്കോ ഡിഫൻറർമാർ മുഴുവൻ റയലിന്റെ പേരുകേട്ട മുന്നേറ്റ നിരയെ തളച്ചിടുന്ന തിരക്കിലായിരുന്നു.. അതിനിടയിൽ സെർജിയോ റാമോസെന്ന പടക്കുതിരയെ തളക്കാൻ അവർ പാടേ മറന്നു.. അതിന് അവർ കൊടുക്കേണ്ടി വന്നത് ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിൻറെ വിലയായിരുന്നു. ലൂക്കാ മോഡ്രിച്ച് നീട്ടിയടിച്ച കോർണർ കിക്ക് പിറകിൽ നിന്നോടിയെത്തിയ സെർജിയോ റാമോസ് ആരും നിനച്ചിരാക്കാത്ത നേരത്താണ് ഗോൾ വലയിലേക്ക് കുത്തിയിട്ടത്. ഗാലറി പൊട്ടിത്തെറിച്ചു. ഫ്ലോറന്റീനോ പെരസ് പോലും ഇരിപ്പിടത്തിൽ നിന്നെണീറ്റ് ആവേശം കൊണ്ട് കയ്യടിച്ചു. സാബി അലോൺസോ ഗാലറിയിൽ നിന്നിറങ്ങി കോർണർ ഫ്‌ലാഗിനടുത്തേക്ക് ഓടി. അപ്പോഴും കാർലോ ഡഗ്ഗൌട്ടിന് മുന്നിൽ ശാന്തനായി നിൽക്കുകയായിരുന്നു. പിന്നെയാ കളിയുടെ ചിത്രത്തിൽ ഡിയഗോ സിമിയോണി എന്ന പരിശീലകനുണ്ടായിരുന്നില്ല. ലാ ഡെസിമ ഒരു തുടക്കം മാത്രമായിരുന്നു. ചാമ്പ്യൻസ് ലീഗിൻറെ മൈതാനങ്ങളിൽ പിന്നെയും എത്രയെത്ര തിരിച്ചുവരവുകൾ. കാർലോ ശാന്തനായിപ്പോഴും ഡഗ്ഗൌട്ടിന് മുന്നിൽ തന്നെയുണ്ട്. റെമോൻട്ടാടാ... അത് റയലിൻറെ ഡി.എൻ.എയിൽ അലിഞ്ഞു ചേർന്നതാണെന്നും ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നുമാണ് ഇപ്പോഴും, എപ്പോഴും കാർലോയുടെ പക്ഷം.... അവിശ്വസനീയമാം വിധം അത് വീണ്ടും വീണ്ടും മൈതാനങ്ങളിൽ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.
ഇക്കുറി ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേണിനെതിരെ റയൽ ചരിത്രം ആവർത്തിക്കുമ്പോൾ മുൻ ഇറ്റാലിയൻ പരിശീകനായ അരിഗോ സാച്ചി കാർലോയോട് ഇങ്ങനെ പറഞ്ഞു. 'ആ മത്സരം എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു' കാർലോ തമാശ കലർത്തി ഇങ്ങനെ മറുപടി നൽകി. അരിഗോ അതൊരു ടാക്റ്റിക്കാണ്.. ഞങ്ങൾ മരിച്ചത് പോലെ ഗ്രൗണ്ടിൽ അഭിനയിക്കുന്നു. പിന്നെ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ആരും നിനച്ചിരിക്കാത്ത നേരത്ത് ഉയിർത്തെഴുന്നേൽക്കുന്നു.'' സാച്ചി ചിരിച്ചു. കാർലോ തമാശക്കാണത് പറഞ്ഞതെങ്കിലും തൻറെ കളിക്കൂട്ടത്തിൽ എത്രമേൽ അയാൾ വിശ്വാസമർപ്പിച്ചിരിക്കുന്നു എന്നതിൻറെ തെളിവാണീ വർത്തമാനങ്ങളൊക്കെ.
2013 ലാണ് ആഞ്ചലോട്ടി റയലിൻറെ പരിശീലക വേഷത്തിലെത്തുന്നത്. ഒമ്പത് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഷെൽഫിലുണ്ടായിരുന്നെങ്കിലും പ്രതാഭ കാലത്തിൻറെ പെരുമ മാത്രമായിരുന്നു ഒരു പതിറ്റാണ്ടു കാലം റയലിന് പറയാനുണ്ടായിരുന്നത്. 2002 മുതൽ 2013 വരെ ഒരിക്കൽ പോലും ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ റയലിനായിരുന്നില്ല. മോറീന്യോയുടെ പകരക്കാരനായി ടീമിലെത്തിയ ആൻസലോട്ടി റയലിൽ ഒരു പുതിയ വിപ്ലവത്തിന് തിരികൊളുത്തി. ആൻസലോട്ടിക്കൊപ്പം സഹപരിശീലകരായി സിനദിൻ സിദാനും പോൾ ക്ലെമൻറും ചുമതലയേറ്റു. ടീമിനെ അയാൾ അടിമുടി ഉടച്ചു വാർത്തു തുടങ്ങുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള വമ്പൻ സ്രാവുകൾ അണിനിരക്കുന്നൊരു ടീമിനെ എങ്ങനെ പുതുക്കിപ്പണിയണമെന്ന് അയാൾക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതേ സീസണിൽ മെസ്യൂട്ട് ഓസിലും ഗോൺസാലോ ഹിഗൈ്വനും ടീം വിട്ടപ്പോൾ റെക്കോർഡ് തുകക്ക് ഗാരത് ബെയിൽ ബെർണബ്യൂവിലെത്തി. അത് വരെ 4-2-3-1- ശൈലിയിൽ കളിച്ച് കൊണ്ടിരുന്ന റയലിനെ 4-3- 3- ശൈലിയിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു ആൻസലോട്ടി. ആക്രമണ ഫുട്‌ബോളിനെ ഒരേ സമയം പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ ശക്തമായൊരു പ്രതിരോധ ഘടന അയാൾ ടീമിൽ കെട്ടിപ്പടുത്തു.
തുടക്കം മുതൽ തന്നെ കളിക്കാരുമായി ആഴമേറിയ വ്യക്തിബന്ധങ്ങൾ സ്ഥാപിച്ച കാർലോ കളത്തിന് പുറത്ത് നിന്ന് തന്നെ ടീം ബിൽഡിങ് ആരംഭിച്ചു. റയൽ മാഡ്രിഡിൽ മോറീന്യോ പരിശീലിപ്പിച്ചിരുന്ന കാലത്ത് കോച്ചും കളിക്കാരും തമ്മിലുള്ള പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളുമൊക്കെ ഇടക്കിടെ വാർത്തയാവാറുണ്ടായിരുന്നു. ഇത് ടീമിൻറെ കെട്ടുറപ്പിനെ പോലും ബാധിച്ചു. കാർലോ അങ്ങനെയായിരുന്നില്ല. വലിപ്പ ചെറുപ്പമില്ലാതെ ടീമിലെ മുഴുവൻ താരങ്ങൾക്കുമയാൾ പ്രിയപ്പെട്ടവനായി.
''കാർലോ ആഞ്ചലോട്ടി എന്നെ സംബന്ധിച്ച് ഒരു സർപ്രൈസായിരുന്നു. അദ്ദേഹം കാർക്കശ്യക്കാരനാണ് എന്നാണ് ഞാനാദ്യം കരുതിയത്. കാര്യങ്ങൾ മുമ്പത്തേക്കാൾ വഷളാവുമെന്ന് എന്റെ മനസ്സ് പറഞ്ഞ് തുടങ്ങി. എന്നാൽ എന്റെ തോന്നലുകളുടെ നേർവിപരീതമാണ് സംഭവിച്ചത്. ഏറെ സൗഹാർദപൂർവമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എല്ലാ ദിവസവും അദ്ദേഹം തന്റെ മുഴുവൻ കളിക്കാരുടെയും അടുത്ത് ചെന്നിരുന്ന് ഏറെ നേരം സംസാരിക്കുന്നത് കാണാം. പിന്നീടത് ഞങ്ങളുടെ കളിയിൽ വരെ വലിയ സ്വാധീനമുണ്ടാക്കി. അദ്ദേഹത്തിനൊപ്പം നിരവധി ട്രോഫികൾ ഞങ്ങൾക്ക് നേടാനായി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് കാർലോ''-പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഞ്ചലോട്ടിയെ കുറിച്ച ഓർമകൾ ഒരിക്കൽ അയവിറക്കിയത് ഇങ്ങനെയാണ്.
ഈ വർഷം ലാലീഗ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എഡ്വാർഡോ കാമവിങ്കക്കൊപ്പം തനിക്ക് നൃത്തം ചവിട്ടണമെന്ന് മൈക്കിൽ വിളിച്ച് പറഞ്ഞ ശേഷം ആ 64 കാരൻ കാമവിങ്കയുടെ തോളിൽ കയ്യിട്ട് നൃത്തച്ചുവടുകൾ വക്കുന്നത് സാകൂതം നോക്കി നിന്നവരാണ് റയൽ ആരാധകരിൽ പലരും. ടീമിൽ അയാളുണ്ടാക്കിയെടുത്ത ഈ സൌഹാർദാന്തരീക്ഷം റയലിൻറെ കിരീടനേട്ടങ്ങളിൽ പോലും വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് തന്നെ പറയേണ്ടി വരും.
2001 മുതൽ 2009 വരെ എ.സി മിലാനിൽ ആഞ്ചലോട്ടി വിപ്ലവമായിരുന്നു. ഇക്കാലയളവിൽ രണ്ട ് തവണയാണ് ടീം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. 2005 ൽ അരങ്ങേറിയ ഇസ്താംബൂൾ മിറാക്കിളിൽ ലിവർപൂളിന് മുന്നിൽ തകർന്നടിഞ്ഞത് എ.സി മിലാൻ ആരാധകർക്ക് എന്നും കണ്ണീരോർമയാണ്. എന്നാൽ ആ ഓർമകൾക്ക് രണ്ട് വർഷത്തിൻറെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 2007 ൽ ഏഥൻസിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂളിനെ കശക്കിയെറിഞ്ഞ് കാർലോയുടെ കളിക്കൂട്ടം പകരം ചോദിച്ചു.
എ.സി മിലാന് ശേഷം നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഐതിഹാസികമായൊരു മാനേജീരിയൽ കരിയർ പിന്നീട് കാർലോക്കുണ്ടായത് റയലിനൊപ്പമാണ്. ഒരു പതിറ്റാണ്ടിന് ശേഷം അയാൾ റയലിനെ പത്താം ചാമ്പ്യൻസ് ലീഗ് കിരീടമണിയിച്ചു. 2014 ന് ശേഷം ആറ് തവണയാണ് റയൽ പിന്നീട് ചാമ്പ്യൻസ് ലീഗിൽ ചരിത്രം രചിച്ചത്. കിരീടമില്ലാത്ത ഒരു പതിറ്റാണ്ട് കാലം കഴിച്ചു കൂട്ടിയ ലോസ് ബ്ലാങ്കോസ് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഷെൽഫിലെത്തിച്ചത് ആറ് കിരീടങ്ങളാണ്. അതിൽ മൂന്നും കാർലോക്ക് കീഴിലായിരുന്നു. പലപ്പോഴും തോറ്റു പോയേടത്ത് നിന്ന് അവിശ്വസനീയമാം വിധം അയാൾ ടീമിനെ തിരിച്ച് കൊണ്ടു വന്നു.
സിനദിൻ സിദാൻ പടിയിറങ്ങിയതിന് ശേഷം 2021 ൽ വീണ്ടുമൊരിക്കൽ കൂടി ഫ്‌ലോറണ്ടീനോ പെരസ് ആഞ്ചലോട്ടിയെ ബെർണബ്യൂവിലേക്ക് തിരികെ വിളിച്ചു. ക്രിസ്റ്റ്യാനോയടക്കമുള്ള വലിയ പേരുകൾ അപ്പോൾ ലോസ് ബ്ലാങ്കോസിനൊപ്പമുണ്ടായിരുന്നില്ല. എന്നാലയാൾ ഫുട്‌ബോൾ ലോകത്ത് വലിയ ചില പേരുകളെ സൃഷ്ടിച്ച് തുടങ്ങുകയായിരുന്നു. 2022 ചാമ്പ്യൻസ് ലീഗ് സെമിയിൽ പെപ് ഗാർഡിയോളയെ അയാൾ നിഷ്പ്രഭനാക്കിയത് റോഡ്രിഗോ ഗോസ് എന്ന 21 കാരനെ മൈതാനത്ത് കയറൂരി വിട്ടാണ്. സിറ്റി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തെന്ന് കരുതിയുറപ്പിച്ച നേരത്ത് രണ്ട് മിനിറ്റിൻറെ ഇടവേളയിൽ പിറന്ന ആ രണ്ട് ഗോളുകൾ റയലിൻറെ ചരിത്രത്തിലെ തന്നെ വലിയ തിരിച്ചുവരവുകളൊന്നിൻറെ കഥ പറഞ്ഞു. അതിന് ശേഷം ഈ സീസണിലടക്കം നിരവധി പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി റോഡ്രിഗോ എന്ന പടക്കുതിരയുടെ മിന്നലാട്ടങ്ങൾ കണ്ടു. ഇക്കുറിയും അയാൽ ഇംഗ്ലീഷ് വമ്പന്മാരുടെ വലയിൽ ഒന്നിലേറെ തവണ പന്തെത്തിച്ചു.
സെമിയിൽ ബയേണിനെതിരായ പോരാട്ടത്തിന് മുമ്പ് ഹൊസേലു എന്ന പേര് റയൽ ആരാധകരുടെ പോലും മനസ്സിൽ തെളിഞ്ഞിരുന്നില്ല. എന്നാൽ ടീം പിന്നിട്ട് നിന്ന നേരത്ത് കാർലോ അയാളെ മൈതാനത്തേക്കിറക്കി വിട്ടു. ബയേൺ നിനച്ചിരിക്കാത്ത നേരത്താണ് മൂന്ന് മിനിറ്റിൻറെ ഇടവേളയിൽ ഹൊസേലു കളി തിരിച്ചു പിടിച്ചത്. അങ്ങനെയങ്ങനെ എത്രയെത്ര അവിസ്മരണീയമായ ഓർമകൾ അയാൾ റയലിൻറെ ചരിത്ര പുസ്തകത്തിലെഴുതിച്ചേർത്തു.
'എത്ര കാലം റയലിന് എന്നെ ആവശ്യമുണ്ടോ അത്രയും കാലം ഞാനിവിടെ തന്നെയുണ്ടാകും. റയലിന് ശേഷം മറ്റൊരു ക്ലബ്ബിനെ കുറിച്ച് ആലോചിക്കില്ല'- ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പാണ് കാർലോ ഇത് പ്രഖ്യാപിച്ചത്. ബെർണബ്യൂവിൽ അയാളുടെ കളിക്കാലങ്ങൾ അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നുണ്ടാവും ഇപ്പോൾ ആരാധകർ.
Adjust Story Font
16