സെഞ്ചുറിയുമായി കളം നിറഞ്ഞ് ബാബറും ഇഫ്തിഖാറും; നേപ്പാളിനെതിരെ പാകിസ്താന് കൂറ്റന്‍ ജയം
പാക് വിജയം 238 റണ്‍സിന്
മുള്‍ത്താന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ പാകിസ്താന് കൂറ്റൻ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 342 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ വെറും 104 റണ്‍സിന് കൂടാരം കയറി. 238 റണ്‍സിനാണ് പാക് വിജയം. നേപ്പാളിനായി മൂന്ന് ബാറ്റര്‍മാരൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല. പാകിസ്താന് വേണ്ടി ഷദാബ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റഊഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ബാബർ അസമിന്റേയും ഇഫ്തികാർ അഹ്മദിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിലാണ് പാകിസ്താന്‍ കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പാക് നിര 342 റൺസ് അടിച്ചെടുത്തു. ബാബർ അസം 131 പന്തിൽ 151 റൺസ് നേടിയപ്പോള്‍ ഇഫ്തികാർ അഹ്മദ് പുറത്താവാതെ 109 റൺസെടുത്തു.
ടോസ് നേടിയ ആതിഥേയർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ഓപ്പണർ ഫഖർ സമാനെ പാകിസ്താന് നഷ്ടമായി. കരൺ കെ.സിക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ഇമാമുൽ ഹഖും പുറത്തായതോടെ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലായി. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് രിസ്വാനും ചേർന്ന് പാക് സ്‌കോർ ഉയർത്തി. സ്‌കോർ മൂന്നക്കം കടന്ന ശേഷമാണ് ഈ ജോഡി പിരിഞ്ഞത്.
പിന്നീട് ക്രീസിലെത്തിയ സൽമാൻ അലിക്ക് അഞ്ച് റൺസെടുക്കാനേ കഴിഞ്ഞുളള്ളൂ. ആറാമനായി ക്രീസിലെത്തിയ ഇഫ്തികാർ അഹമ്മദിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ക്യാപ്റ്റൻ സ്‌കോർ 300 കടത്തിയ ശേഷമാണ് പുറത്തായത്. നേപ്പാളിനായി സോംപാൽ കാമി രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16