ഐഒസി മുന്നറിയിപ്പ്; ഒളിംപിക്‌സ് വേദിയിൽ മാവോ സേതുങ് ബാഡ്ജ് അണിയില്ലെന്ന് ചൈന
ടോക്യോയിൽ ഒളിംപിക്സ് വേദിയില്‍ മുന്‍ ചൈനീസ് പ്രസിഡന്‍റും കമ്മ്യൂണിസ്റ്റ് നേതാവുമായ മാവോ സേതൂങ്ങിന്റെ ചിത്രം അടങ്ങിയ ബാഡ്ജ് ധരിച്ച് മെഡൽ ജേതാക്കൾ എത്തിയത് വിവാദമായിരുന്നു
ഒളിംപിക്‌സിലെ മെഡൽ വിതരണ ചടങ്ങിൽ മാവോ ബാഡ്ജ് ധരിക്കില്ലെന്ന് സമ്മതിച്ച് ചൈന. രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി)യുടെ മുന്നറിയിപ്പിനെ തുടർന്നാണ് ചൈനീസ് ഒളിംപിക് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ടോക്യോയിൽ ഒളിംപിക്സ് വേദിയില്‍ മുന്‍ ചൈനീസ് പ്രസിഡന്‍റും കമ്മ്യൂണിസ്റ്റ് നേതാവുമായ മാവോ സേതൂങ്ങിന്റെ ചിത്രം അടങ്ങിയ ബാഡ്ജ് ധരിച്ച് മെഡൽ ജേതാക്കൾ എത്തിയത് വിവാദമായിരുന്നു. സൈക്ലിങ്ങിൽ സ്വർണ, വെങ്കല മെഡലുകൾ നേടിയ ചൈനീസ് താരങ്ങളായ ബാവോ ഷാഞ്ജു, സോങ് തിയാൻഷി എന്നിവരാണ് മാവോ ബാഡ്ജ് ധരിച്ച് മെഡൽ വാങ്ങാനെത്തിയത്.
രാഷ്ട്രീയ, മത, വംശീയ പ്രചാരണങ്ങളോ പ്രകടനങ്ങളോ ഒളിംപിക്‌സ് വേദിയിൽ പാടില്ലെന്ന് ഒളിംപിക് ചാർട്ടറിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം ലംഘിച്ചുവെന്നു കാണിച്ചാണ് ഒളിംപിക്‌സ് അധികൃതർ ചൈനീസ് വൃത്തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. മത്സരത്തിനു മുൻപും ശേഷവും മത്സരാർത്ഥികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാമെന്ന തരത്തിലുള്ള ഇളവ് ഇത്തവണ വരുത്തിയിട്ടുണ്ട്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' കാംപയിനിന്റെ ഭാഗമായുള്ള പ്രതീകാത്മക പ്രചാരണങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ, മത്സരത്തിനിടയിലും മെഡൽ വിതരണ ചടങ്ങിലും പഴയ വിലക്ക് തുടരുന്നുണ്ട്.
Adjust Story Font
16