Quantcast

''ടൈംഡ് ഔട്ട് ആക്കല്ലേ...''; ആരാധകരില്‍ ചിരിപടര്‍ത്തി ക്രിസ് വോക്സ്

പൂനെയില്‍ നടക്കുന്ന ഇംഗ്ലണ്ട് നെതര്‍ലാന്‍റ്സ് മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്

MediaOne Logo

Web Desk

  • Updated:

    2023-11-09 06:47:09.0

Published:

8 Nov 2023 1:05 PM GMT

Chris Woakes
X

Chris Woakes 

പൂനെ : ദിവസങ്ങൾക്ക് മുമ്പാണ് ലോകകപ്പിൽ ക്രിക്കറ്റ് ആരാധകരെ മുഴുവൻ ഞെട്ടിച്ച ടൈംഡ് ഔട്ട് വിവാദം അരങ്ങേറിയത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍‌വമായൊരു വിക്കറ്റിനാണ് ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ 'ടൈംഡ് ഔട്ടി'നിരയായത് ശ്രീലങ്കൻ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ്. ഒരു പന്തും നേരിടാതെയാണ് മാത്യൂസ് ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്.

ഇപ്പോഴിതാ ഇംഗ്ലണ്ട് നെതര്‍ലാന്‍റ്സ് മത്സരത്തിനിടെ രസകരമായൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. മത്സരത്തിന്റെ 36ാം ഓവറിൽ മൊഈൻ അലിയുടെ വിക്കറ്റ് വീണ ശേഷം അഞ്ചാമനായിറങ്ങിയ ഇംഗ്ലീഷ് ബാറ്റർ ക്രിസ് വോക്‌സ് തന്റെ ഹെൽമറ്റിന് എന്തോ കുഴപ്പമുള്ളത് അറിയുന്നത് ക്രീസിലെത്തിയ ശേഷമാണ്. ഉടൻ അമ്പയറുടെ അടുത്തേക്ക് ഓടിയ വോക്‌സ് അമ്പയറെ കാര്യം ധരിപ്പിച്ചു. ടൈംഡ് ഔട്ടാവില്ലെന്ന് ഉറപ്പാക്കുകയായിരുന്നു താരം. ഈ കാഴ്ച ആരാധകരിൽ ചിരി പടർത്തി. ഒരു ചെറുപുഞ്ചിരിയോടെ അമ്പയര്‍ക്കരികില്‍ നില്‍ക്കുന്ന വോക്സിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി. മത്സരത്തില്‍ വോക്സ് അര്‍ധ സെഞ്ച്വറി കുറിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അരങ്ങേറിയ ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തിനിടെയായിരുന്നു എയ്ഞ്ചലോ മാത്യൂസിന്‍റെ ദയനീയ പുറത്താകല്‍. ശ്രീലങ്കന്‍ ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തുന്നു. എന്നാൽ, ഹെൽമെറ്റിൽ എന്തോ അസ്വാഭാവികത തോന്നി പുതിയത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. കേടായ ഹെൽമെറ്റുമായായിരുന്നു താരം ക്രീസിലെത്തിയത്. എന്നാൽ, അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെൽമെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്.

സബ്സ്റ്റിറ്റ്യൂട്ട് താരം ഹെൽമെറ്റുമായി എത്താൻ വൈകിയതോടെ അംപയർ ഇടപെട്ടു. പിന്നാലെ ബംഗ്ലാദേശ് 'ടൈം ഔട്ടി'നായി അപ്പീൽ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ പുതിയ ബാറ്റർ ക്രീസിലെത്തേണ്ട നിശ്ചിതസമയമായ രണ്ടു മിനിറ്റും കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് വിളിക്കുന്നു. അംപയറുമായും ബംഗ്ലാ താരങ്ങളുമായും വാക്കുതർക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവന്നു. സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം പുകയുകയാണ്.

TAGS :

Next Story