Quantcast

പൊളിയാതെ കൊളംബിയന്‍ കോട്ട; യുറുഗ്വയെ വീഴ്ത്തി ഫൈനലില്‍

കൊളംബിയന്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്

MediaOne Logo

Web Desk

  • Updated:

    2024-07-11 04:00:16.0

Published:

11 July 2024 2:27 AM GMT

പൊളിയാതെ കൊളംബിയന്‍ കോട്ട; യുറുഗ്വയെ വീഴ്ത്തി ഫൈനലില്‍
X

നോര്‍ത്ത് കരോലിന: കളിയുടെ പകുതിയോളം നേരം പത്താളായി ചുരുങ്ങിയിട്ടും യുറുഗ്വെൻ വെല്ലുവിളി മറികടന്ന് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഹാമിഷ് റോഡ്രിഗ്വസിന്റേയും സംഘത്തിന്റേയും വിജയം. 39ാം മിനിറ്റിൽ ജെഫേഴ്‌സൺ ലർമയാണ് കൊളംബിയക്കായി വലകുലുക്കിയത്. ഹാമിഷ് റോഡ്രിഗ്വസെടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ജെഫേഴ്‌സന്റെ ഗോൾ പിറന്നത്.

ഇതോടെ കോപ്പയില്‍ ഒരു ടൂര്‍ണമെന്‍റില്‍ ഏറ്റവും അധികം അസിസ്റ്റുകൾ നൽകുന്ന താരമെന്ന റെക്കോർഡ് ഹാമിഷ് റോഡ്രിഗ്വസിന്റെ പേരിലായി. ഈ ടൂര്‍ണമെന്‍റില്‍ ആറ് അസിസ്റ്റുകളാണ് റോഡ്രിഗ്വസിന്‍റെ പേരിലുള്ളത്. 2021 കോപ്പയില്‍ അഞ്ച് അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡാണ് റോഡ്രിഗ്വസ് മറികടന്നത്. മത്സരത്തിൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനിയൽ മുനോസാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. യുറുഗ്വന്‍ താരം ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി മുനോസിനെ രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി പുറത്താക്കിയത്.

രണ്ടാം പകുതിയിൽ പത്താളായി ചുരുങ്ങിയ കൊളംബിയൻ ഗോൾമുഖത്തേക്ക് യുറുഗ്വൻ താരങ്ങൾ പലവുരു ഇരച്ചെത്തിയെങ്കിലും ഗോൾവല മാത്രം കുലുങ്ങിയില്ല. 71ാം മിനിറ്റിൽ ലൂയി സുവാരസിന്റെ ഗോളെന്നുറച്ചൊരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അവസാന മിനിറ്റുകളിൽ യുറുഗ്വയുടെ എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ പലതും കൊളംബിയൻ പ്രതിരോധം കോട്ട കെട്ടി തടഞ്ഞു.

മത്സരത്തിൽ 62 ശതമാനം നേരവും പന്ത് കൈവശം വച്ചത് യുറുഗ്വയായിരുന്നു. 11 ഷോട്ടുകൾ കളിയിൽ യുറുഗ്വൻ താരങ്ങൾ ഉതിർത്തപ്പോൾ രണ്ടെണ്ണം മാത്രമാണ് ഓൺ ടാർജറ്റിലെത്തിയത്. കൊളംബിയൻ താരങ്ങൾ ഉതിർത്ത 11 ഷോട്ടുകളിൽ നാലെണ്ണം ഗോൾവലയെ ലക്ഷ്യമാക്കിയെത്തി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കൊളംബിയയുടെ കോപ്പ അമേരിക്ക ഫൈനൽ പ്രവേശം. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.

കളിക്ക് ശേഷം യുറുഗ്വന്‍ താരങ്ങളും കൊളംബിയന്‍ ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന നാടകീയ രംഗങ്ങള്‍ക്കും ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം സാക്ഷിയായി. മാച്ച് ഒഫീഷ്യലുകളെത്തിയാണ് താരങ്ങളെ പിടിച്ച് മാറ്റിയത്.

TAGS :

Next Story