Quantcast

പന്തിനെ കാണാൻ ആശുപത്രിയിലേക്ക് ആരാധകർ ഒഴുകിയെത്തുന്നു; ആശങ്കയറിയിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ

പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം

MediaOne Logo

Web Desk

  • Published:

    1 Jan 2023 5:32 AM GMT

പന്തിനെ കാണാൻ ആശുപത്രിയിലേക്ക്  ആരാധകർ ഒഴുകിയെത്തുന്നു; ആശങ്കയറിയിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ
X

ഡെറാഡൂൺ: കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഉത്തരാഖണ്ഡിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാണാൻ ആരാധകർ ഒഴുകിയെത്തുന്നതിൽ ആശങ്കയറിയിച്ച് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ. ആരാധകരുടെ സന്ദർശനം പന്തിന് അണുബാധക്ക് കാരണമാകുമെന്നും അതുകൊണ്ട് അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ഡിഡിസിഎ ഡയറക്ടർ ശ്യാം ശർമ അറിയിച്ചു.

വിഐപി സന്ദർശനങ്ങളും ഒഴിവാക്കണമെന്നും ശ്യാം ശർമ പറഞ്ഞതായി വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പന്തിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. പന്ത് സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ പന്തിനെ പ്ലാസ്റ്റിക് സർജറിക്കായി ഡൽഹിയിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്തായിരിക്കും ഡൽഹിയിലേക്ക് മാറ്റുകയെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് റിഷഭ് പന്തിപ്പോഴുള്ളത്. വെള്ളിയാഴ്ച രാവിലെയാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് കാർ പൂർണമായും കത്തിനശിച്ചിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ റിഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പന്തിന്റെ മെഴ്സിഡസ് ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം, പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. അപകടത്തിൽ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ പരിക്കില്ലെന്നാണ് എം.ആർ.ഐ സ്‌കാനിങ്ങിൽ വ്യക്തമായത്. അപകടത്തിൽ കണ്ണിനു മുകളിൽ സംഭവിച്ച മുറിവിലും മുതുകിൽ പൊള്ളലേറ്റ മുറിവിലും ഇന്നലെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു.

അപകടത്തിൽ നെറ്റിയിലെ പരിക്കുകൾക്കു പുറമെ വലതു കാൽമുട്ടിന്റെ ലിഗ്മെന്റ് ഇളകിയതായി ഇന്നലെ ബി.സി.സി.ഐ അറിയിച്ചിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലും പരിക്കുമുണ്ട്. നെറ്റിയിൽ രണ്ടിടത്താണ് മുറിവുള്ളത്. വലതു കാൽമുട്ടിലെ ലിഗ്മെന്റ് ഇളകി. വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ടെന്നാണ് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നത്.

നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. താരം അപകടനില തരണം ചെയ്തിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു.

TAGS :

Next Story