കോഹ്ലിയല്ല; പ്ലെയർ ഓഫ് ദ ടൂർണമെന്റിന് അർഹൻ ആ താരം മാത്രമെന്ന് യുവരാജ്
''ഒരു മാച്ച് വിന്നർ എപ്പോഴും ഇന്ത്യയുടെ ബെഞ്ചിലുണ്ടായിരുന്നു''
ഈ ലോകകപ്പിന്റെ താരം ആരാവും. ലോകകപ്പ് കലാശപ്പോരിന് ശേഷം ആരാധകർ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം അതാവും. വിരാട് കോഹ്ലിയടക്കമുള്ള നിരവധി താരങ്ങളുടെ പേരുകൾ ആരാധകർക്കിടയിൽ നിന്ന് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ മുൻ ഇന്ത്യൻ താരവും 2011 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയുമായിരുന്ന യുവരാജ് സിങ്ങിനെ അഭിപ്രായത്തിൽ ഈ ലോകകപ്പിന്റെ താരം മുഹമ്മദ് ഷമിയാണ്.
''ഒരു മാച്ച് വിന്നർ എപ്പോഴും ഇന്ത്യയുടെ ബെഞ്ചിലുണ്ടായിരുന്നു. ഹർദികിന്റെ പരിക്ക് ഒരു അനുഗ്രമായെന്ന് ഞാൻ പറയില്ല. പക്ഷെ ഷമി കളിക്കാനിറങ്ങിയതിന് ശേഷം എല്ലാവരും അയാളുടെ പ്രകടനം കാണാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ഈ ടൂർണമെന്റിൽ ആരെങ്കിലും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് അവന്‍ മാത്രമാണ്''- യുവരാജ് പറഞ്ഞു.
ഈ ലോകകപ്പില്‍ അത്യുഗ്രന്‍ ഫോമിലാണ് ഷമി. ഷമി ചുരുങ്ങിയ മത്സരങ്ങളിൽനിന്ന് ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന താരമായത് കഴിഞ്ഞ മത്സരത്തിലാണ്. വെറും 17 ഇന്നിങ്‌സുകളിൽനിന്നാണ് നേട്ടം. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡ്(19 മത്സരം) ആണ് ഷമി സ്വന്തം പേരിലാക്കിയത്. ഇതോടൊപ്പം മൊത്തം ലോകകപ്പിൽ നാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് താരം ഇന്നലെ സ്വന്തമാക്കിയത്. 57 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി കരിയർ ബെസ്റ്റായ ഏഴു വിക്കറ്റ് നേട്ടം കുറിച്ചത്.
ഇത്തവണ ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനുമാണ് മുഹമ്മദ് ഷമി. വെറും ആറു മത്സരങ്ങളിൽനിന്ന് 23 വിക്കറ്റാണു താരം കൊയ്തത്. ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന ശേഷമാണ് ഷമിയുടെ ഗംഭീര തിരിച്ചുവരവ്. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റു പുറത്തായതാണ് ടീം ഇന്ത്യയ്ക്കും ഷമിക്കും ഒരുപോലെ 'അനുഗ്രഹമാ'യത്.
Adjust Story Font
16