2023 ഐ.പി.എൽ സീസൺ: 600 റൺസ് കടന്ന ആദ്യ ബാറ്ററായി ഫാഫ് ഡുപ്ലെസിസ്
61.50 ശരാശരിയിൽ 154.52 പ്രഹരശേഷിയോടെയാണ് നേട്ടം
Faf Duplessis
2023 ഐ.പി.എൽ സീസണിൽ 600 റൺസ് കടന്ന ആദ്യ ബാറ്ററായി ഫാഫ് ഡുപ്ലെസിസ്. 12 ഇന്നിംഗ്‌സുകളിൽ നിന്ന് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് നായകൻ 615 റൺസാണ് അടിച്ചു കൂട്ടിയിരിക്കുന്നത്. 61.50 ശരാശരിയിൽ 154.52 പ്രഹരശേഷിയോടെയാണ് നേട്ടം. 84 റൺസാണ് ഉയർന്ന സ്‌കോർ. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിൽ താരം 55 റൺസടിച്ച് പുറത്തായി. മലയാളി ബൗളർ കെ.എം ആസിഫിന്റെ പന്തിൽ യശ്വസി ജയ്‌സ്വാൾ പിടിച്ചാണ് നായകൻ പുറത്തായത്.
സീസണിലെ റൺവേട്ടക്കാരിൽ രാജസ്ഥാന്റെ ജയ്‌സ്വാളാണ് രണ്ടാമത്. 575 റൺസാണ് തട്ടുതകർപ്പൻ ബാറ്റർ സ്വന്തം അക്കൗണ്ടിൽ ചേർത്തിട്ടുള്ളത്. 479 റൺസുമായി മുംബൈയുടെ സൂര്യകുമാർ യാദവ്, 475 റൺസുമായി ഗുജറാത്തിന്റെ ശുഭ്മാൻ ഗിൽ, 468 റൺസുമായി സി.എസ്.കെയുടെ കോൺവേ, 438 റൺസുമായി ആർ.സി.ബിയുടെ വിരാട് കോഹ്‌ലി, 408 റൺസുമായി സി.എസ്.കെയുടെ റുതുരാജ് ഗെയ്ക്ക്‌വാദ് എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ 356 റൺസാണ് ഈ സീസണിൽ നേടിയിട്ടുള്ളത്. 150 ഐ.പി.എൽ മത്സരമെന്ന നേട്ടം കൊൽക്കത്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോടെ സഞ്ജു കൈവരിച്ചിരുന്നു. രാജസ്ഥാനായി 3000 റൺസ് നേടിയ ഏകതാരമെന്ന നേട്ടവും വെടിക്കെട്ട് താരത്തിന്റെ പേരിലാണ്. 2810 റൺസ് നേടിയ രഹാനെയാണ് രാജസ്ഥാനായി റണ്ണടിച്ച് കൂട്ടിയ മറ്റൊരു താരം. 2023 ഐ.പി.എൽ സീസണിൽ രാജസ്ഥാനായി മുന്നൂറിലേറെ റൺസ് നേടിയ മൂന്നു ബാറ്റർമാരിൽ ഒരാളാണ് സഞ്ജു. യശ്വസി ജയ്സ്വാളും ജോസ് ബട്ലറുമാണ് മറ്റു രണ്ട് താരങ്ങൾ.
2023 IPL Season: Faf Duplessis becomes first batsman to cross 600 runs
Adjust Story Font
16