അപ്പൊ തുടങ്ങുവല്ലേ...; ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി അഡിഡാസ്
ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
അടുത്ത മാസം മുതൽ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തങ്ങളുടെ പുതിയ ജേഴ്‌സി ടീം ഇന്ത്യ പുറത്തിറക്കി. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്താണ് പ്രധാന മാറ്റം. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട ജേഴ്സിയിലെ ഡ്രീം ഇലവന്‍ എന്നത് ലോകകപ്പില്‍ ഉണ്ടാവില്ല ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിൽ എട്ടിന് ചെന്നൈയിൽ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
'ത്രീ കാ ഡ്രീം' എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. 1983 നും 2011 നും ശേഷം തങ്ങളുടെ ഇന്ത്യൻ ടീം മൂന്നാം ഏകദിന ലോകകപ്പ് നേടുന്നത് കാണാനുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നത്തെ 'ത്രീ കാ ഡ്രീം' സൂചിപ്പിക്കുന്നത്. പുതിയ ജേഴ്‌സി ധരിച്ച് താരങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ എത്തുന്നുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ഹാർദ്ദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് തുടങ്ങിയവരെല്ലാം പുതിയ ജേഴ്‌സിയുടെ തീം സോങ്ങിൽ പ്രത്യക്ഷപ്പെടുന്നു.
ജഴ്‌സിയിൽ ബിസിസിഐ ലോഗോയ്ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. എന്നാൽ ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയെന്നും രണ്ട് നക്ഷത്രങ്ങൾ പോരെന്നും വിമർശനം ഉയർന്നിരുന്നു. ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ട് ലോകകപ്പ് മാത്രമാണ് നേടിയിട്ടുള്ളു എന്നാണ് ഇതിനോട് അഡിഡാസിന്റെ വിശദീകരണം.
ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ
- ഒക്ടോബർ 8ന് ചെന്നൈയിൽ ആസ്ത്രേലിയക്കെതിരെ
- ഒക്ടോബർ 11ന് ഡൽഹിയിൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ
- ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ
- ഒക്ടോബർ 19 ന് പുനെയിൽ ബംഗ്ലാദേശിനെതിരെ
- ഒക്ടോബർ 22-ന് ധർമശാലയിൽ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലെന്റിനെതിരെ
- ഒക്ടോബർ 29-ന് ലക്നൗവ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെതിരെ
- നവംബർ 2-ന് വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ നേരിടും
- നവംബർ 5-ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ
- നവംബർ 12-ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നെതർലാൻഡിനെതിരെ
Adjust Story Font
16