ഏഷ്യാകപ്പ്: അഫ്ഗാനിസ്താനെ പേടിച്ച് ബംഗ്ലാദേശ്; എന്തും സംഭവിക്കും
ടി20 ക്രിക്കറ്റിന്റെ ചേരുവക്ക് ചേർന്നവരാണ് അഫ്ഗാനിസ്താന്‍ സംഘത്തിലെ പതിനൊന്ന് പേരും. ആദ്യ മത്സരത്തിൽ അവരത് തെളിയിക്കുകയും ചെയ്തു.
ദുബൈ: ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അഫ്ഗാനിസ്താന്‍ തോൽപിച്ചെങ്കിലും ആരും ഞെട്ടിയില്ല. കാരണം ഇപ്പോഴത്തെ ശ്രീലങ്കയും അഫ്ഗാനിസ്താനും അങ്ങനെയാണ്. പ്രത്യേകിച്ച് അഫ്ഗാനിസ്താൻ. ടി20 ക്രിക്കറ്റിന്റെ ചേരുവക്ക് ചേർന്നവരാണ് ആ സംഘത്തിലെ പതിനൊന്ന് പേരും. ആദ്യ മത്സരത്തിൽ അവരത് തെളിയിക്കുകയും ചെയ്തു.
രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുമ്പോൾ അഫ്ഗാന് തെല്ലും ഭയമില്ല. എന്നാൽ ബംഗ്ലാദേശ് ക്യാമ്പിൽ കാര്യങ്ങൾ പന്തിയല്ല. പേടിയോടെയാണ് അവർ മത്സരത്തെ കാണുന്നത്. സമീപകാലത്ത് ബംഗ്ലാദേശ് ബാറ്റിങ് നിര, നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ അട്ടിമറിക്ക് കോപ്പ് കൂട്ടുന്നവരാണ് ബംഗ്ലാദേശുകാരും. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ബംഗ്ലാദേശും കത്തിക്കയറും. അതിനാല്‍ നാളത്തെ മത്സരഫലം പ്രവചിക്കുക അസാധ്യമാകും. അതേസമയം ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താന്‍ ജയിച്ചതിനാൽ രണ്ടാം മത്സരവും ജയിച്ച് ഗ്രൂപ്പ് ബിയിൽ നിന്ന് സെമി പ്രവേശമാണ് അവർ ആഗ്രഹിക്കുന്നത്.
എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ തകർത്തുവിട്ടത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ ഒരുനിലക്കും നിലയുറപ്പിക്കാൻ അഫ്ഗാനിസ്താൻ അനുവദിച്ചില്ല. 19.4 ഓവറിൽ എ്ല്ലാവരും കൂടാരം കയറി. വെറും അഞ്ച് റൺസ് എടുക്കുന്നതിനിടെ മൂന്ന് ലങ്കൻ ബാറ്റർമാർ കളം വിട്ടിരുന്നു. അവിടം മുതൽ ലങ്ക തകരുകയായി. പത്താമനും ക്രീസ് വിടുമ്പോൾ ലങ്കൻ സ്‌കോർബോർഡിൽ വന്നത് 105 റൺസ് മാത്രം. സ്പിന്നർമാരാണ് ലങ്കയെ തള്ളിയിട്ടത്. ഫാസ്റ്റ് ബൗൾ ഫസലുള്ള ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്പിന്നർമാരായ മുജീബും നബിയുമാണ് ശ്രീലങ്കയെ നടുവൊടിച്ചത്. റാഷിദ് ഖാന് വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നാല് ഓവറിൽ വിട്ടുകൊടുത്തത് വെറും 12 റൺസ് മാത്രം.
മറുപടി ബാറ്റിങിൽ ഓപ്പണർമാരായ ഹസറത്തുള്ള സാസായിയും റഹ്‌മാനുള്ള ഗുർബാസും ടീമിന്റെ വിധിയെഴുതി. 83 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ തന്നെ എഴുതിച്ചേർത്തത്. ലങ്കയുടെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്താൻ മറികടക്കുമ്പോൾ പത്ത് ഓവർ ഇനിയും ബാക്കിയുണ്ടായിരുന്നു. നാളെ ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് മത്സരം ആരംഭിക്കും.
Adjust Story Font
16